കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെങ്കിൽ നിങ്ങളറിയണം കൊച്ചിയുടെ പ്രധാന കേന്ദ്രമായി മാറിയ ഈ മനുഷ്യ നിർമ്മിത ദ്വീപിന്റെ വിശേഷങ്ങൾ.

ബ്രിട്ടീഷുകാരുടെ കാലത്ത് ആഴമേറിയ കപ്പൽച്ചാൽ ഉണ്ടാക്കുന്നതിനായി കൊച്ചിക്കായലിൽ വൻതോതിൽ മണ്ണെടുപ്പ് നടത്തിയിരുന്നു. ഇക്കാലത്ത് ആയിരുന്നെങ്കിൽ ആ മണ്ണ് മറിച്ചു വിറ്റ് കുറച്ച് അഴിമതിയെങ്കിലും ഉണ്ടാക്കിയേനെ. എന്നാൽ ഡ്രെഡ്ജിംഗിനു നേതൃത്വം നൽകിയ ബ്രിട്ടീഷ് എൻജിനീയർ ആയ റോബർട്ട് ബ്രിസ്റ്റോ ഇത്തരത്തിൽ ലഭിച്ച മണൽ കൊണ്ട് ഒരു ദ്വീപ് ഉണ്ടാക്കുകയായിരുന്നു.

450 അടി വീതിയിലും മൂന്നര മൈൽ നീളത്തിലും ഒരു കടല്പാത നിർമ്മിച്ചപ്പോൾ എടുത്തുമാറ്റിയ മണ്ണാണ് 780 ഏക്കർ വിസ്താരമുള്ള ദ്വീപിനു രൂപം കൊടുത്തത്. ഇതിന് നിയോഗിച്ച മണ്ണുമാന്തിക്കപ്പലുകളിൽ (Suction Dredger) ഏറ്റവും പ്രധാനമായിരുന്നത് “ലേഡി വെല്ലിം‌ഗ്‌ടൻ” എന്ന കപ്പലായിരുന്നു. പക്ഷേ ഈ ദ്വീപിനു വില്ലിംഗ്ടൺ ഐലൻഡ് എന്നു പേരിട്ടത് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വില്ലിങ്ടൻ പ്രഭുവിന്റെ ഓർമ്മയ്ക്കായാണ് . വേഗത്തിലും, കാര്യക്ഷമതയിലും, പ്രവർത്തനദൈർഘ്യത്തിലും ഈ ദ്വീപ് നിർമ്മാണം അന്ന് ഒരു ലോകറെക്കോർഡ് തന്നെ സ്ഥാപിച്ചതായി പറയപ്പെടുന്നു.

ദ്വീപ് തയ്യാറായതോടെ വില്ലിംഗ്ടൺ ദ്വീപിൽ തുറമുഖം, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവ ബ്രിട്ടീഷുകാർ നിർമ്മിച്ചു. ദ്വീപിലേക്ക് മറ്റു സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് രണ്ടു പാലങ്ങളാണ്‌ അന്ന് പണിതത്. അതിലൊന്ന് പഴയ തോപ്പുംപടി പാലവും രണ്ടാമത്തേത് വെണ്ടുരുത്തി പാലവുമാണ്. എന്നാൽ ഇന്ന് ഐലൻഡിനെ ബന്ധിപ്പിച്ചുകൊണ്ട് തേവരയിൽ നിന്നും യുപി പാലം, ഇടക്കൊച്ചി ഭാഗത്തു നിന്നും ഒരു പുതിയപാലം എന്നിവ കൂടിയുണ്ട്.

കൊച്ചിൻ പോർട്ടിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത് വില്ലിങ്ടൺ ഐലൻഡിലാണ്. എറണാകുളത്തു നിന്നും ഫോർട്ട്കൊച്ചിയിലേക്ക് ബോട്ടിൽ യാത്ര ചെയ്യുമ്പോൾ വില്ലിങ്ടൺ ഐലൻഡിലെ എംബാർക്കേഷൻ ജെട്ടിയിലും ബോട്ട് അടുപ്പിക്കാറുണ്ട്. ഈ ബോട്ട് യാത്രയ്ക്കിടയിൽ കൊച്ചിൻ പോർട്ട് ഓഫീസ് സമുച്ചയം ദൃശ്യമാണ്.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കപ്പലുകളാണ് വില്ലിങ്ടൺ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന കൊച്ചി തുറമുഖത്തിലേക്ക് വരുന്നത്. ഇവിടെ നിന്നും ലക്ഷദ്വീപിലേക്ക് കപ്പൽ സർവ്വീസുകളും ലഭ്യമാണ്. ലക്ഷദ്വീപ് വിനോദ സഞ്ചാര വിഭാഗമായ സ്പോർട്ട്സിന്റെ (സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്ചുർ ടൂറിസം ആന്റ് സ്പോർട്ട്സ്) ഓഫീസ് ഈ ദ്വീപിലാണ് പ്രവർത്തിക്കുന്നത്.

എറണാകുളത്ത് എല്ലാവർക്കും പരിചയമുള്ള റെയിൽവേ സ്റ്റേഷനുകളാണ് സൗത്തും നോർത്തും എന്നറിയപ്പെടുന്ന എറണാകുളം ജംക്ഷനും എറണാകുളം ടൗണും. എന്നാൽ ഇവയിൽ നിന്നുമൊക്കെ ഏറെ പ്രശസ്തമായൊരു റെയിൽവേ സ്റ്റേഷൻ കൂടിയുണ്ട് എറണാകുളത്ത്. എറണാകുളം എന്നു പറയുന്നെതിനേക്കാൾ ഒന്നുകൂടി നല്ലത് കൊച്ചിയിൽ എന്നായിരിക്കും. അതെ, കൊച്ചിയിലെ വില്ലിംഗ്ടൺ ഐലൻഡിലെ ‘കൊച്ചിൻ ഹാർബർ ടെർമിനസ്’ ആണ് ആ താരം. 

1943 ൽ ആണു കൊച്ചിൻ ഹാർബർ ടെർമിനസ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ നിർണായക സ്ഥാനമാണു ഹാർബർ ടെർമിനസ് സ്റ്റേഷനുണ്ടായിരുന്നത്. വിമാനത്താവളവും തുറമുഖവും റെയിൽവേ സ്റ്റേഷനും ഒക്കെ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന വിശേഷണം വില്ലിങ്ഡൻ ദ്വീപിനു സ്വന്തമായിരുന്നു. പ്രധാനമായും ചരക്കു നീക്കത്തിനു വേണ്ടിയായിരുന്നു ഈ സ്റ്റേഷൻ നിർമ്മിച്ചതെങ്കിലും യാത്രാ തീവണ്ടികളും ഇവിടെ നിന്നും യാത്രയാരംഭിച്ചു.

ഹാർബർ ടെർമിനസിനു വലതു വശത്ത് ഇപ്പോൾ ലക്ഷദ്വീപ് കപ്പലുകൾ ബെർത്ത് ചെയ്യുന്ന ഭാഗത്തു പണ്ട് ഒരു റെയിൽവേ സ്റ്റേഷനുണ്ടായിരുന്നു– കൊച്ചിൻ പിയർ എന്ന പേരിൽ. കപ്പലിൽ എത്തുന്ന വിദേശികൾക്കു തുറമുഖത്തു നിന്നു തന്നെ ട്രെയിൻ കയറാനുള്ള സൗകര്യമാണ് ഈ സ്റ്റേഷനിലുണ്ടായിരുന്നത്. ഹാർബർ ടെർമിനസിന്റെ സ്റ്റേഷൻ കോഡ് സിഎച്ച്ടിഎസ് എന്നായിരുന്നെങ്കിൽ സിഎച്ച്പിയായിരുന്നു കൊച്ചിൻ പിയർ. കായലിൽ നിന്നും പത്തു മീറ്ററോളം ദൂരമേയുള്ളൂ കൊച്ചിൻ ഹാർബർ ടെർമിനസിലേക്ക്.

കൊച്ചിൻ – ഷൊർണൂർ പാസഞ്ചറായിരുന്നു ഹാർബർ ടെർമിനസ് സ്റ്റേഷനിൽ നിന്നുള്ള ആദ്യ സർവീസ്. 60 വർഷം ഒരേ സമയക്രമത്തിൽ രാവിലെയും വൈകിട്ടും ഈ ട്രെയിൻ സർവീസ് നടത്തിയിരുന്നു. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തക്കുള്ള പാത മീറ്റർ ഗേജും ഷൊർണൂർ എറണാകുളം പാത ബ്രോഡ്‌ഗേജുമായിരുന്നു. രണ്ടു വശത്തു നിന്നുമുള്ള ട്രെയിനുകളെ സ്വീകരിക്കാൻ എറണാകുളം സൗത്ത് മുതൽ ഹാർബർ ടെർമിനസ് വരെയുള്ള പാത മീറ്റർ ഗേജും ബ്രോഡ് ഗേജുമുള്ള ഡ്യുവൽ ഗേജായിരുന്നു. എറണാകുളം ജംക്ഷൻ കഴിഞ്ഞാൽ പെരുമാനൂർ (തേവരയ്ക്ക് സമീപം), മട്ടാഞ്ചേരി ഹാൾട്ട്, കൊച്ചിൻ ഹാർബർ ടെർമിനസ് എന്നിങ്ങനെയായിരുന്നു സ്റ്റേഷനുകൾ.

മദ്രാസ് മെയിൽ, ഐലൻഡ് എക്സ്പ്രസ്, ടീ ഗാർഡൻ, ജയന്തി ജനത, നേത്രാവതി, മംഗള, രപ്തി സാഗർ, പരശുറാം തുടങ്ങിയ ഇന്നത്തെ പേരു കേട്ട ട്രെയിനുകളെല്ലാം തുടങ്ങിയത് കൊച്ചിൻ ഹാർബർ ടെര്മിനസിൽ നിന്നാണ്. പിൽക്കാലത്ത് അവ പേരും, റൂട്ടുമൊക്കെ മാറുകയായിരുന്നു. മേട്ടുപ്പാളയത്തുനിന്നു കൊച്ചി തുറമുഖത്തേക്കു തേയില കൊണ്ടുവന്നിരുന്ന ടീ ഗാർഡൻ എക്സ്പ്രസാണ് ഇന്നു കാണുന്ന എറണാകുളം- കാരൈക്കാൽ എക്സ്പ്രസ്. ഇന്ന് കന്യാകുമാരി– ബെംഗളൂരു റൂട്ടിലോടുന്ന ഐലൻഡ് എക്സ്പ്രസ് ആദ്യകാലത്ത് ഇവിടെ നിന്നുമായിരുന്നു സർവ്വീസ് നടത്തിയിരുന്നത്. ട്രെയിനിന്റെ പേരിലെ ഐലൻഡ്, വില്ലിങ്ഡൻ ഐലൻഡാണെന്ന് എത്രപേർക്കറിയാം? അന്നത്തെ മദ്രാസ് – കൊച്ചിൻ എക്സ്പ്രസ്സാണ് പിൽക്കാലത്ത് ചെന്നൈ – ആലപ്പി എക്സ്പ്രസ്സായി മാറിയത്. ഇവിടെ നിന്നു സര്‍വീസ് നടത്തിയിരുന്ന 17 ട്രെയിനുകളില്‍ ഒന്നൊഴിച്ചു ബാക്കിയെല്ലാം തന്നെ ഇന്നു വിവിധ ഭാഗങ്ങളില്‍ നിന്നു സര്‍വീസ് നടത്തുന്നു. ഹാര്‍ബര്‍ ടെര്‍മിനസ്-മുംബൈ ദാദര്‍ സര്‍വീസ് മാത്രമാണു എന്നെന്നേക്കുമായി നിര്ത്തലാക്കിയത്. വൈകാതെ ഈ റെയിൽവേ സ്റ്റേഷൻ പ്രവർത്തനരഹിതമായി.

2018 സെപ്തംബർ മാസത്തിൽ ഈ എറണാകുളം ജംങ്ഷനിൽ നിന്നും കൊച്ചിൻ ഹാർബർ ടെർമിനസിലേക്ക് പുതിയ ഡെമു സർവ്വീസ് ആരംഭിക്കുകയുണ്ടായി. ഉത്ഘാടന ദിവസത്തെ തിരക്ക് കണ്ട് എല്ലാവരും സന്തോഷിച്ചെങ്കിലും ആ സന്തോഷത്തിനു അധിക നേരം ആയുസ്സുണ്ടായില്ല. സർവീസുകളിൽ ആളില്ലാത്തതു മൂലം
തുടക്കത്തിലെ തന്നെ റെയില്‍വെയുടെ കണക്കു കൂട്ടലുകളെല്ലാം പിഴച്ചു. എല്ലാറ്റിനും ഒപ്പം ട്രെയിന്‍ കടന്നു പോകുമ്പോള്‍ വാത്തുരുത്തി ഭാഗത്ത് റെയില്‍വേ ഗേറ്റ് അടയ്ക്കുന്നത് മൂലമുള്ള ഗതാഗതക്കുരുക്കിനെതിരെ ആളുകള്‍ പ്രതിഷേധിച്ചു തുടങ്ങിയതും ഈ പൈതൃക റൂട്ടിലെ സര്‍വ്വീസിന്റെ ശവക്കല്ലറയിലെ അവസാനത്തെ ആണിയായി മാറി.

നേവിയുടെ ആസ്ഥാനമായ നേവൽബേസ് സ്ഥിതി ചെയ്യുന്നത് വില്ലിങ്ടൺ ഐലൻഡിലാണ്. ഇതിനടുത്തായി നേവിയുടെ തന്നെ ഒരു എയർപോർട്ടും സ്ഥിതി ചെയ്യുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വരുന്നതിനു മുൻപ് കൊച്ചിയിൽ വിമാനങ്ങൾ പറന്നിറങ്ങിയിരുന്നത് വില്ലിങ്ടൺ ഐലൻഡിലെ ഈ നേവി എയർപോർട്ടിൽ ആയിരുന്നു. പ്രളയം മൂലം കഴിഞ്ഞയിടയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടപ്പോൾ താൽക്കാലികമായി കൊച്ചി നേവി എയർപോർട്ടിൽ യാത്രാ വിമാനങ്ങൾ ഇറങ്ങിയിരുന്നു.

പുറമേ നിന്നും കൊച്ചിയുടെ പൈതൃകം കണ്ടറിയുവാൻ വരുന്ന സഞ്ചാരികൾ ഫോർട്ട്കൊച്ചിയ്ക്കും മട്ടാഞ്ചേരിയ്ക്കും ഒപ്പം വില്ലിങ്ടൺ ഐലൻഡ് കൂടി ഒന്നു സന്ദർശിക്കണം. പിന്നെയൊരു കാര്യമുണ്ട്, സാധാരണ ടൂറിസ്റ്റു കേന്ദ്രങ്ങളിലെപ്പോലെ ഇവിടെ വന്ന് ഒച്ചയും ബഹളവുമെടുത്ത് അടിച്ചുപൊളിക്കുവാനൊന്നും സാധിക്കില്ല. നമ്മുടെ രാജ്യത്തിൻറെ തന്ത്രപ്രധാനമായ പലതും സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ സന്ദർശിക്കുമ്പോൾ അൽപം കൂടി ജാഗ്രത പാലിക്കേണ്ടതാണ്.

വില്ലിങ്ടൺ ഐലൻഡിലേക്ക് എത്തിച്ചേരാൻ – എറണാകുളം നഗരത്തിൽ നിന്നും ഐലന്റിലേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ് (കുറവാണ്). എറണാകുളത്തു നിന്നും തേവര വഴി വന്ന് വെണ്ടുരുത്തി പാലം കയറിയാൽ വില്ലിങ്ടൺ ഐലൻഡ് ആയി.
കൂടാതെ ഈ ദ്വീപിലേയ്ക്ക് ദേശീയപാതകളിൽ ഏറ്റവും ചെറിയ പാത എന്നറിയപ്പെടുന്ന ദേശീയപാത 47A (കുണ്ടന്നൂർ – വെല്ലിങ്ടൺ ഐലന്റ്) വഴിയും എത്തിച്ചേരാം. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വൈപ്പിൻ,  മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ നിന്ന് ഈ ദ്വീപിലേയ്ക്ക് ധാരാളം യാത്രാബോട്ടുകൾ ദിവസവും സർവീസ് നടത്തുന്നു.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, വിവിധ ഇന്റർനെറ്റ് മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.