മൂന്നാറില്‍ കുറേയധികം കറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ ടെന്റ് ക്യാമ്പിംഗ്, ട്രെക്കിംഗ് ഒന്നും ഞാന്‍ ചെയ്തിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് സുഹൃത്തായ ഡെറിന്‍ മുഖേന മൂന്നാറില്‍ നിന്നും 25 കിലോമീറ്ററോളം ദൂരത്തായുള്ള എല്ലപ്പെട്ടി എന്ന അതിര്‍ത്തിഗ്രാമത്തിലെ ടെന്റ് ക്യാമ്പിംഗ് ആയ ക്യാമ്പ് ഫൂട്ട് പ്രിന്റിനെക്കുറിച്ച് അറിയുന്നത്. ഡെറിന്‍ ആണ് ഈ പരിപാടി ഫുള്‍ പ്ലാന്‍ ചെയ്യുന്നത്. അങ്ങനെ പ്ലാന്‍ ചെയ്ത പ്രകാരം അന്നേദിവസം ഞാനും സുഹൃത്തായ പ്രശാന്തും കൂടി മൂന്നാര്‍ കറങ്ങി ഈ പറഞ്ഞ എല്ലപ്പെട്ടിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഞങ്ങളെക്കാത്ത് ഡെറിനും ക്യാമ്പിലെ ജീവനക്കാരും ജീപ്പുമായി നില്‍പ്പുണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്തശേഷം ക്യാമറ, അനുബന്ധ ഉപകരണങ്ങള്‍, ഡ്രസ്സ്‌ മുതലായ ലഗേജുകള്‍ അവരുടെ ജീപ്പില്‍ കയറ്റി.

ഏകദേശം 3-4 കി.മീ. മല കയറണം ഈ ക്യാമ്പില്‍ എത്തിച്ചേരുവാന്‍. സാധാരണയായി ലഗേജുകള്‍ മാത്രമേ ജീപ്പില്‍ കൊണ്ടുപോകുകയുള്ളൂ. സഞ്ചാരികള്‍ ട്രെക്ക് ചെയ്തുവേണം അവിടേക്ക് എത്തിച്ചേരുവാന്‍. ഞങ്ങള്‍ക്ക് വിശദമായ വീഡിയോ ചെയ്യേണ്ടതിനാല്‍ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഞങ്ങളെയും ജീപ്പില്‍ കയറ്റി. ആദ്യം വീടുകള്‍ക്കും തോട്ടങ്ങള്‍ക്കും ഇടയിലൂടെയാണ് ജീപ്പ് യാത്രാ ആരംഭിച്ചത്. നല്ല ഒന്നാന്തരം ഓഫ് റോഡ്‌ യാത്രയായിരുന്നു പിന്നീട്. ജീപ്പ് ഡ്രൈവര്‍ വിനോദേട്ടന്‍ അതിസാഹസികമായാണ് ഡ്രൈവ് ചെയ്തിരുന്നത്. ചില സമയങ്ങളില്‍ ജീപ്പ് മൊത്തം ആടിയുലഞ്ഞപ്പോള്‍ ഞങ്ങള്‍ പേടിച്ചുവിറയ്ക്കുകയായിരുന്നു.കൊടുംകാട്ടിലൂടെ കുറച്ചുദൂരം ചെന്നപ്പോള്‍ ജീപ്പ് ഒരു വളവില്‍ എത്തിച്ചേര്‍ന്നു. അവിടം കേരള – തമിഴ്നാട് അതിര്‍ത്തിയാണെന്ന് വിനോദേട്ടന്‍ പറഞ്ഞുതന്നു.പിന്നീട് അങ്ങോട്ട്‌ നല്ല മുട്ടന്‍ കയറ്റമായിരുന്നു. ഇടതുവശത്ത് അഗാധമായ കൊക്ക… വഴിയാണെങ്കില്‍ കുണ്ടുംകുഴിയും… അതിലൂടെ ആടിയുലഞ്ഞ് ഞങ്ങളുടെ ജീപ്പും… പിന്നീടുള്ള പത്തു മിനിറ്റ് യാത്രയ്ക്കുശേഷം ഞങ്ങള്‍ മലമുകളിലുള്ള ക്യാമ്പില്‍ എത്തിച്ചേര്‍ന്നു. ക്യാമ്പ് ഫൂട്ട് പ്രിന്‍റ് എന്നാണു ഈ ക്യാംപിന്‍റെ പേര്.

നല്ല കിടിലന്‍ അന്തരീക്ഷമായിരുന്നു അവിടെ. ഞങ്ങള്‍ അവിടെ എത്തിയതോടെ നല്ല കോടമഞ്ഞും ഒപ്പം പരന്നു. ജീപ്പില്‍ നിന്നും ഞങ്ങളുടെ ലഗേജുകള്‍ ടെന്റിലേക്ക് മാറ്റി. ഡെറിന്‍ അവിടത്തെ എല്ലാ വിശേഷങ്ങളും ഞങ്ങളോട് വിശദമായി പറഞ്ഞുതന്നു. സത്യത്തില്‍ അതൊരു മായാലോകം തന്നെയായിരുന്നു. BSNL നു മാത്രമേ അവിടെ കവറേജ് ഉള്ളൂ. പിന്നെ കിട്ടുന്നത് റിലയന്‍സ് ജിയോയാണ്. ഈ ക്യാമ്പ് സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലാണ്. എന്നാല്‍ കുറച്ചു മീറ്ററുകള്‍ക്കപ്പുറം നടന്നാല്‍ കേരളമാകും. നേരം ഇരുട്ടിയപ്പോഴേക്കും കുറ്റിപ്പുറം MES കോളേജില്‍ നിന്നുള്ള പിള്ളേര്‍സെറ്റ്‌ അവിടെയെത്തിച്ചേര്‍ന്നു. അവര്‍ 35 പേരുണ്ടായിരുന്നു. അവരും കൂടി വന്നതോടെ കാമ്പ് അക്ഷരാര്‍ത്ഥത്തില്‍ നല്ല ജോളി മൂഡിലായി മാറി. എല്ലാവരും ചായയൊക്കെ കുടിച്ച ശേഷം ക്യാംപ് ഫയര്‍ ആരംഭിച്ചു. തീയ്ക്കു ചുറ്റും പിള്ളേരുടെ പാട്ടും ഡാന്‍സും ഒക്കെയായി സമയം പോയത് അറിഞ്ഞേയില്ല. ഇതിനിടയില്‍ അവിടം നല്ലരീതിയില്‍ തണുപ്പ് പരന്നിരുന്നു.

പിള്ളേര്‍ സെറ്റിന്‍റെ കളികള്‍ തകൃതിയായി നടക്കുന്നതിനിടെ ഞങ്ങള്‍ ഡിന്നര്‍ കഴിക്കുന്നതിനായി കിച്ചണിന്‍റെ അടുത്തേക്ക് പോയി. അവിടത്തെ ജോലിക്കാരെ ഞങ്ങള്‍ വന്നപ്പോള്‍ത്തന്നെ പരിചയപ്പെട്ടിരുന്നു. എല്ലാവരും നല്ല കമ്പനിയായിരുന്നു. ഡിന്നറിനു ചപ്പാത്തി, ചിക്കന്‍ കറി, വെജിറ്റബിള്‍ഉദിച്ചുയര്‍ന്നു. കറി, പച്ചരിച്ചോറ്, പരിപ്പുകറി എന്നിവയായിരുന്നു. തണുത്ത അന്തരീക്ഷത്തില്‍ ചൂടേറിയ.. സ്വാദേറിയ ഡിന്നര്‍ ഞങ്ങള്‍ ആസ്വദിച്ചു കഴിച്ചു. കുറച്ചുസമയംകൂടി കഥയൊക്കെ പറഞ്ഞിരുന്നശേഷം ഞങ്ങള്‍ ഉറങ്ങുവാനായി ടെന്റിലേക്ക് പോയി.

പിറ്റേദിവസം അതിരാവിലെ അഞ്ചരയ്ക്ക് ഞങ്ങള്‍ എഴുന്നേറ്റു. ടെന്റിനു മുന്നില്‍ നിന്നാല്‍ അങ്ങകലെ സൂര്യോദയം നല്ല സുന്ദരമായിത്തന്നെ കാണാമായിരുന്നു. ഉണര്‍ന്നപ്പോള്‍ത്തന്നെ കിഴക്ക് ചക്രവാളം ഓറഞ്ചുനിറത്തില്‍ പരന്നിരുന്നു. കൃത്യം ആറരയോടെ സൂര്യന്‍ ഉദിച്ചുയര്‍ന്നു. സൂര്യോദയം ഞങ്ങളും കോളേജ് പിള്ളേരും നന്നായി ആസ്വദിച്ചു. കുറച്ചുസമയം പിള്ളേരുമായി ആര്‍മ്മാദിച്ചശേഷം ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കുവാനായി നീങ്ങി. നല്ല ചൂടുള്ള പൂരിയും കറിയും. ഒപ്പം മുട്ട പുഴുങ്ങിയതും. ആഹാ… എന്താ സ്വാദ്…

പ്രഭാതഭക്ഷണത്തിനുശേഷം ഞങ്ങള്‍ തിരികെപ്പോകുവാന്‍ ഒരുക്കം തുടങ്ങി. ലഗേജുകള്‍ എല്ലാം റെഡിയാക്കിയശേഷം ജീപ്പില്‍ കൊണ്ടുപോയി വെച്ചു. എല്ലാവരോടും യാത്രപറഞ്ഞശേഷം ജീപ്പില്‍ ഞങ്ങള്‍ മലയിറങ്ങുവാന്‍ ആരംഭിച്ചു. കഴിഞ്ഞ ഒരു ദിവസം തന്ന അനുഭവങ്ങള്‍ ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍ പറ്റുന്നതായിരുന്നു. തിരക്കൊക്കെ ഒഴിഞ്ഞശേഷം ഇനിയും ഇവിടേക്ക് വരണം… അത്രയ്ക്കുണ്ട് ഇവിടത്തെ ക്യാമ്പ് അനുഭവങ്ങള്‍…

മൂന്നാർ യെല്ലപ്പട്ടിയിൽ ഒരു ദിവസത്തെ ടെന്റ് ക്യാമ്പിംഗ്, ട്രെക്കിംഗ് & ക്യാംപ് ഫയർ, ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 2500 രൂപ മുതൽ. ബുക്കിംഗിനായി വിളിക്കാം: 9633996929.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.