എറണാകുളം ജില്ലയോട് അടുത്തു കിടക്കുന്ന, കോട്ടയം ജില്ലയിലെ ഒരു പ്രദേശമാണ് വൈക്കം. വൈക്കത്തെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട കാര്യമില്ലല്ലോ അല്ലെ? വൈക്കം മഹാദേവ ക്ഷേത്രം തന്നെയാണ് ഈ സ്ഥലത്തെ കൂടുതൽ പ്രസിദ്ധമാക്കിയത്. കൂടുതലാളുകൾ വൈക്കത്തേക്ക് വരുന്നതും ക്ഷേത്രദർശനത്തിനായാണ്. എന്നാൽ വൈക്കം ടൂറിസം രംഗത്ത് വളരെയധികം സാധ്യതയുള്ള പ്രദേശമാണെന്നു എത്രയാളുകൾക്കറിയാം? ആലപ്പുഴ, കുമരകം എന്നിവിടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് വൈക്കം കായലിലെ യാത്രകൾ. അത് നമ്മൾ അനുഭവിച്ചു തന്നെ മനസ്സിലാക്കണം.

വൈക്കത്തിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ മനസ്സിലാക്കിയ ജലഗതാഗതവകുപ്പ‌് ഇപ്പോഴിതാ പുതിയ ഒരു ബോട്ട് സർവീസുമായി രംഗത്തെത്തിയിരിക്കുകയാണ്. വൈക്കത്തു നിന്നും എറണാകുളത്തേക്ക് രണ്ടുമണിക്കൂർ കൊണ്ട് എത്തും എന്നൊരു സവിശേഷത കൂടിയുണ്ട് ‘വേഗ 120’ എന്നു പേരിട്ടിരിക്കുന്ന ഈ സൂപ്പർഫാസ്റ്റ് ബോട്ടിന്. കേരളത്തിലെ ഏറ്റവും വേഗതയേറിയ യാത്രാബോട്ട് കൂടിയാണ് ‘വേഗ 120’. കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ മൂന്നു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ ബോട്ട് സർവ്വീസ്.

1.85 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഈ ബോട്ടിൽ 170 എച്ച്.പി.യുടെ ഇരട്ട എൻജിനാണ് ഉള്ളത്. നിലവിൽ സർവ്വീസ് നടത്തുന്നത് ആറു നോട്ടിക്കൽ മൈൽ വേഗതയുള്ള ബോട്ടുകളാണെങ്കിൽ സൂപ്പർ ഫാസ‌്റ്റ‌് ബോട്ടുകളുടെ വേഗത 12 നോട്ടിക്കൽ മൈലാണ‌്. മണിക്കൂറിൽ 25 കിലോമീറ്ററോളം വേഗതയിലായിരിക്കും വേഗ 120 സഞ്ചരിക്കുക. ഇലക്ട്രിക് സ്റ്റീയറിങ് ഉപയോഗിച്ചായിരിക്കും ബോട്ട് നിയന്ത്രിക്കുക. ഒരു മണിക്കൂർ പ്രവർത്തിക്കാൻ ഈ ബോട്ടിനു 35 ലിറ്റർ ഡീസൽ വേണ്ടിവരും. നാല് ജീവനക്കാരായിരിക്കും ബോട്ടിൽ ഉണ്ടായിരിക്കുക.

യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കായൽ യാത്ര ആസ്വദിക്കുവാനുള്ള ഒരു കലക്കൻ സൗകര്യമാണ് ജലഗതാഗതവകുപ്പ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. വൈക്കത്തു നിന്നും സർവ്വീസ് ആരംഭിക്കുന്ന ബോട്ട് ആലപ്പുഴ ജില്ലയിലെ പെരുമ്പളം സൗത്ത്, പാണാവള്ളി, എറണാകുളം ജില്ലയിലെ തേവര ഫെറി എന്നിവിടങ്ങളിൽ അടുക്കുകയും അതിനുശേഷം എറണാകുളം സുഭാഷ് പാർക്കിനു സമീപത്തെ പ്രധാന ജെട്ടിയിൽ എത്തിച്ചേരുകയും ചെയ്യും. ഇടയ്ക്കുള്ള 3 ജെട്ടികളില്‍ മാത്രമാണ് തുടക്കത്തില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ സ്റ്റോപ്പുകള്‍ പിന്നീട് പരിഗണിക്കും.

ഈ സൂപ്പർഫാസ്റ്റ് ബോട്ടിൽ 40 പേർക്ക് എസി ക്യാബിനിലും 80 പേർക്ക് സാധാരണ കാബിനിലും ഇരുന്നു യാത്ര ചെയ്യുവാനുള്ള സൗകര്യമുണ്ട്. മൊത്തത്തിൽ 120 പേർക്ക് ഒരേസമയം ഈ ബോട്ടിൽ യാത്ര ചെയ്യാം. വൈക്കം – എറണാകുളം റൂട്ടിൽ എസി കാബിനിലെ നിരക്ക് 80 രൂപയും സാധാരണ കാബിനിലെ നിരക്ക് 40 രൂപയുമാണ്. എസി വോള്‍വോ ബസിനേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും ടിക്കറ്റ് ചാര്‍ജ്ജ് എന്നതിനാൽ യാത്രക്കാർക്ക് ഇത് ലാഭകരവുമാണ്.

വൈക്കത്തു നിന്നും രാവിലെ 7.30 മണിയ്ക്കായിരിക്കും ബോട്ട് യാത്രയാരംഭിക്കുന്നത്. രണ്ടു മണിക്കൂറോളത്തെ യാത്രയ്ക്കു ശേഷം രാവിലെ 9.30 യ്ക്ക് എറണാകുളത്ത് എത്തുകയും ചെയ്യും. എറണാകുളത്ത് എത്തിയ ശേഷം ബോട്ട് എറണാകുളത്ത് ലോക്കൽ സർവ്വീസ് നടത്തുമെന്നും വാർത്തകളുണ്ട്. പിന്നെ വൈകീട്ട് 5.30 നു ഇതേ ബോട്ട് എറണാകുളം ജെട്ടിയിൽ നിന്നും വൈക്കത്തേക്ക് പുറപ്പെടുകയും വൈക്കത്ത് രാത്രി 7.30 യ്ക്ക് എത്തിച്ചേരുകയും ചെയ്യും.

വൈക്കം-എറണാകുളം അതിവേഗ ബോട്ട് സർവീസിനെ ബന്ധിപ്പിച്ച് വിവിധയിടങ്ങളിലേക്ക് നാല് കണക്ഷൻ സർവീസുകളും ഉണ്ട്. വൈക്കത്ത്‌ നിന്ന് തവണക്കടവിലേക്കും തേവര ഫെറിയിൽ നിന്ന് കാക്കനാട്ടേക്കും വൈറ്റിലയ്ക്കും പിന്നെ പെരുമ്പളം സൗത്തിൽ നിന്ന് പൂത്തോട്ടയ്ക്കുമാണ് ബോട്ട് സർവീസ്. വേഗ 120 കടന്നു പോകുന്ന സ്റ്റോപ്പുകളിലേക്കു കൃത്യസമയത്ത് ആൾക്കാരെ എത്തിക്കുന്നതിനും പോകുന്നതിനുമാണു കണക്ഷൻ സർവീസുകൾ ഓടിക്കുന്നത്.

ടി.വി, വൈഫൈ സംവിധാനങ്ങൾ, കഫ്റ്റേരിയ, രണ്ടു ടോയ്‌ലറ്റുകൾ, അഗ്നിശമന സംവിധാനം,അപകടസാധ്യത കുറയ്ക്കാനുള്ള മറ്റു സംവിധാനങ്ങൾ തുടങ്ങിയവയാണ് ബോട്ടിലെ സൗകര്യങ്ങൾ. ഇതോടൊപ്പം തന്നെ കുടുംബശ്രീയുടെ ചേർന്ന് ബോട്ടിൽ ഭക്ഷണങ്ങൾ ഒരുക്കുവാനും പദ്ധതിയുണ്ട്. നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ സഹായത്തോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, സ്ഥിര യാത്രക്കാർക്ക് സീസൺ ടിക്കറ്റ് സംവിധാനം, ജിപിഎസ് എന്നീ സൗകര്യങ്ങളും ഉടൻതന്നെ ഏർപ്പെടുത്തുമെന്ന് ജലഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു.

Thumbnail Photo – © Lucky Yadu Sreedhar.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.