ടെക് ട്രാവൽ ഈറ്റിൻ്റെ ‘Travel with Vlogger’ സീരീസിന്റെ നാലാമത്തെ എപ്പിസോഡ് ചെയ്യുവാനായി തിരഞ്ഞെടുത്തത് ‘വണ്ടിപ്രാന്തൻ’ എന്ന ചാനലിനെയാണ്. കേരളത്തിലെ ഓട്ടോമൊബൈൽ വ്ലോഗർമാരിൽ വ്യത്യസ്തനാണ് വണ്ടിപ്രാന്തൻ. രാകേഷ് എന്ന വാഹനപ്രേമിയാണ് ‘വണ്ടിപ്രാന്തൻ’ എന്ന ചാനൽ വിജയകരമായി നടത്തിക്കൊണ്ടു പോകുന്നത്.
കേരള കലാമണ്ഡലത്തിൽ കഥകളിയുടെ ചുട്ടി (മേക്കപ്പ്) പഠനത്തിനു ശേഷം അഞ്ചു വർഷത്തോളം പരിപാടികൾക്ക് പോകുമായിരുന്ന രാകേഷ് പിന്നീട് BPO മേഖലയിൽ ജോലി തിരഞ്ഞെടുത്തു. ആ സമയത്ത് വണ്ടിപ്രാന്തൻ എന്ന പേരിൽ ഒരു ഓട്ടോമോട്ടീവ് ബ്ലോഗ് തുടങ്ങിയിരുന്നു. അതിനിടയിൽ ഓവർടേക്ക് എന്ന മലയാളം ഓട്ടോ മാഗസിനിൽ ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. പിന്നീട് ബൈജു എൻ നായരുടെ സ്മാർട്ട് ഡ്രൈവ് എന്ന മാഗസിനിൽ കറസ്‌പോണ്ടന്റ് ആയി ജോലി ചെയ്യുവാനുള്ള അവസരം ലഭിച്ചെങ്കിലും വിവാഹം കഴിഞ്ഞു നിൽക്കുന്ന സമയമായതിനാൽ നിലവിലുള്ള ജോലിയിൽ നിന്നും മാറുവാൻ കഴിയാത്ത അവസ്ഥയായിരുന്നു.
ജോലിത്തിരക്കുകൾക്കിടയിലും ‘വണ്ടിപ്രാന്തൻ’ എന്ന യൂട്യൂബ് ചാനൽ രാകേഷ് നല്ല രീതിയിൽ നടത്തിക്കൊണ്ടു വന്നിരുന്നു. അങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളിൽ രാകേഷ് കേരളത്തിലെ മികച്ച ഓട്ടോ വ്‌ളോഗർമാരിൽ ഒരാളായി മാറി. നിരവധി വാഹനങ്ങൾ രാകേഷ് റിവ്യൂ ചെയ്തിട്ടുണ്ട്. ഓട്ടോ വ്ലോഗിങ് മേഖലയിൽ വളരെയധികം ബുദ്ധിമുട്ടുകൾ ചില സമയങ്ങളിൽ അനുഭവപ്പെടാറുണ്ട് എന്ന് വണ്ടിപ്രാന്തൻ പറയുന്നു. മറ്റു ചില വ്ലോഗർമാർ ഡീലർമാരെ സ്വാധീനിച്ചതിനാൽ, താൻ മികച്ച രീതിയിൽ ഷൂട്ട് ചെയ്ത റിവ്യൂ വീഡിയോ പബ്ലിഷ് ചെയ്യാൻ കഴിയാതെ വന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്ന് രാകേഷ് തുറന്നു പറയുന്നു.
യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനം വ്‌ളോഗിംഗ് മേഖലയിലെ ചെലവുകൾക്കായാണ് രാകേഷ് ഉപയോഗിക്കുന്നത്. ബാക്കി ജീവിതച്ചെലവുകൾക്കായി ഇന്നും തൻ്റെ ജോലി തുടരുന്നുണ്ട് അദ്ദേഹം. പാനസോണിക് ലൂമിക്സ്, ഗോപ്രോ തുടങ്ങിയ ക്യാമറകൾ ഉപയോഗിച്ചാണ് രാകേഷ് ഇപ്പോൾ വീഡിയോകൾ ഷൂട്ട് ചെയ്യുന്നത്. ഒരു ഓട്ടോ വ്‌ളോഗറുടെ കൈവശമുണ്ടായിരിക്കേണ്ട ഒരു ക്യാമറയാണ് ഗോപ്രോ എന്നും രാകേഷ് ഓർമ്മിപ്പിക്കുന്നു.
വണ്ടികളോടുള്ള ആരാധന പണ്ടുമുതലേ ഒപ്പം കൊണ്ടുനടക്കുന്ന രാകേഷ് ഒരു യാത്രാപ്രേമി കൂടിയാണ്. ടാറ്റയുടെ നാനോ കാറിൽ കേരളത്തിൽ നിന്നും അങ്ങ് ഹിമാലയത്തിലെ സ്പിറ്റി വാലിയിലേക്ക് ഒരു യാത്രയുടെ പ്ലാനിലാണ് വണ്ടിപ്രാന്തനായ രാകേഷ് ഇപ്പോൾ. ഭാര്യയും മകനുമടങ്ങുന്നതാണ് രാകേഷിന്റെ കുടുംബം. രാകേഷിന്റെ മകനും വളർന്നു വരുന്ന ഒരു വണ്ടിപ്രാന്തനാണ്.