ഊട്ടിയിലെ കറക്കമെല്ലാം കഴിഞ്ഞു ഞങ്ങൾ ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിൽ എത്തി. കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം എഴുന്നേറ്റു റെഡിയായി ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ സലീഷേട്ടൻ അവിടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങളൊന്നിച്ചു ചായ കുടിച്ചുകൊണ്ട് നടക്കുവാൻ തുടങ്ങി. റിസോർട്ടും പരിസരവുമെല്ലാം ഒന്നു ചുറ്റിക്കറങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചു.

റിസോർട്ടിൽ വളർത്തുന്ന പക്ഷിമൃഗാദികളുടെ അടുത്തേക്ക് ആയിരുന്നു ഞങ്ങൾ ആദ്യം പോയത്. എല്ലാവരും സലീഷേട്ടനുമായി നല്ല അടുപ്പമായിരുന്നു. മുയലും താറാവും കൂടി ഒന്നിച്ചു ചാടിക്കളിക്കുന്ന കാഴ്ച ഇവിടെയല്ലാതെ വേറെയെവിടെ കാണാനാകും? ഇതിനിടെ ശ്വേതയും സലീഷേട്ടനോടൊപ്പം അവയ്ക്ക് തീറ്റ കൊടുക്കുവാനായി ഇറങ്ങി.

പിന്നീട് ഞങ്ങൾ പോയത് തോട്ടത്തിലേക്ക് ആയിരുന്നു. മിയാവാക്കി രീതിയിൽ ഒരു വനം കൃത്രിമമായി നിർമ്മിക്കുന്നത് എങ്ങനെയെന്നു കാണുവാനായിരുന്നു ഞങ്ങൾ അവിടേക്ക് പോയത്. മുൻപ് ഇവിടെ വന്നപ്പോൾ ഞാൻ ഇതെല്ലം കണ്ടിരുന്നുവെങ്കിലും ശ്വേതയ്ക്ക് ഇതൊക്കെ പുതിയ അറിവുകൾ ആയിരുന്നു. എന്താണ് ഈ മിയാവാക്കി എന്ന് അറിയാമോ? ഇല്ലെങ്കിൽ പറഞ്ഞുതരാം.

മിയാവാക്കി എന്നു പറയുന്നത് ജാപ്പനീസ് മാതൃകയിലുള്ള ഒരു പ്ലാന്റിങ് രീതിയാണ്. ജപ്പാനിൽ അടിക്കടിയുണ്ടാകുന്ന സുനാമിയുടെ ആക്രമണത്താൽ അവിടെ ധാരാളം മരങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. അതിനാൽ വളരെ പെട്ടെന്ന് മരങ്ങൾ വളർത്തുന്നതിനായി കണ്ടെത്തിയ ഒരു മാർഗ്ഗമാണ് മിയാവാക്കി. സാധാരണ നമ്മൾ ഒരു ചെടി എങ്ങനെയാണ് നടുന്നത്? സിംപിളായി ഒരു കുഴി കുത്തി നടുകയാണ് ചെയ്യുന്നത്.

എന്നാൽ മിയാവാക്കി രീതി പ്രകാരം ചെടികൾ നേടേണ്ട സ്ഥലത്ത് കൃത്യമായി മാർക്ക് ചെയ്തിട്ട് ജെസിബി ഉപയോഗിച്ച് ഏകദേശം അഞ്ചടിയോളം താഴ്ചയിൽ കുഴി കുത്തുകയാണ് ആദ്യം ചെയ്യുന്നത്. എന്നിട്ടു ഒരു ടാങ്ക് പോലെ കിടക്കുന്ന ആ കുഴിയിൽ ആദ്യം ലെയർ ആയി ചാണകവും ബാക്കി കമ്പോസ്റ്റു വളവുമൊക്കെ ഇടുന്നു. എന്നിട്ട് മുകളിൽ അവസാനത്തെ ഒരടി മാത്രം മണ്ണ് ഇടുന്നു. യന്ത്രസഹായത്തോടെ ഒരു മീറ്റര്‍ ആഴത്തില്‍ വരെ മണ്ണിളക്കിയ ശേഷം തൈകള്‍ നടുന്നു. SR ജംഗിൾ റിസോർട്ടിൽ മിയാവാക്കി രീതി ഉപയോഗിച്ചിരിക്കുന്ന അളവുകളാണ് ഈ പറഞ്ഞത്.

ഭൂമിയുടെയും മണ്ണിന്റെയും സ്വഭാവമനുസരിച്ച് പല സ്ഥലങ്ങളിലും പല അളവുകളിലായിരിക്കും കുഴി കുത്തുന്നതും വളം ചേർക്കുന്നതുമൊക്കെ. ഒരു ചതുരശ്ര മീറ്ററില്‍ മൂന്ന് മുതല്‍ അഞ്ചുവരെ തൈകള്‍ വരുന്ന രീതിയില്‍ ഇടതിങ്ങിയാണ് ഇതിൽ മരങ്ങൾ നടുന്നത്. ഏകദേശം ആറുമാസംകൊണ്ട് ഇവിടെ മനുഷ്യനേക്കാൾ പൊക്കത്തിൽ മരങ്ങൾ വളരുന്നു.

എല്ലാത്തരം മരങ്ങളും ഈ രീതിയിൽ നടാവുന്നതാണ്. പലതരം മരങ്ങൾ ഇടകലർത്തിയും നടാവുന്നതാണ്. അപ്പോൾ കാടിന്റെ ഒരു സ്വാഭാവിക രൂപം ലഭിക്കുകയും ചെയ്യും. സൂര്യപ്രകാശം ലഭിക്കുവാനായി മരങ്ങൾ തമ്മിൽ വളരാൻ മത്സരമായിരിക്കും ഈ രീതിയിൽ നടുമ്പോൾ. ഇതൊക്കെ നമ്മുടെ നാട്ടിലും ധാരാളമായി പരീക്ഷിക്കാവുന്നതാണ്. ചെറിയ ചെറിയ സ്ഥലങ്ങളിൽപ്പോലും ഈ രീതി ഉപയോഗിച്ച് മരങ്ങൾ നടുവാൻ സാധിക്കും. നമ്മുടെ നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന കാവുകൾ ഇത്തരത്തിൽ വീണ്ടെടുക്കാവുന്നതാണ്.

അങ്ങനെ ഞങ്ങളും മിയാവാക്കി രീതിയിൽ അവിടെ മരങ്ങൾ (മാവും ആലും) നടുകയുണ്ടായി. പൂജാ ചടങ്ങുകളോടെയായിരുന്നു ഞങ്ങൾ മരം നട്ടത്. വളരെയധികം സന്തോഷത്തോടെയാണ് ഞങ്ങൾ മരങ്ങൾ നട്ടത്.ചിലവ് കുറഞ്ഞ ഈ മാതൃക ഉപയോഗിച്ച് നഷ്ടപ്പെട്ട വനങ്ങള്‍ തിരിച്ചു പിടിക്കുവാൻ വളരെ എളുപ്പമാണ്. 100 വര്‍ഷം പഴക്കമുള്ള കാടുകള്‍ പോലും വെറും പത്തുവര്‍ഷം കൊണ്ട് സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ വിപ്ലവകരമാണ് മിയാവാക്കി രീതി. പ്രശസ്തനായ ജപ്പാന്‍കാരനായ പരിസ്ഥിതി സംരക്ഷൻ അക്കിര മിയാവാക്കിയാണ് ഈ രീതി ലോകത്തിനു മുന്നിലേക്ക് വികസിപ്പിച്ചു കൊണ്ടുവന്നത്.

കാടുണ്ടാക്കുക എന്ന ആശയം ലോകത്തിനുമുമ്പിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ് അക്കിര. നഗരങ്ങളിലെ ഫ്‌ളാറ്റുകളുടെ പരിസരത്തു വരെ കാടുണ്ടാക്കാൻ പലരും ഈ രീതി ഉപയോഗിക്കുന്നുണ്ടത്രേ. കാടില്ലാതാവുകയും ചൂടേറുകയും ചെളിയും കുളവും നല്ല പച്ചവെള്ളവും നഷ്ടപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് നമ്മുടെ ആവാസ വ്യവസ്ഥയെ നിലനിർത്തുവാനായി ഇത്തരം രീതികൾ എല്ലാവരും പിൻതുടരേണ്ടത് വളരെ അത്യാവശ്യമാണ്. പുതു തലമുറ ഇതിനായി രംഗത്തിറങ്ങണം.

2 ലക്ഷത്തിലധികം മരങ്ങൾ നട്ടുവളർത്തി ഉണ്ടാക്കിയതാണ് കോയമ്പത്തൂർ ആനക്കട്ടിയിലുള്ള SR ജങ്കിൾ റിസോർട്ട്. 360 ഡിഗ്രീ ജങ്കിൾ വ്യൂ ലഭിക്കുന്ന ഈ റിസോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ വിളിക്കുക: 8973950555.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.