ചൈനയിൽ വന്നതിന്റെ രണ്ടാം ദിവസം ഉച്ചയോടെയായിരുന്നു ഞങ്ങൾ കറങ്ങുവാനായി പുറത്തേക്കിറങ്ങിയത്. തലേദിവസം ഹാലോവീൻ പാർട്ടിയൊക്കെ കഴിഞ്ഞു വളരെ വൈകിയായിരുന്നു, കൃത്യമായി പറഞ്ഞാൽ വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു ഞങ്ങൾ റൂമിലെത്തി കിടന്നുറങ്ങിയത്. അതുകൊണ്ടാണ് എഴുന്നേൽക്കുവാൻ ഇത്രയും വൈകിയത്. ഹോട്ടലിനു താഴെ എത്തിയപ്പോൾ സഹീർഭായ് ഞങ്ങളോടൊപ്പം ചേർന്നു.
വൈകി എഴുന്നേറ്റതിനാൽ ബ്രേക്ക്ഫാസ്റ്റ് മിസ് ആയിരുന്നു. അതുകൊണ്ട് ലഞ്ചും ബ്രേക്ക്ഫാസ്റ്റും കൂടി ബ്രഞ്ച് ആക്കി കഴിക്കുവാനായിരുന്നു ഞങ്ങളുടെ പ്ലാൻ. അങ്ങനെ ഞങ്ങൾ സഹീർ ഭായിയോടൊപ്പം കാറിൽക്കയറി ഒരു അറബിക് റെസ്റ്റോറന്റിലേക്ക് പോയി. വിഭവങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയുള്ള അവിടത്തെ മെനു കാർഡ് മനോഹരമായിരുന്നു. കുഴിമന്തിയായിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. സംഭവം വരുന്നത് വരെ, ചൈനയിൽ താൻ എത്തിപ്പെട്ടതിന്റെയും വിജയം കൈവരിച്ചതിന്റെയുമൊക്കെ കഥ സഹീർഭായി വിവരിച്ചു.
ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞതിനു ശേഷം ഞങ്ങൾ യിവു മാർക്കറ്റിലേക്ക് ആയിരുന്നു പോയത്. പലതരം സാധനങ്ങൾ ഹോൾസെയിൽ ആയി പർച്ചേസ് ചെയ്യുവാൻ പറ്റിയ കടകളായിരുന്നു മാർക്കറ്റിൽ ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. ഒറിജിനലിനോട് കിടപിടിക്കുന്ന മെഷീൻ ഗൺ ടോയ്‌സ്, പലതരം ആഭരണങ്ങൾ, ഭക്ഷണ വിഭവങ്ങളുടെ സ്പോഞ്ച് മോഡലുകൾ തുടങ്ങി വ്യത്യസ്തതരം ഐറ്റങ്ങൾ അവിടെ ഞങ്ങളെ ആകർഷിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ഇവിടെ നിന്നും സാധനങ്ങൾ വമ്പൻ ഓർഡറുകളായി കയറ്റി അയക്കപ്പെടുന്നുണ്ട്.
യിവു മാർക്കറ്റിലെ കാഴ്ചകൾ ആസ്വദിച്ചു നടന്നതിനു ശേഷം ഞങ്ങൾ സഹീർ ഭായിയുടെ ഓഫീസിലേക്കായിരുന്നു പോയത്. Yiwu Sidi Import and Export co. Ltd എന്നായിരുന്നു സഹീർ ഭായിയുടെ ഓഫീസിന്റെ പേര്. ഓഫീസ് റൂമിൽ നിന്നുള്ള വ്യൂ അതിമനോഹരമായിരുന്നു. യിവു നഗരത്തിന്റെ ദൃശ്യം അവിടെ നിന്നും സാധ്യമായിരുന്നു. ഓഫീസിൽ കുറച്ചു സമയം ചെലവഴിച്ചതിനു ശേഷം ഞങ്ങൾ അവിടെ നിന്നും പുറത്തേക്കിറങ്ങി. വണ്ടിയോടിക്കുവാനായി സഹീർ ഭായി ഒരാളെ ഏർപ്പാടാക്കിയിരുന്നു. ലൈസൻസ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഓടിച്ചേനെ. പക്ഷെ നമുക്ക് ഇപ്പോൾ ലൈസൻസ് ഇല്ലല്ലോ, ഹാ..
ചൈനയിൽ നിന്നും നാട്ടിലേക്ക് സാധനങ്ങൾ അധികമായി പർച്ചേസ് ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ അവ എങ്ങനെയാണ് നമ്മുടെ പക്കൽ എത്തിച്ചേരുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള ഉത്തരം നേരിട്ടു ബോധ്യമാക്കിത്തരുവാനായി അവിടത്തെ വെയർഹൗസുകളിലേക്ക് ആയിരുന്നു സഹീർഭായി ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്. കയറ്റുമതി, ഇറക്കുമതി എന്നിവയെക്കുറിച്ചുണ്ടായിരുന്ന എൻ്റെ സംശയങ്ങളൊക്കെ സഹീർഭായി തീർത്തു തന്നു. ഒപ്പം വെയർഹൗസ് ചുറ്റി നടന്നു കാണുവാനും ഞങ്ങൾക്ക് അവസരം ലഭിച്ചു.
ചൈനയിൽ നല്ല തണുപ്പായതിനാൽ എനിക്ക് ജലദോഷം പിടിച്ചിരുന്നു. വെയർഹൗസ് സന്ദർശനത്തിനു ശേഷം തിരികെ വരുന്ന വഴി ഒരു മെഡിക്കൽ ഷോപ്പിൽ നിന്നും ടാബ്‌ലറ്റ് വാങ്ങിക്കഴിച്ചു. അങ്ങനെ അന്നത്തെ ദിവസം ഞങ്ങൾ അവിടമാകെ ചുറ്റിക്കറങ്ങിക്കണ്ടു. ജലദോഷം പിടിപെട്ടെങ്കിലും യാത്രയുടെ മൂഡ് വീണ്ടെടുക്കുവാനായി യിവുവിലെ നൈറ്റ് ലൈഫ് ആസ്വദിക്കുവാനായി ഞങ്ങൾ തീരുമാനിച്ചു.
രാത്രി സമയത്ത് മാത്രം പ്രവർത്തിക്കുന്ന ഒരു നൈറ്റ് ഫുഡ് സ്ട്രീറ്റിലേക്കായിരുന്നു ഞങ്ങൾ പോയത്. നൈറ്റ് മാർക്കറ്റിൽ സീഫുഡ്, ന്യൂഡിൽസ്, മറ്റു ഐറ്റംസ് എന്നിവയടങ്ങിയ സ്ട്രീറ്റ് ഫുഡുകൾ എക്പ്ലോർ ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചു. പാറ്റ, തേള്, പഴുതാര, തവള തുടങ്ങി ഇവിടെ ലഭിക്കാത്തതായ ഇറച്ചികളൊന്നും ഉണ്ടെന്ന് തോന്നുന്നില്ല (പാമ്പ് ഇല്ലെന്നു തോന്നുന്നു). ഭക്ഷണം കഴിക്കുവാനായി ധാരാളമാളുകളായിരുന്നു അവിടെ എത്തിയിരുന്നത്.
അവിടമാകെ താഴെ കാർപെറ്റ് വിരിച്ചിരുന്നുവെങ്കിലും അവയിലൊന്നും ഒരു മാലിന്യം പോലുമുണ്ടായിരുന്നില്ല. എല്ലാവരും വൃത്തിയുടെ കാര്യത്തിൽ നൂറിൽ നൂറ് മാർക്കും വാങ്ങുന്ന തരത്തിലായിരുന്നു. മാലിന്യങ്ങളെല്ലാം നിക്ഷേപിക്കുവാൻ പ്രത്യേകം ബാസ്‌ക്കറ്റുകൾ അവിടെ പലയിടങ്ങളിലായി വെച്ചിട്ടുണ്ടായിരുന്നു. ആളുകൾ ആ ബാസ്കറ്റുകളിലാണ് വേസ്റ്റുകൾ ഇട്ടിരുന്നത്. ചൈനയിൽ വരുന്നവർ തീർച്ചയായും അനുഭവിച്ചറിയേണ്ട ഒന്നാണ് യിവുവിലെ ഈ സ്ട്രീറ്റ് ഫുഡ് നൈറ്റ് മാർക്കറ്റ്. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ താല്പര്യമുള്ളവരാണെങ്കിൽ അടിപൊളിയാകും. To contact Saheer Bhai in China : https://www.instagram.com/saheerchn/, Whatsapp: 008615669591916.