‘ട്രാവൽ വിത്ത് യൂട്യൂബേഴ്‌സ്’ എന്ന സീരീസിൽ മൂന്നാമതായി ഞാൻ പോയത് കേരളത്തിലെ പ്രമുഖ യൂട്യൂബ് ചാനലായ M4Tech ൻ്റെ അമരക്കാരായ ജിയോ ജോസഫിന്റെയും ക്യാമറാ മച്ചാൻ പ്രവീണിന്റെയും അടുത്തേക്ക് ആയിരുന്നു. M4Tech നെക്കുറിച്ച് നിങ്ങൾക്ക് ഞാൻ അധികമൊന്നും പറഞ്ഞു തരേണ്ട കാര്യമില്ലെന്നറിയാം. കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്‌സ് ഉള്ള Individual വ്‌ളോഗിംഗ് ചാനലാണ് M4 Tech. എന്നാലും കുറച്ചു വിശേഷങ്ങൾ ഞാൻ പങ്കുവെക്കാം.
തൃശ്ശൂർ ജില്ലയിലെ പൊയ്യ സ്വദേശികളായ ജിയോ ജോസഫിന്റെയും പ്രവീണിന്റെയും മനസ്സിൽ തോന്നിയ ഒരാശയമാണ് ഇന്ന് M4Tech എന്ന പേരിൽ പ്രശസ്തമായിരിക്കുന്നത്. പോളിടെക്നിക് കോഴ്‌സിനു ശേഷം ജിയോ ഖത്തറിൽ ജോലി ചെയ്യുന്ന സമയത്താണ് നാട്ടിൽ പ്രവീൺ യൂട്യൂബ് ചാനൽ തുടങ്ങുന്നത്. മനസ്സിൽ തോന്നിയ ഒരു പേര് ചാനലിനു നൽകുകയും ചെയ്തു – ‘M4Tech.’
2017 മുതലാണ് M4Tech ൽ വീഡിയോകൾ വന്നു തുടങ്ങിയത്. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ ചെയ്ത വീഡിയോകൾ ഹിറ്റായതോടെ ഖത്തറിലെ ജോലി രാജിവെച്ചുകൊണ്ട് ജിയോ നാട്ടിലെത്തുകയും ചാനൽ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കുന്നതിനായ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
വ്യത്യസ്തവും കൗതുകകരവുമായ വീഡിയോകൾ ചാനലിൽ പബ്ലിഷ് ചെയ്തതോടെ M4Tech നു ആരാധകരേറി. അതിനൊപ്പം തന്നെ വരുമാനവും വർദ്ധിച്ചു. നാട്ടിൻപുറത്തെ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ജിയോയും പ്രവീണും തങ്ങളുടെ സ്വപ്നങ്ങളെല്ലാം ചാനലിൽ നിന്നുള്ള വരുമാനത്താൽ സഫലമാക്കുവാൻ തുടങ്ങി. ചാനലിൽ നിന്നുള്ള വരുമാനം കൊണ്ട് ജിയോ ഒരു പുതിയ വീട് വെയ്ക്കുകയും, പ്രവീൺ പാതിവഴിയിൽ മുടങ്ങിയ പഠനം തുടരുകയും ചെയ്തു.
ചാനൽ ഹിറ്റായതോടെ വമ്പൻ കമ്പനികൾ, അവരുടെ ഉൽപ്പന്നങ്ങളുടെ പ്രൊമോഷനുകൾക്കായി വലിയ ഓഫറുകളുമായി ഇവരെ സമീപിക്കുകയുണ്ടായി. എന്നാൽ അതിലൊന്നും തല കൊടുക്കാതെ സ്വന്തമായി കണ്ടെത്തുന്ന ടെക്‌നോളജി ഉപയോഗിച്ചുകൊണ്ട് വീഡിയോ നിർമ്മിക്കുവാനാണ് ജിയോയും പ്രവീണും തീരുമാനിച്ചത്. ഈ തീരുമാനത്തെ ഇവരുടെ പ്രേക്ഷകരും കൈയടിയോടെയാണ് സ്വീകരിച്ചത്.
“18 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളാണ് ഞങ്ങളുടെ സബ്സ്‌ക്രൈബേഴ്സില്‍ പകുതിയും. എങ്ങനെ ആകാംക്ഷ സൃഷ്ടിക്കാം എന്ന ലക്ഷ്യത്തിലാണ് ഓരോ വീഡിയോയും തയ്യാറാക്കുന്നത്. യൂട്യൂബില്‍ ഇപ്പോള്‍ ധാരാളം ഉള്ളടക്കങ്ങളുണ്ട്. ഇനിയും പുതിയ വിഷയങ്ങള്‍ വരാനുണ്ട്. അതുകൊണ്ടു തന്നെ സാധ്യതകളും ധാരാളം” – ജിയോ പറയുന്നു.
അങ്ങനെ ഹാരിസിക്കയുമായി ഞാൻ ജിയോയുടെയും പ്രവീണിന്റേയും നാടായ പൊയ്യയിലേക്ക് യാത്രയായി. നേരത്തെ വിളിച്ചു പറഞ്ഞതനുസരിച്ച് ജിയോ വഴിയിൽ ഞങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി എത്തിച്ചേർന്നു.അങ്ങനെ ഞങ്ങൾ ഒന്നിച്ചു ജിയോയുടെ വീട്ടിലേക്ക് പോയി. അച്ഛൻ, അമ്മ, ചേച്ചി എന്നിവരടങ്ങുന്നതാണ് ജിയോയുടെ കുടുംബം.
ജിയോയുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് പ്രവീണിന്റെ വീട്. ജിയോയുടെ വീട്ടിലെ വിശേഷങ്ങളെല്ലാം കണ്ടും കേട്ടും അറിഞ്ഞതിനു ശേഷം ഞങ്ങൾ പ്രവീണിന്റെ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് പ്രവീണിനെയും പൊക്കി ഞങ്ങൾ പിന്നീട് പോയത് ഇവരുടെ സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് ആയിരുന്നു.
വളരെ മനോഹരമായ ഒരു പ്രദേശമായിരുന്നു അത്. M4 Tech ൻ്റെ വീഡിയോകൾ സ്ഥിരം കാണുന്നവർക്ക് ഈ സ്ഥലങ്ങളെല്ലാം സുപരിചിതമായിരിക്കും. ആ സ്ഥലത്തെക്കുറിച്ചും അവിടെ വെച്ച് ഷൂട്ട് ചെയ്തപ്പോൾ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെ ജിയോയും പ്രവീണും ഞങ്ങളോട് വാചാലരായി. അതിനിടെ പ്രവീൺ മച്ചാൻ പറമ്പിലെ തെങ്ങിൽ നിസ്സാര സമയം കൊണ്ട് കയറി തേങ്ങയും കരിക്കുമൊക്കെ ഇട്ടു. സത്യത്തിൽ അവരുടെ കൂടെ ആ മനോഹരമായ ഗ്രാമത്തിൽ താമസിക്കുവാൻ കൊതി തോന്നിപ്പോയി.
അങ്ങനെ കുറേ സമയം അവരോടൊത്ത് ആ ഗ്രാമാന്തരീക്ഷത്തിൽ ചെലവഴിച്ചതിനു ശേഷം ജിയോയ്ക്കും പ്രവീണിനും അവരുടെ M4Tech ചാനലിനും ഒരായിരം ആശംസകളും നന്മകളും നേർന്നുകൊണ്ട് ഞങ്ങൾ ആ ഗ്രാമത്തിൽ നിന്നും തിരികെ യാത്രയായി.