പുനാഖയിലെ Dzong മൊണാസ്ട്രിയൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും കിഴക്കൻ ഭൂട്ടാൻ ലക്ഷ്യമാക്കി നീങ്ങി. പേരറിയാത്ത ഗ്രാമങ്ങളിലൂടെ, മനോഹരമായ താഴ്വാരങ്ങളിലൂടെയൊക്കെയായിരുന്നു ഞങ്ങളുടെ യാത്ര. പോകുന്നതിനിടെ ഏതോ വലിയ വാഹനവ്യൂഹം വരുന്നതു കണ്ടിട്ട് ഞങ്ങൾ അടക്കമുള്ള മറ്റു വാഹനയാത്രികരെല്ലാം വണ്ടി ഓരം ചേർത്തു നിർത്തി.
അത് ഭൂട്ടാനിലെ ഏതോ വലിയ ഉദ്യോഗസ്ഥരായിരിക്കും എന്നു വിചാരിച്ചിരിക്കുകയായിരുന്നു ഞങ്ങളെല്ലാം. പെട്ടെന്നാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന എമിൽ ആ കാഴ്ച കണ്ടത്. ഭൂട്ടാനിലെ രാജ്ഞിയും കുട്ടിയും ആ വരുന്ന കാറിൽ ഇരിക്കുന്നു. വാഹനങ്ങൾ പെട്ടെന്നു പോയതിനാൽ എനിക്കും സലീഷേട്ടനും അവരെ കാണുവാൻ കഴിഞ്ഞില്ല. രാജകൊട്ടാരത്തിലെയോ മറ്റു ഉന്നതരുടെയോ വാഹനങ്ങൾ വരുമ്പോൾ മറ്റുള്ളവർ ആദരവോടെ വണ്ടികൾ നിർത്തിക്കൊടുക്കണം എന്നാണത്രെ അവിടത്തെ നിയമം.
രാജ്ഞിയുടെ വാഹനവ്യൂഹം കടന്നുപോയതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. മനോഹരക്കാഴ്ചകളൊക്കെ കണ്ടു ഞങ്ങൾ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന പണമൊക്കെ തീർന്നു തുടങ്ങിയിരുന്നതിനാൽ ഞങ്ങൾ അടുത്ത് കണ്ട ഒരു എടിഎം കൗണ്ടറിൽ കയറി ക്യാഷ് എടുക്കുവാൻ ഒരു ശ്രമം നടത്തിനോക്കി. പക്ഷെ ഞങ്ങളുടെ കാർഡ് ആ ബാങ്കിന്റെ എടിഎം കൗണ്ടറിൽ എടുക്കില്ലായിരുന്നു. BOB ബാങ്കിന്റെ എടിഎം കൗണ്ടറിൽ ഞങ്ങളുടെ കൈവശമുള്ള Rupay കാർഡ് എടുക്കും എന്നറിഞ്ഞു.
അങ്ങനെ ഞങ്ങൾ BOB ബാങ്കിന്റെ എടിഎമ്മിൽ കയറി ക്യാഷ് പിൻവലിക്കുവാൻ ശ്രമിച്ചു. പിൻ നമ്പറൊക്കെ കൊടുത്ത് എടുക്കേണ്ട തുക അടിച്ചു കൊടുത്തിട്ടും ‘Processing’ എന്നു കാണിക്കുന്നതല്ലാതെ പണം വരുന്നില്ല. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഭൂട്ടാനിൽ എടിഎം വഴി പണം പിൻവലിക്കുവാൻ സാധിക്കില്ലെന്നു ഞങ്ങൾക്ക് മനസ്സിലായി. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ബാങ്കിൽ പോയി അന്വേഷിച്ചു. അവിടെ നിന്നും ഞങ്ങൾക്ക് അനുകൂലമായ മറുപടികൾ ഒന്നും ലഭിച്ചില്ല.
അങ്ങനെ അവസാനത്തെ ശ്രമം എന്ന നിലയിൽ എൻ്റെ കൈവശമുണ്ടായിരുന്ന എസ്.ബി.ഐ. കാർഡ് ഇട്ടു പണം പിൻവലിക്കുവാൻ നോക്കി. ഭാഗ്യമെന്നു പറയട്ടെ, അതു വഴി എനിക്ക് പണം പിൻവലിക്കുവാൻ സാധിച്ചു. ആ കാർഡിൽ ഇന്റർനാഷണൽ ഇടപാടുകൾ Enable ആയിരുന്നു. അതുകൊണ്ടാണ് അതിട്ടപ്പോൾ പണം പിൻവലിക്കുവാൻ സാധിച്ചത്. അപ്പോൾ ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി. ഭൂട്ടാനിൽ വരുന്നവർ കൈയിൽ ആവശ്യത്തിനു പണം കരുതുക. നമ്മുടെ നാട്ടിലെപ്പോലെ ഡിജിറ്റൽ ഇടപാടുകളൊക്കെ അവിടെ വളരെ കുറവാണ്.
കാശ് കിട്ടിയതോടെ, മുൻപ് ചോർന്നുപോയ ഞങ്ങളുടെ ആവേശം വീണ്ടും തിരയിളക്കിക്കൊണ്ട് ആഞ്ഞടിച്ചു. അങ്ങനെ ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ ഭൂട്ടാനിൽ വരുന്ന സഞ്ചാരികൾ അധികമാരും കാണാത്ത വഴികളിലൂടെ യാത്രയാരംഭിച്ചു. അതിലൂടെ ഞങ്ങൾക്കും വണ്ടിയ്ക്കും പെർമിറ്റ് ഉണ്ടെന്നു ഉറപ്പുവരുത്തിയായിരുന്നു ഞങ്ങൾ യാത്ര ചെയ്തിരുന്നത്. വളരെ ഭയങ്കരമായ, അപകടസാധ്യതയുള്ള ഒരു ചുരത്തിലൂടെയായിരുന്നു ഞങ്ങളുടെ പോക്ക്. റോഡ് വിജനമായിരുന്നു. വീടുകളും കെട്ടിടങ്ങളുമൊക്കെ വല്ലപ്പോഴും മാത്രമായിരുന്നു കണ്ടിരുന്നത്.
പോകുന്ന വഴിയിൽ ഞങ്ങൾ ഒരു നദി കണ്ടു. ആ നദിയ്ക്ക് കുറുകെ ഒരു തൂക്കുപാലം ഉണ്ടായിരുന്നു. വളരെ പഴകി ദ്രവിച്ചതു പോലുള്ള ആ തൂക്കുപാലത്തിൽ ഞങ്ങൾ ഒന്നു കയറിനോക്കി. പാലത്തിനപ്പുറത്ത് ഒരു വീടും ഞങ്ങൾ കണ്ടു. ഞങ്ങൾ ആ പാലം കടന്നു ആ വീടിനടുത്തേക്ക് നീങ്ങി. വീടെന്നു പറഞ്ഞാൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു വാസസ്ഥലം. ഞങ്ങൾ അവിടേക്ക് ചെന്നതു കണ്ടിട്ട് ആ വീട്ടിലുണ്ടായിരുന്നവർ സന്തോഷത്തോടെ ചിരിക്കുക മാത്രമാണുണ്ടായത്. നമ്മുടെ നാട്ടിലാണെങ്കിൽ ചിലപ്പോൾ പലതരത്തിലുള്ള ചോദ്യങ്ങളൊക്കെ കേൾക്കേണ്ടി വന്നേനെ. ഞാനും സലീഷേട്ടനും കൂടിയാണ് ഈ കാഴ്ചകളൊക്കെ കാണുവാനായി ഇറങ്ങിയത്. എമിൽ കാറിൽത്തന്നെ ഇരിക്കുകയായിരുന്നു.
പാലത്തിനപ്പുറത്തെ പരിസരത്തെ കാഴ്ചകളെല്ലാം കണ്ടതിനു ശേഷം ഞങ്ങൾ തിരികെ കാർ കിടക്കുന്നയിടത്തേക്ക് വന്നു യാത്ര വീണ്ടും തുടർന്നു. പോകുന്ന വഴിയിൽ കഴിഞ്ഞ ദിവസം നടന്ന മണ്ണിടിച്ചിലിന്റെ അവശേഷിപ്പുകൾ ഞങ്ങൾ കണ്ടു. അതിനാൽ ഞങ്ങൾ അൽപ്പം ജാഗ്രതയോടെയായിരുന്നു വാഹനമോടിച്ചിരുന്നത്. എപ്പോൾ വേണമെങ്കിലും മണ്ണിടിച്ചിൽ ഉണ്ടാകുവാനിടയുള്ള ഏരിയകളായിരുന്നു അവ. പോകുന്ന വഴിയ്ക്കു വെച്ച് നല്ല കിടിലൻ കുതിരകളെ കാണുകയുണ്ടായി. അവ കാട്ടുകുതിരകൾ ആണെന്നു ഞങ്ങൾക്ക് തോന്നി.
അങ്ങനെ പോയിപ്പോയി ഞങ്ങൾ ഒരു ഗ്രാമത്തിൽ എത്തിച്ചേർന്നു. ‘ടുബ്ഡിംഗ്’ എന്നോ മറ്റോ ആയിരുന്നു ആ ഗ്രാമത്തിന്റെ പേര്. അവിടെ മലഞ്ചെരിവിൽ കണ്ട ഒരു റിസോർട്ടിൽ ഞങ്ങൾ കയറി റൂം എടുക്കുവാനുള്ള വഴികൾ തേടി. റിസോർട്ടുകാരെ ഞങ്ങളുടെ യാത്രയെക്കുറിച്ചെല്ലാം പറഞ്ഞു ബോധിപ്പിച്ച് ഡിസ്കൗണ്ടൊക്കെ നേടി 2500 രൂപയ്ക്ക് റൂം ഒപ്പിച്ചു. അവിടത്തെ റൂം കണ്ടപ്പോഴാണ് ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയത്. ഒരു അയ്യായിരം രൂപ വാടകയ്ക്കുള്ള സെറ്റപ്പുകളൊക്കെയുണ്ടായിരുന്നു അവിടെ. റൂമൊക്കെ കണ്ടാൽ ഏതോ കൊട്ടാരത്തിനകത്തെത്തിയ ഫീൽ ആയിരുന്നു. എന്തായാലും ഞങ്ങൾക്ക് 2500 രൂപയ്ക്ക് അതു കിട്ടി. ഭാഗ്യം…
യാത്ര ചെയ്തു വന്നതുകൊണ്ട് ഞങ്ങളെല്ലാം അത്യാവശ്യം നല്ല രീതിയിൽ ക്ഷീണിതരായിരുന്നു. കുറച്ചുനേരം വിശ്രമിച്ചതിനു ശേഷം ഞങ്ങൾ അവിടെത്തന്നെയുള്ള റെസ്റ്റോറന്റിൽ ചെന്ന് ഡിന്നറൊക്കെ കഴിച്ചു. ചപ്പാത്തി, മുട്ടക്കറി, ആലൂമട്ടർ എന്നിവയായിരുന്നു ഞങ്ങളുടെ ഡിന്നർ വിഭവങ്ങൾ. ഡിന്നർ കഴിഞ്ഞു ചുമ്മാ ഒന്നു പുറത്തിറങ്ങിയപ്പോൾ നല്ല തണുപ്പായിരുന്നു ഞങ്ങളെ വരവേറ്റത്. ഏതാണ്ട് 10 ഡിഗ്രിയിൽ താഴെയായിരുന്നു അവിടത്തെ താപനില. കൊടുംതണുപ്പായിരുന്നതിനാൽ അധികം അവിടെ നിൽക്കാതെ ഞങ്ങൾ ഉറങ്ങുവാനായി റൂമിലേക്ക് നീങ്ങി.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.