‘ട്രാവൽ വിത്ത് വ്ലോഗേഴ്‌സ്’ എന്ന സീരീസിന്റെ നാലാമത്തെ എപ്പിസോഡ് പ്രശസ്തമായ Avi Vlogz ൻ്റെ കൂടെയായിരുന്നു. അവിനാശ് എന്ന ചെട്ടികുളങ്ങര സ്വദേശിയാണ് Avi Vlogz എന്ന ചാനൽ നടത്തുന്നത്. ഹോണ്ട ഡിയോ സ്‌കൂട്ടറുമായി ഇന്ത്യ മുഴുവൻ കറങ്ങിയതോടെയാണ് അവിനാശ് പ്രശസ്തനാകുന്നത്. ഏകദേശം അഞ്ചു മാസത്തോളം എടുത്താണ് അവിനാശ് തൻ്റെ സ്‌കൂട്ടറുമായി ഇന്ത്യ ചുറ്റിത്തിരിഞ്ഞു തിരിച്ചെത്തിയത്.
വളരെ താഴ്ന്ന ഒരു ചുറ്റുപാടിൽ നിന്നും വളർന്നു വന്ന ചരിത്രമാണ് അവിനാഷിന്റെത്. മരപ്പലക കൊണ്ട് നിർമ്മിച്ച വീട്ടിലാണ് ഇന്നും അവിനാശ് താമസിക്കുന്നത്. അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് അവിനാശിന്റെ കുടുംബം. കഷ്ടപ്പാട് നിറഞ്ഞ ജീവിതം കരയ്ക്കു കയറ്റുവാൻ, സ്വന്തം കുടുംബത്തെ നോക്കാനായി യൂട്യൂബ് കരിയർ ആയി തെരഞ്ഞെടുത്തയാളാണ് അവിനാശ്.
നല്ലൊരു വീട് ഇല്ലാത്തവർക്കായി സർക്കാർ ഭവന പദ്ധതികൾ നിലവിലുണ്ടെങ്കിലും, അവിനാശിന് നല്ലൊരു ഒരു വീട് എന്നത് ആരും യാഥാർഥ്യമാക്കി കൊടുത്തില്ല എന്നതാണ് സത്യം. അർഹതപ്പെട്ട സഹായങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണ് എന്ന് നിരാശയോടെ മനസ്സിലാക്കിയപ്പോൾ സ്വപ്രയത്നത്താൽ വീട് വെക്കണം എന്ന ആഗ്രഹവുമായാണ് അവിനാശ് വ്ലോഗിങ് രംഗത്തേക്ക് കടന്നു വന്നത്.
അവിനാശിന്റെ വീട്ടിൽ കുടുംബാംഗങ്ങളെ കൂടാതെ പൂച്ചയും പട്ടിയുമൊക്കെ ഉണ്ട്. വളർത്തു മൃഗങ്ങളോട് അവിനാശിന് വല്ലാത്തൊരു ആത്മബന്ധമാണ് ഉള്ളത്. അവിനാശിന്റെ ഓമനയായ പേർഷ്യൻ ക്യാറ്റിനെ കണ്ടാൽ ആരും ഒന്നമ്പരന്നു പോകും. കൂടാതെ ചെറിയ രീതിയിലുള്ള മീൻ വളർത്തലും ഉണ്ട്.
ഐടിഐ പഠനത്തിനു ശേഷം അവിനാശ് ഒരു ഷോപ്പിൽ ജോലിയ്ക്ക് നിൽക്കുകയായിരുന്നു. അതിനിടെയാണ് യൂട്യൂബ് വീഡിയോകൾ ചെയ്യുവാൻ ആരംഭിച്ചത്. പൂച്ചയേയും, ഗപ്പി മീനുകളെയും വളർത്തുന്നതിനെക്കുറിച്ചും, അവയെ എങ്ങനെ പരിപാലിക്കാം എന്നുമൊക്കെ ആയിരുന്നു അവിനാശ് ആദ്യകാലങ്ങളിൽ ചെയ്ത വീഡിയോകൾ. ഈ വീഡിയോകൾ പെട്ടെന്ന് വൈറലാകുകയും, Avi Vlogz ചാനലിന് ഫോളോവേഴ്സ് എളുപ്പത്തിൽ വർദ്ധിക്കുകയും ചെയ്തു.
അതിനു ശേഷം നേപ്പാളിലേക്ക് ഹിച്ച് ഹൈക്കിംഗ് നടത്തി അവിനാശ് തൻ്റെ യാത്രാസ്വപ്നങ്ങൾക്ക് തിരികൊളുത്തി. അങ്ങനെയാണ് അവിനാശ് തൻ്റെ ഹോണ്ട ഡിയോ സ്‌കൂട്ടറുമായി ഇന്ത്യ മുഴുവനും കറങ്ങുവാനായി പോകുന്നത്. ഈ യാത്രയോടെയാണ് അവിനാശും Avi Vlogz ചാനലും കൂടുതൽ ജനപ്രിയമായി ഹിറ്റ് ആകുന്നത്.
ഇന്ത്യ മുഴുവനും ചുറ്റിയെങ്കിലും, കേരളത്തിൽ ഇനിയും ധാരാളം സ്ഥലങ്ങൾ കാണുവാനുണ്ടെന്നു അവിനാശ് പറയുന്നു. കുറച്ചു നാളുകൾക്കു ശേഷം കേരളത്തിൽ നിന്നും സിംഗപ്പൂരിലേക്ക് സൈക്കിളിലോ, സ്‌കൂട്ടറിലോ പോകണം എന്നാണു അവിനാഷിന്റെ ആഗ്രഹം. ഇതൊന്നുമല്ല, ഒരു നല്ല വീട് വെക്കുക എന്നതാണ് അവിനാശിന്റെ പ്രധാനപ്പെട്ട ലക്‌ഷ്യം. ആ സ്വപ്നം അധികം വൈകാതെ സാക്ഷാത്കരിക്കണം എന്നാണ് തൻ്റെ ആഗ്രഹമെന്ന് അവിനാശ് പറയുമ്പോൾ കണ്ണിൽ പ്രതീക്ഷയുടെ നാളങ്ങൾ ദൃശ്യമായിരുന്നു.
അവിനാശിന് ഒരു വീട് വെക്കുവാൻ നമ്മൾ എല്ലാവരും കൂടി വിചാരിച്ചാൽ നടക്കാവുന്നതേയുള്ളു. അതിനായി നിങ്ങളുടെ വിലയേറിയ
അഭിപ്രായങ്ങൾ ഷെയർ ചെയ്യൂ. അവിയെ നേരിട്ട് ബന്ധപ്പെടുവാൻ: 6282859319.