വിമാനങ്ങളെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലല്ലോ അല്ലെ? ഇന്ന് മിക്കയാളുകളും ഒരു തവണയെങ്കിലും വിമാനത്തിൽ കയറിയിട്ടുണ്ടാകും. കയറിയിട്ടില്ലെങ്കിൽ ഇനി ഒന്നു കയറുവാൻ ശ്രമിക്കുക. പണ്ടൊക്കെ വിദേശങ്ങളിലേക്ക് പോകുന്നതിനായിരുന്നു പ്രധാനമായും നമ്മൾ വിമാന സർവ്വീസുകളെ ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാലം മാറി.കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും ഒക്കെ ആളുകൾ വിമാനമാർഗ്ഗം സഞ്ചരിക്കുവാൻ തുടങ്ങി.

അപ്പോൾ പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും കുറഞ്ഞ സമയം സഞ്ചരിക്കുന്ന വിമാന റൂട്ടിനെക്കുറിച്ചാണ്. ഒരുപക്ഷെ നിങ്ങളാരും ഈ റൂട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടാകില്ല. സംഭവം നമ്മുടെ രാജ്യതൊന്നുമല്ല, അങ്ങ് സ്‌കോട്ട്ലൻഡിലാണ് ലോകത്തിലെ ഏറ്റവും കുറവ് ദൂരം സഞ്ചരിക്കുന്ന, ഏറ്റവും കുറഞ്ഞ സമയമെടുക്കുന്ന വിമാന സർവ്വീസ്.

സ്‌കോട്ലാൻഡിലെ പ്രാദേശിക എയർലൈനായ ലോഗൻ എയർ ആണ് ഇത്തരത്തിൽ കുഞ്ഞൻ സർവ്വീസ് നടത്തി ശ്രദ്ധേയമായിരിക്കുന്നത്. വെസ്‌ട്രേ, പാപ്പാ വെസ്‌ട്രേ എന്നീ ദ്വീപുകൾക്കിടയിലാണ് ഈ കുഞ്ഞൻ സർവ്വീസ്. രണ്ടു മിനിറ്റിൽ താഴെ മാത്രമാണ് ഈ വിമാന സർവ്വീസിനുള്ളത്. ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ റെക്കോർഡ് സമയം 53 സെക്കൻഡുകൾ ആണ്. അതായത് വെസ്‌ട്രേയിൽ നിന്നും പൊങ്ങിയ വിമാനം പാപ്പാ വെസ്‌ട്രേയിൽ ലാൻഡ് ചെയ്യുവാനെടുത്ത സമയം വെറും 53 സെക്കൻഡുകൾ ആണെന്ന്. എന്താല്ലേ?

1967 ലാണ് ഈ രണ്ടു ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വിമാന സർവ്വീസ് ആരംഭിക്കുന്നത്. അന്നു മുതൽ ഇന്നോളം ലോഗൻ എയർ വിമാനം മാത്രമാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നതും. ശനി, ഞായർ ദിവസങ്ങൾ ഒഴികെ ഈ റൂട്ടിൽ ഇരു ഭാഗത്തേക്കും സർവ്വീസുകൾ ലഭ്യമാണ്. ശനിയാഴ്ച ദിവസങ്ങളിൽ ഈ വിമാനം വെസ്‌ട്രേയിൽ നിന്നും പാപ്പാ വെസ്ട്രേയിലേക്ക് മാത്രവും ഞായറാഴ്ചകളിൽ പാപ്പാ വെസ്‌ട്രേയിൽ നിന്നും വെസ്ട്രേയിലേക്ക് മാത്രവുമായിരിക്കും (ഒരു ദിശയിൽ മാത്രം) സർവ്വീസ് നടത്തുക.

ഈ രണ്ടു എയർപോർട്ടുകൾ തമ്മിലുള്ള ദൂരം വെറും 2.7 കിലോമീറ്റർ മാത്രമാണ്. അതായത് സ്‌കോട്ട്ലാൻഡിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടായ Edinburgh Airport ൻ്റെ റൺവേയുടെ ദൂരം. വളരെ കൗതുകം തോന്നുന്നുണ്ടല്ലേ? കടലിനാൽ ചുറ്റപ്പെട്ട ദ്വീപുകളായതിനാൽ ഇവിടേക്ക് എളുപ്പമെത്തുവാൻ വിമാനമാർഗ്ഗം തന്നെയാണ് ഏറ്റവും ഫലപ്രദമായ വഴി.

60 ഓളം പുരാവസ്തു കേന്ദ്രങ്ങൾ ഉള്ളതിനാൽ പാപ്പാ വെസ്ട്രയിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് ഈ വിമാന സർവ്വീസുകൾ ഏറ്റവും കൂടുതൽ ഉപയോഗപ്രദമായിട്ടുള്ളത്. ഇതുകൂടാതെ ദ്വീപ് നിവാസികൾക്കായുള്ള വൈദ്യ സഹായത്തിനും പിന്നെ ടൂറിസ്റ്റുകളും ഈ സർവ്വീസ് ഉപയോഗിക്കുന്നുണ്ട്.

എട്ടു യാത്രക്കാർക്കു മാത്രം ഒരേസമയം സഞ്ചരിക്കാവുന്ന ചെറിയ വിമാനങ്ങളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. വിമാനത്തിൽ ഒരു പൈലറ്റ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ റൂട്ടിൽ യാത്ര ചെയ്യുന്നതിനായുള്ള വിമാന ചാർജ്ജ് ഏകദേശം 1500 -1600 രൂപയാണ്. ഓൺലൈനായി വിവിധ ബുക്കിംഗ് സൈറ്റുകളിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും ചെയ്യാം. പക്ഷേ ഈ റൂട്ടിലെ ടിക്കറ്റുകൾ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അത്രയ്ക്കുണ്ട് ഈ കുഞ്ഞൻ റൂട്ടിൻ്റെ ഡിമാൻഡ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.