ഏറ്റവും ചെലവുകുറഞ്ഞതും എന്നാൽ അത്യാവശ്യം വേഗതയുള്ളതുമായ ഗതാഗത മാർഗ്ഗമാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ ദീർഘദൂര ബസ് യാത്രകളേക്കാൾ സുരക്ഷിതമല്ല ട്രെയിൻ യാത്രകൾ എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിച്ചു തരാം.

നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുവാനെടുക്കുന്ന ദൂരവും സമയവും അനുസരിച്ച് നിങ്ങൾക്ക് അനുയോജ്യമായ കോച്ച് വേണം തിരഞ്ഞെടുക്കുവാൻ. ഉദാഹരണത്തിന് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോകുവാൻ സാധാരണ ജനറൽ കോച്ചിൽ ആയാലും വലിയ കുഴപ്പമൊന്നുമില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ പൊതുവെ കേരളത്തിലെ ട്രെയിൻ യാത്രകൾ സുരക്ഷിതമാണു താനും.

എന്നാൽ കേരളത്തിനു വെളിയിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ കുറഞ്ഞത് സ്ലീപ്പർ കോച്ചെങ്കിലും യാത്രയ്ക്കായി തിരഞ്ഞെടുക്കണം. നോർത്ത് ഇന്ത്യയിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ സ്ലീപ്പർ കോച്ച് പോലും ജനറൽ കോച്ചിനു സമാനമാക്കും അവിടത്തെ യാത്രക്കാർ.

ട്രെയിൻ യാത്രകൾക്കിടയിൽ പരമാവധി ലഗേജുകൾ കുറയ്ക്കുവാൻ ശ്രമിക്കുക. വിലപിടിപ്പുള്ള സാധനങ്ങൾ ഭദ്രമായി ലോക്ക് ചെയ്തു വെക്കുകയും വേണം. പണം സൂക്ഷിക്കുവാനായി പോക്കറ്റിലെ പഴ്‌സിനേക്കാൾ നല്ലത് ബെൽറ്റ് പോലെ അരയ്ക്ക് ചുറ്റും ധരിക്കുന്ന മണി പൗച്ച് ആണ്.ട്രെയിൻ യാത്രകൾക്കിടയിൽ ചിലപ്പോൾ കള്ളന്മാരുടെ കണ്ണുകൾ നിങ്ങളുടെ മേലാകാം. അതിനാൽ പരിസരം മറന്നു ഉറങ്ങാതിരിക്കുക. ലഗേജുകളിലും ഒരു ശ്രദ്ധ വേണം. പ്രത്യേകിച്ച് നിങ്ങളുടെ യാത്ര ഒറ്റയ്ക്കാണെങ്കിൽ.

ദീർഘദൂര യാത്രകളിൽ ബോറടി മാറ്റുവാൻ പരിചയമില്ലാത്ത സഹയാത്രികരോട് സംസാരിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ ഒരിക്കലും ആരെയും വിശ്വസിക്കുവാൻ പാടില്ല. ഭക്ഷണ സാധനങ്ങളോ വെള്ളമോ ആരിൽ നിന്നും സ്വീകരിക്കുവാൻ പാടില്ല. നിങ്ങൾക്ക് ആവശ്യമായ ലഘു ഭക്ഷണങ്ങളും വെള്ളവുമൊക്കെ കൂടെ കരുതുക. അല്ലെങ്കിൽ ട്രെയിനുകളിൽ വിൽക്കാൻ വരുന്നവരിൽ നിന്നും വാങ്ങുക. ഇങ്ങനെ വാങ്ങുന്ന വെള്ളത്തിന് പ്രത്യേകിച്ച് ഗ്യാരണ്ടി ഒന്നുമില്ല കേട്ടോ. പിന്നെ ദാഹമടക്കാൻ വേറെ മാർഗ്ഗമില്ലാതാകുമ്പോൾ ചെളിവെള്ളമായാലും നമ്മൾ കുടിച്ചുപോകും.

അതുപോലെ തന്നെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. എന്തെന്നാൽ സഹയാത്രികർ നിങ്ങളുടെ കയ്യിൽ നിന്നും വെള്ളം കുടിക്കാനായി വാങ്ങുകയാണെങ്കിൽ അവർ അത് വാങ്ങി തിരികെ തരുന്നതുവരെ ശ്രദ്ധയോടെ വീക്ഷിക്കുക. വെള്ളം കുടിക്കാൻ കൊടുത്തിട്ട് നമ്മുടെ ശ്രദ്ധ തെറ്റിയാൽ ചിലപ്പോൾ ആ വെള്ളത്തിൽ മയക്കുമരുന്ന് ചേർക്കുവാനുള്ള സാധ്യതകളുണ്ട്. ടീമായി കയറുന്ന കള്ളന്മാരിൽ ഒരാൾ വെള്ളം വാങ്ങുമ്പോൾ കൂടെയുള്ളയാൾ നമ്മുടെ ശ്രദ്ധ തിരിക്കുവാൻ ശ്രമിക്കും. ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണിത്. എന്നുവെച്ച് ദാഹിക്കുന്നവർക്ക് വെള്ളം കൊടുക്കേണ്ട എന്നല്ല. കൊടുക്കുകയാണെങ്കിൽ ഈ കാര്യം ഒന്നു ശ്രദ്ധിക്കുക.

മദ്യപിക്കുന്ന ശീലമുള്ളവർ ഒരിക്കലും ട്രെയിൻ യാത്രയ്ക്കിടയിൽ ആ സാധനം ഉപയോഗിക്കുവാനേ പാടില്ല. പണി പല വഴിയിൽക്കൂടി വരും. അതുപോലെ തന്നെ സഹയാത്രികർ കമ്പനി കൂടാൻ വിളിച്ചാലും സ്നേഹപൂർവ്വം നിരസിക്കുക. എന്തിനാണ് വെറുതെ ഇല്ലാത്ത വയ്യാവേലി എടുത്ത് തലയിൽ വെക്കുന്നത്.

കൂടുതൽ സുരക്ഷിതമാണെന്നു വിചാരിച്ച് സ്ത്രീകൾ വനിതാ കമ്പാർട്ട്മെന്റ് തിരഞ്ഞെടുക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. വനിതാ കമ്പാർട്ട്മെന്റിനെക്കാളും കൂടുതൽ സുരക്ഷിതമായത് സാധാരണ കോച്ചുകൾ തന്നെയാണ്. ഇതൊക്കെ കേട്ടിട്ട് ട്രെയിനിൽ യാത്ര ചെയ്യുവാൻ പേടിയൊന്നും വിചാരിക്കേണ്ട. നിങ്ങൾ കുറച്ചുകൂടി ജാഗ്രത പുലർത്തുവാനാണ് ഈ കാര്യങ്ങളെല്ലാം പറഞ്ഞുതന്നത്.

ട്രെയിൻ യാത്രകൾ തുടങ്ങുന്നതിനു മുൻപേ അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്ന റെയിൽവേ ഫോൺ നമ്പറുകൾ, എമർജൻസി നമ്പറുകൾ എന്നിവ കുറിച്ചു വെക്കുക. യാത്രയ്ക്കിടയിൽ സംശയാസ്പദമായി എന്തെങ്കിലും കാണുകയോ അനുഭവിക്കുകയോ ചെയ്‌താൽ ഉടനെ റെയിൽവേ പോലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയിലെവിടെയും നിങ്ങൾക്ക് 182 എന്ന ടോൾഫ്രീ നമ്പറിൽ റെയിൽവേ പോലീസിനെ വിളിക്കാം.

ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാൻ ഒരു ഓർമ്മപ്പെടുത്തൽ: കേരള റെയിൽവേ പൊലീസിന് വേണ്ടി സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. എല്ലാവരും ജാഗ്രതയോടെ യാത്ര ചെയ്യുക.. ഹാപ്പി ജേർണി..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.