ചെന്നൈയിലെ കോവളം ബീച്ചിലെ കാഴ്ചകൾ കണ്ടതിന്റെ പിറ്റേദിവസം ഞങ്ങൾ ഉച്ചയോടെ വീണ്ടും കറങ്ങുവാനിറങ്ങി. ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ചിലേക്ക് ആയിരുന്നു ആദ്യം ഞങ്ങൾ പോയത്. പക്ഷെ ഉച്ചസമയത്ത് ഈ ചൂടിൽ ബീച്ചിൽ പോയിട്ട് എന്തുകാര്യം? പ്ലാൻ പാളിയെന്നു മനസ്സിലായപ്പോൾ ഞങ്ങൾ പിന്നെ വെയിലിൽ നിന്നും രക്ഷനേടാനുള്ള ആലോചനയിലാണ്. അങ്ങനെയാണ് ചെന്നൈയിലെ മാളുകൾ ഒന്ന് എക്‌സ്‌പ്ലോർ ചെയ്താലോ എന്ന ചിന്ത വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല ഞങ്ങൾ നേരെ ചെന്നൈയിലെ പ്രശസ്തമായ സിറ്റി സെന്ററിലേക്ക് നീങ്ങി. ധാരാളം സിനിമകൾ ഷൂട്ട് ചെയ്തിട്ടുള്ള സ്ഥലമാണ് സിറ്റി സെന്റർ. ഒരു കാലത്ത് ചെന്നൈയിലെ ഏറ്റവും തിരക്കേറിയ മാൾ ആയിരുന്ന സിറ്റി സെന്റർ, മറ്റു മാളുകൾ വന്നതോടെ തിരക്കു കുറഞ്ഞ അവസ്ഥയിലായി.

അല്ലറ ചില്ലറ ഷോപ്പിംഗ് ഒക്കെ നടത്തിയതിനു ശേഷം ഞങ്ങൾ അൽപ്പം വിശപ്പടക്കാൻ വേണ്ടി മാളിനകത്തുള്ള KFC യിലേക്ക് കയറി. അവിടെ ക്യാമറ ഉപയോഗിക്കാൻ പാടില്ലെന്ന് ജീവനക്കാർ ഞങ്ങളെ വിലക്കി. ശരിക്കും എന്താണ് അവിടെ ക്യാമറ ഉപയോഗിച്ചാൽ? അതിനർത്ഥം അവർ എന്തൊക്കെയോ മറയ്ക്കുന്നുണ്ട് എന്നല്ലേ? എന്തായാലും ഞാൻ എന്റെ മുഖവും ഫുഡും ഒക്കെ വീഡിയോയിൽ പകർത്തി. ഭക്ഷണം കഴിച്ചപ്പോഴാണ് സംഭവം മനസ്സിലായത്. സാധാരണ KFC യിൽ ഉള്ളപോലത്തെ ഫുഡ് ക്വാളിറ്റിയും ടേസ്റ്റും ഒന്നും ഉണ്ടായിരുന്നില്ല. വെറുതെയല്ല അവന്മാർ ക്യാമറ പാടില്ലെന്ന് പറഞ്ഞത്. വീഡിയോ ഒക്കെ എടുത്ത് ആരെങ്കിലും മോശം റിവ്യൂ ഇട്ടാലോ എന്നു വിചാരിച്ചായിരിക്കും. ഭക്ഷണം മോശമായതിന്റെ പ്രതിഷേധം ഞങ്ങൾ അവരോട് രേഖപ്പെടുത്തുകയും ചെയ്തു.

സിറ്റി സെന്ററിൽ നിന്നും പിന്നീട് ഞങ്ങൾ ‘എക്സ്പ്രസ്സ് അവന്യൂ’ എന്ന മാളിലേക്ക് ആയിരുന്നു പോയത്. ഗൂഗിൾ മാപ്പ് കാണിച്ച വഴികളിലൂടെ ഞങ്ങൾ യാത്ര തുടർന്നു. എറണാകുളത്തെ ബ്രോഡ്‌വേയെ അനുസ്മരിപ്പിക്കുന്ന ചെറിയ റോഡിലൂടെയൊക്കെയായിരുന്നു ഗൂഗിൾ മാപ്പ് ഞങ്ങളെ നയിച്ചത്. അത് ഞങ്ങൾക്ക് നല്ല പണിയും തന്നു. കുറേസമയം നല്ല കട്ട ബ്ലോക്കിൽ കിടക്കേണ്ടി വന്നു. ടൂവീലറുകാരും സൈക്കിളുകാരും ഒക്കെ കിട്ടിയ സ്ഥലത്തുകൂടി കുത്തിക്കയറ്റിയതും ബ്ലോക്ക് കൂടാൻ ഇടയാക്കി. ഒരുക്കണക്കിനു ഞങ്ങൾ അവിടെ നിന്നും രക്ഷപ്പെട്ടു എന്നു പറയാമല്ലോ.

അങ്ങനെ ഞങ്ങൾ അവസാനം എക്സ്പ്രസ്സ് അവന്യൂ മാളിൽ എത്തിച്ചേർന്നു. മാളിലെ പാർക്കിംഗ് ചാർജ്ജ് നല്ല കത്തിയായിരുന്നു. 60 രൂപയാണ് കാറുകൾക്ക്. കാർ പാർക്ക് ചെയ്ത ഞങ്ങൾ മാളിലേക്ക് കയറി. സിറ്റി സെന്ററിനേക്കാൾ മികച്ച രീതിയിലുള്ള ഒരു മാളായിരുന്നു അത്. നമ്മുടെ ലുലു മാളൊക്കെ പോലെ നല്ല കിടിലൻ ഐറ്റം. പുറമെ നിന്നും കണ്ടാൽ ചെറുതാണെന്ന് തോന്നിക്കുമെങ്കിലും മാളിനകത്ത് നല്ല സൗകര്യങ്ങളുണ്ടായിരുന്നു. അതിനിടയിൽ ഞങ്ങൾ ഇവിടെ ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തുകയും ചെയ്തു. അവന്യൂ മാളിലെ കാഴ്ചകളൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ പിന്നീട് പോയത് പോണ്ടി ബസാറിലേക്ക് ആയിരുന്നു.

പോണ്ടിബസാർ – പേര് പോലെ തന്നെ സ്ട്രീറ്റ് ഷോപ്പിംഗിനു പറ്റിയ ഒരു സ്ഥലമാണിത്. ഞങ്ങൾ അവിടെ ചെന്നപ്പോഴേക്കും ശ്വേതയുടെ അച്ഛനുമമ്മയും അളിയനും ഏടത്തിയും അവന്തികയുമൊക്കെ അവിടെ എത്തിയിരുന്നു. അങ്ങനെ ഞങ്ങളെല്ലാവരും കൂടി പോണ്ടി ബസാറിലൂടെ നടക്കുവാൻ തുടങ്ങി. മാളുകളിലെ ഷോപ്പിംഗിൽ നിന്നും വളരെ വ്യത്യസ്തവും വിലക്കുറവുമായിരുന്നു പോണ്ടി ബസാറിലേത്. തുണിത്തരങ്ങൾ, ഫാൻസി ആഭരണങ്ങൾ, കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ, ചെരിപ്പുകൾ, കിച്ചണിലേക്ക് ആവശ്യമായ ഐറ്റങ്ങൾ (പാത്രങ്ങളൊക്കെ) എന്നിവയൊക്കെ ഇവിടെ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. പോണ്ടി ബസാറിലെ കാഴ്ചകൾ കണ്ടും അൽപ്പം ഷോപ്പിംഗ് ഒക്കെ നടത്തിയും ഞങ്ങൾ ചായ കുടിക്കുവാനായി അവിടെ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ കയറി. ചീരവട, കുട്ടി ഇഡ്ഡലി, ഉഴുന്നുവട തുടങ്ങിയവയായിരുന്നു ഞങ്ങൾ കഴിച്ചത്. ചെന്നൈയിലെ ഇത്തരം ട്രഡീഷണൽ വിഭവങ്ങളുടെ രുചി എടുത്തു പറയേണ്ട ഒന്നുതന്നെയാണ്.

എല്ലാം കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ രാത്രിയായിത്തുടങ്ങിയിരുന്നു. ഇന്നത്തെ ഷോപ്പിംഗ് ഇനിയും അവസാനിച്ചിട്ടില്ല. പോണ്ടി ബസാറിൽ നിന്നും ഞങ്ങൾ ഇനി പോകുന്നത് ടി നഗറിലേക്ക് ആണ്. അവിടത്തെ കിടിലൻ ഷോപ്പിംഗ് അനുഭവങ്ങളും വിശേഷങ്ങളുമൊക്കെ അടുത്ത ഭാഗത്തിൽ കാണാം, വായിക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.