Image - Shaan.

വെള്ളച്ചാട്ടം എന്നു കേൾക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗമാളുകളുടെ മനസ്സിലും ഓടിയെത്തുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടമായിരിക്കും. ഇന്ത്യയിൽത്തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായതു കൊണ്ടായിരിക്കണം ധാരാളം സിനിമകൾക്കും അതിരപ്പിള്ളി ലൊക്കേഷനായി മാറുന്നതും. കേരളത്തിൽ അതിരപ്പിള്ളയെക്കൂടാതെ ധാരാളം വെള്ളച്ചാട്ടങ്ങൾ നിലവിലുണ്ട്. അതൊക്കെ നമുക്ക് ഓരോന്നായി ആസ്വദിക്കാമെന്നേ. എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത് നമ്മുടെ തൊട്ടയൽവക്കത്തുള്ള തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളെയാണ്. ഇനി കേരളം വിട്ടൊരു യാത്ര പോകുമ്പോൾ ഈ വെള്ളച്ചാട്ടങ്ങൾ കൂടി നിങ്ങൾക്ക് ഉൾപ്പെടുത്താം.

1. ഹൊഗെനക്കൽ വെള്ളച്ചാട്ടം : ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടം. തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം. കുട്ടവഞ്ചിയിലൂടെയുള്ള ഇവിടത്തെ ജലയാത്രയാണ് ഏറ്റവും കൌതുകകരം.ഭാരം കുറഞ്ഞ ഈ മുളം തോണി വട്ടം കറക്കിയാലും കൂട്ടിയിടിച്ചാലും പ്രശ്നമില്ല എന്നതും ഈ യാത്രയ്ക്ക് സഞ്ചാരികളെ പ്രിയങ്കരമാക്കുന്നു. ‘റോജ’ സിനിമയിലെ “ചിന്ന ചിന്ന ആശൈ..” എന്ന ഗാനരംഗത്തിലെ ചില ഭാഗങ്ങളും, നരൻ സിനിമയിൽ മോഹൻലാൽ ഒഴുക്കേറിയ വെള്ളത്തിലിറങ്ങുന്ന ഭാഗങ്ങളുമെല്ലാം ഇവിടെയാണ് ചിത്രീകരിച്ചത്. വേനൽക്കാലത്ത് പോകുകയാണെങ്കിൽ ഇവിടെ വെള്ളം കുറവായിരിക്കും.

2. കുറ്റാലം വെള്ളച്ചാട്ടം : തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്കും ചെങ്കോട്ടയ്ക്കും ഇടക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കുറ്റാലം. സമുദ്ര നിരപ്പിൽ നിന്നും 520 അടിയോളമുയരത്തിലാണീ സ്ഥലം. പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുത്ഭവിക്കുന്ന പേരരുവി, ചിറ്റരുവി, ചമ്പാദേവി, തേനരുവി, പഴയ കുറ്റാലം അരുവി, ഐന്തരുവി എന്നിങ്ങനെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണിവിടത്തെ പ്രധാന ആകർഷണം. കേരളത്തിൽ വർഷകാലം പൊടിപൊടിക്കുമ്പോൾ കുറ്റാലത്ത് ചെറിയ ചാറ്റൽ മഴ മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ ചെറുമഴ നനയുവാൻ ഇവിടെ സഞ്ചാരികൾ ധാരാളമായി എത്താറുമുണ്ട്. തെക്കിന്റെ ആരോഗ്യ സ്നാനഗൄഹം എന്നും കുറ്റാലം പരാമർശിക്കപ്പെടാറുണ്ട്.

3. ശിരുവാണി വെള്ളച്ചാട്ടം (കോവൈ കുറ്റാലം) : തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നും ഏകദേശം 40 കിലോമീറ്ററുകൾ അകലെയായും, പാലക്കാട് നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായും സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ശിരുവാണി വെള്ളച്ചാട്ടം. പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശമായ അട്ടപ്പാടി, ആനക്കട്ടി എന്നീ സ്ഥലങ്ങൾക്ക് അടുത്താണ് ശിരുവാണി. ശിരുവാണി എന്ന സ്ഥലം പാലക്കാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഈ പേരിലുള്ള വെള്ളച്ചാട്ടം തൊട്ടപ്പുറത്തായി തമിഴ്‌നാട് സംസ്ഥാനത്തിലാണ്. കോവൈ കുറ്റാലം എന്ന പേരിലും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. ഏകദേശം 3 – 4 കിലോമീറ്ററുകളോളം കാട്ടിലൂടെ ട്രെക്ക് ചെയ്താലാണ് ഈ വെള്ളച്ചാട്ടത്തിനു സമീപം എത്തുവാൻ സാധിക്കുകയുള്ളൂ. വൈകുന്നേരം 5 മണിയ്ക്ക് ശേഷം ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല.

4. തൃപ്പരപ്പ് വെള്ളച്ചാട്ടം : തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും ഏകദേശം 55 കിലോമീറ്റർ ദൂരമേയുള്ളൂ ഈ വെള്ളച്ചാട്ടത്തിലേക്ക്. 50 അടിയോളം ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്. വെള്ളച്ചാട്ടത്തിനു സമീപം വരെ വാഹനസൗകര്യങ്ങൾ ഉള്ളതിനാൽ ഫാമിലിയായും കുട്ടികളെയും വരുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. കന്യാകുമാരിയിലേക്ക് യാത്ര പോകുന്നവർക്ക് സന്ദർശിക്കുവാൻ പറ്റുന്ന ഒരു വെള്ളച്ചാട്ടമാണിത്. വർഷത്തിൽ ഏഴു മാസത്തോളമാണ് ഇവിടെ നന്നായി വെള്ളം ഉണ്ടാകുന്നത്.

5. ബിയർഷോല വെള്ളച്ചാട്ടം : കൊടൈക്കനാലിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണിത്. ഇവിടേക്ക് കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. റിസർവ്വ് വനത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാട്ടിൽ നിന്നും കരടികൾ വെള്ളം കുടിക്കുവാൻ ഇവിടെയെത്താറുണ്ട് എന്നതിനാലാണ് ഇതിനു ‘ Bear Shola’ എന്ന പേര് ലഭിച്ചത്. റോഡിൽ നിന്നും ഏകദേശം പത്തു മിനിറ്റോളം കാട്ടിലൂടെ നടക്കണം ഈ വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്തുവാൻ. വെള്ളച്ചാട്ടത്തിൽ കുളിക്കുവാനുള്ള സൗകര്യവും ഉണ്ട്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മഴക്കാലത്തിനു ശേഷമുള്ള സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം.

6. മങ്കി വെള്ളച്ചാട്ടം (മങ്കി ഫാൾസ്) : പൊള്ളാച്ചിയ്ക്കും വാൽപ്പാറയ്ക്കും ഇടയിലായി ആളിയാർ ഡാമിന് സമീപത്തായാണ് പ്രശസ്തമായ മങ്കി ഫാൾസ് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 60 അടിയോളം ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം. കേരളത്തിൽ നിന്നും വാൽപ്പാറയ്ക്ക് ട്രിപ്പ് പോകുന്നവർക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലമാണിത്. പൊള്ളാച്ചി – വാൽപ്പാറ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സുകൾ ഈ വെള്ളച്ചാട്ടത്തിനു സമീപത്തായി നിർത്തും.

മേൽപ്പറഞ്ഞവ കൂടാതെ പൈക്കര വെള്ളച്ചാട്ടം (ഊട്ടി), സിൽവർ കാസ്കേഡ് (കൊടൈക്കനാൽ), കല്ലട്ടി വെള്ളച്ചാട്ടം, മണിമുത്താർ വെള്ളച്ചാട്ടം, പാപനാശം, കുമ്പക്കരൈ വെള്ളച്ചാട്ടം (മധുരയ്ക്ക് സമീപം), സുരുളി വെള്ളച്ചാട്ടം (മധുരയ്ക്ക് സമീപം), ആകായ ഗംഗൈ (കൊല്ലിമല) എന്നിവയും തമിഴ്‌നാട്ടിലെ പേരുകേട്ട വെള്ളച്ചാട്ടങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.