ആസ്സാമിലെ ഗുവാഹത്തിയിലെ രണ്ടു ദിവസത്തെ താമസത്തിനും റിലാക്സേഷനും ശേഷം ഞങ്ങൾ മേഘാലയയിലേക്ക് യാത്രയായി. ഇത്രയും ദിവസം ഞങ്ങളോടൊപ്പമുണ്ടായിരുന്ന സലീഷേട്ടൻ ഇന്ന് വിടപറഞ്ഞു തിരികെ കോയമ്പത്തൂരിലേക്ക് പോകുകയാണ്. ഗുവാഹത്തി എയർപോർട്ടിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള വിമാനത്തിലായിരുന്നു സലീഷേട്ടൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. സലീഷേട്ടൻ വിടപറയുന്നതിൽ ഞങ്ങൾക്കും അതുപോലെ തന്നെ സലീഷേട്ടനും നല്ല വിഷമമുണ്ടായിരുന്നു. എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ സലീഷേട്ടൻ പതിവിൽ നിന്നും വിപരീതമായി വളരെ മൂഡ് ഓഫ് ആയിട്ടായിരുന്നു കാണപ്പെട്ടത്.
എയർപോർട്ടിൽ എത്തിയശേഷം സലീഷേട്ടൻ കാറിൽ നിന്നും ബാഗുകളുമെടുത്തുകൊണ്ട് അകത്തേക്ക് പോകുവാൻ തയ്യാറായി നിന്നു. വളരെ വികാരനിർഭരമായ മുഹൂർത്തങ്ങൾക്കായിരുന്നു പിന്നീട് ഗുവാഹത്തി എയർപോർട്ട് സാക്ഷ്യം വഹിച്ചത്. അത്രയും നേരം അടക്കിപ്പിടിച്ചിരുന്ന സങ്കടം സലീഷേട്ടന് നിയന്ത്രിക്കാനായില്ല. വിഷമമെല്ലാം കണ്ണീരിന്റെ രൂപത്തിൽ പുറത്തേക്ക് വന്നു. ഞങ്ങൾ സലീഷേട്ടനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കുവാനായി സലീഷേട്ടൻ കൂളിങ് ഗ്ളാസ് എടുത്തുവെച്ച് ഞങ്ങളോട് യാത്രപറഞ്ഞുകൊണ്ട് ടെർമിനലിനകത്തേക്ക് നടന്നു നീങ്ങി. ഞങ്ങൾക്കും വല്ലാത്ത വിഷമം തോന്നിയ ഒരു നിമിഷങ്ങളായിരുന്നു അത്. ഒരിക്കൽപോലും സലീഷേട്ടൻ തിരിഞ്ഞു നോക്കിയിരുന്നില്ല. നിറകണ്ണുകളോടെ ഞങ്ങൾ അവിടെ നിന്നും യാത്രയായി.
സലീഷേട്ടനെ ഒരു വർഷത്തോളമായി പരിചയമുണ്ടായിരുന്നുവെങ്കിലും ഇത്രയും ദിവസം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന നിമിഷങ്ങളെല്ലാം ഓർത്തപ്പോൾ, പിന്നീട് അങ്ങോട്ട് സലീഷേട്ടന്റെ തമാശകൾ ഇല്ലല്ലോ എന്നോർത്തപ്പോൾ വളരെ വിഷമം ഉണ്ടായി. ഇത്രയും ദിവസം ഞങ്ങളോടൊപ്പം കട്ടയ്ക്ക് നിന്നുകൊണ്ട് സന്തോഷിപ്പിച്ചും ഫോട്ടോകൾ എടുത്തും യാത്രകളെല്ലാം അവിസ്മരണീയ മുഹൂർത്തങ്ങളാക്കിയിരുന്നു സലീഷേട്ടൻ. ഒപ്പം ഞങ്ങൾക്ക് ഒരു മൂത്ത ജേഷ്‌ഠനെപ്പോലെയായിരുന്നു.. ലീവ് കിട്ടുകയാണെങ്കിൽ കാശ്മീരിൽ സലീഷേട്ടൻ ഞങ്ങളോടൊപ്പം വീണ്ടും ചേരുമെന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം യാത്രയായത്.
അങ്ങനെ ഞങ്ങൾ കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ആസ്സാമിൽ നിന്നും മേഘാലയയിലേക്ക് കടന്നു. മേഘാലയയിൽ കടന്നപ്പോൾ ഞങ്ങൾ കാറിൽ ഇന്ധനം നിറയ്ക്കുകയുണ്ടായി. നമ്മുടെ നാട്ടിലേതിനേക്കാൾ ഇന്ധനവില അവിടെ കുറവായിരുന്നു. ഡീസൽ അടിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഹൈറേഞ്ച് ഏരിയകൾ ആയിരുന്നെങ്കിലും നല്ല നാലുവരിപ്പാതകളായിരുന്നു അവിടത്തെ ഹൈവേ. ആസ്സാമിലേക്കാൾ മികച്ചതായിരുന്നു മേഘാലയയിലെ റോഡുകൾ. വഴിയിലാണെങ്കിൽ തിരക്കുകൾ കുറവുമായിരുന്നു. ചിലയിടങ്ങളിലൊക്കെ നമ്മുടെ തൃശ്ശൂർ – പാലക്കാട് ഹൈവേയിലൂടെ പോകുന്ന ഫീൽ ആയിരുന്നു.
പോകുന്ന വഴിയിൽ ഷില്ലോംഗ് എത്തുന്നതിനു ഏതാണ്ട് 30 കിലോമീറ്ററോളം മുൻപായി ‘ഉമിയം ലേക്ക്’ എന്നൊരു ടൂറിസ്റ്റ് ഏരിയയുണ്ടെന്നു ഞങ്ങൾക്ക് ഗൂഗിൾ വഴി മനസ്സിലായി. അങ്ങനെ ഞങ്ങൾ അവിടെ ഒന്നു സന്ദർശിക്കുവാൻ തീരുമാനിച്ചു. അവിടെ ചെന്നിട്ട് ടിക്കറ്റെടുത്തു ഞങ്ങൾ അകത്തേക്ക് നീങ്ങി. ഒരാൾക്ക് 50 രൂപയായിരുന്നു അവിടേക്കുള്ള പ്രവേശന ഫീസ്. ഒരു റിസർവോയർ ആയിരുന്നു അവിടത്തെ പ്രധാന ആകർഷണം. അവിടെ ബോട്ടിംഗ് പോലുള്ള ആക്ടിവിറ്റികൾ ലഭ്യമായിരുന്നു. അവയ്ക്ക് വേറെ ചാർജ്ജ് കൊടുക്കണം. ഞങ്ങൾ പോയ സമയത്ത് റിസർവ്വോയറിൽ വെള്ളം കുറവായിരുന്നു. ബോട്ടിംഗ് ചാർജ്ജുകൾ അത്യാവശ്യം കത്തിയായിരുന്നതിനാൽ ഞങ്ങൾ അതിനു മുതിർന്നില്ല. കുറച്ചു സമയം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം ഞങ്ങൾ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി.
ഉമിയം ലേക്കിൽ നിന്നും ഞങ്ങൾ നേരെ പോയത് ഷില്ലോംഗിൽ നിന്നും 25 കിലോമീറ്റർ മുൻപായി സ്ഥിതി ചെയ്യുന്ന, ഒരു മലയാളിയുടെ റിസോർട്ടിലേക്ക് ആയിരുന്നു. RI Kanaan Guest House എന്നായിരുന്നു ആ റിസോർട്ടിന്റെ പേര്. പ്രമുഖ ഫുഡ് വ്ലോഗറും എൻ്റെ സുഹൃത്തുമായ എബിൻ ചേട്ടന്റെ പരിചയം വെച്ചായിരുന്നു ഞങ്ങൾ അവിടെ രണ്ടു ദിവസം തങ്ങുവാൻ തീരുമാനിച്ചത്. RI Kanaan Guest House ൽ താമസിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാം : 9400386351, 9774365447.
റിസോർട്ടിൽ എത്തിയശേഷം ഞങ്ങൾ ലഗേജുകളൊക്കെ എടുത്തുകൊണ്ട് ഞങ്ങൾക്കായി തയ്യാറാക്കിയിരുന്ന റൂമിലേക്ക് നടന്നു. റിസോർട്ട് പരിസരത്ത് ഒരു മനോഹരമായ വെള്ളച്ചാട്ടം ഉണ്ടെന്നു ഞങ്ങളോട് നേരത്തെ തന്നെ എബിൻ ചേട്ടൻ പറഞ്ഞിരുന്നു. റൂമിലേക്ക് പോകുന്ന വഴി വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഞങ്ങൾ കേട്ടിരുന്നു. റിസോർട്ട് ജീവനക്കാരിയായ ഒരു ചേച്ചി ഞങ്ങളെ കൃത്യമായി റൂമിൽ കൊണ്ടുചെന്നാക്കി. ഞങ്ങളുടെ റൂമിന്റെ ജനലിൽ നിന്നും നോക്കിയാൽ ആ വെള്ളച്ചാട്ടം കാണാമായിരുന്നു. ശരിക്കും പറഞ്ഞാൽ വെള്ളച്ചാട്ടം കണ്ടുകൊണ്ട് നമുക്ക് റൂമിൽ കിടക്കാം. റൂമിൽ നിന്നുള്ള വ്യൂ ആണെങ്കിൽ അതിമനോഹരം.. കിടിലൻ അനുഭവം തന്നെ.
അന്ന് വേറെ പരിപാടികൾ ഒന്നുംതന്നെ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നില്ല. നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നതിനാൽ ഉച്ചയൂണും കഴിച്ചശേഷം ഞങ്ങൾ നന്നായി കിടന്നുറങ്ങി. പിന്നീട് എഴുന്നേറ്റപ്പോൾ സമയം ഇരുട്ടിയിരുന്നു. പുറത്താണെങ്കിൽ നല്ല മഴയും പെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ അന്ന് റൂമിൽത്തന്നെ ഒതുങ്ങിക്കൂടി. വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാരണം ശരിക്കും മഴ പെയ്താൽ തിരിച്ചറിയാൻ പാടായിരുന്നു. അങ്ങനെ അന്നത്തെ ദിവസം ഞങ്ങൾ തള്ളിനീക്കി.
പിറ്റേദിവസം രാവിലെ തന്നെ ഞങ്ങൾ ഉണർന്നു റെഡിയായി പുറത്തു വന്നപ്പോഴേക്കും റിസോർട്ട് ഉടമയും മേഘാലയയിൽ ജനിച്ചു വളർന്ന മലയാളിയുമായ വിവേക് അവിടെയെത്തിച്ചേർന്നു. റിസോർട്ടിന്റെ വിശേഷങ്ങളൊക്കെ വിവേക് ഞങ്ങൾക്ക് വിശദീകരിച്ചു തരികയുണ്ടായി. പിന്നീട് ഞങ്ങളെ വിവേകും റിസോർട്ട് ജീവനക്കാരനും കോതമംഗലം സ്വദേശിയുമായ ജെയിംസും കൂടി വെള്ളച്ചാട്ടത്തിനരികിലേക്ക് കൊണ്ടുപോയി. അകലെ നിന്നും കണ്ടപ്പോൾ ചെറിയൊരു വെള്ളച്ചാട്ടം ആണെന്നു തോന്നിക്കുമെങ്കിലും അടുത്തെത്തിയപ്പോഴാണ് അതിന്റെ ഭീകരത ഞങ്ങൾക്ക് മനസിലായത്. വെള്ളച്ചാട്ടത്തിൽ കുളിക്കാമെന്നൊക്കെ വിചാരിച്ചിരുന്ന ഞങ്ങൾ ആ മോഹം നുള്ളിക്കളഞ്ഞു. എന്തായാലും ഒരു റിസോർട്ടിനുള്ളിലെ വെള്ളച്ചാട്ടം എന്നത് ഞങ്ങൾക്ക് ഒരൽപം വ്യത്യസ്തത പകർന്നു.
റിസോർട്ടും പരിസരവുമൊക്കെ കണ്ടുകൊണ്ട് നടക്കുന്നതിനിടയിൽ ഞങ്ങൾക്ക് മേഘാലയയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് വിവേക് വിശദീകരിച്ചു തന്നു. ഞങ്ങളുടെ കൂടെ അവിടെയൊക്കെ വരാമെന്നും അദ്ദേഹം ഉറപ്പുതന്നു. നല്ല പരിചയമുള്ള ഒരു സുഹൃത്തിനെപ്പോലെയായിരുന്നു വിവേക് ഞങ്ങളോട് ഇടപഴകിയിരുന്നത്. അന്നത്തെ ദിവസം വിവേകിന് എന്തോ തിരക്കുകൾ ഉണ്ടായിരുന്നതിനാൽ ഞങ്ങളോടൊപ്പം സുഹൃത്തും മേഘാലയ സ്വദേശിയുമായ പങ്കജിനെ വിവേക് അയയ്ക്കാമെന്നു സമ്മതിച്ചു. അങ്ങനെ പങ്കജിനോടൊപ്പം മേഘാലയൻ തലസ്ഥാനമായ ഷില്ലോംഗ് കറങ്ങുവാനായി ഞങ്ങൾ പുറപ്പെട്ടു. ആ വിശേഷങ്ങളെല്ലാം അടുത്ത എപ്പിസോഡിൽ കാണാം.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.