Tech Travel Eat ൻ്റെ INB ട്രിപ്പ് നേപ്പാളിലാണ് ഇപ്പോൾ. പ്രതീക്ഷിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു നേപ്പാൾ ഞങ്ങൾക്ക് നൽകിയിരുന്നത്. നേപ്പാളിലെ മൂന്നാം ദിവസം ഞങ്ങൾ പോയത് കാഠ്‌മണ്ഡുവിലെ സ്വയംഭൂനാഥ് ക്ഷേത്രത്തിലേക്ക് ആയിരുന്നു. ഇങ്ങനെ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല. എന്നാൽ ‘യോദ്ധ’ സിനിമ ഷൂട്ട് ചെയ്ത സ്ഥലം എന്നു പറഞ്ഞാൽ നിങ്ങൾക്ക് സ്ഥലം മനസ്സിലാകും. ജഗതിച്ചേട്ടനും ലാലേട്ടനും തകർത്തഭിനയിച്ച യോദ്ധ സിനിമയിലൂടെയായിരിക്കും നമ്മൾ ഭൂരിഭാഗം മലയാളികളും നേപ്പാൾ കണ്ടിട്ടുള്ളത്.
ഹാരിസ് ഇക്ക കളർഫുള്ളായ ഒരു ഷർട്ടൊക്കെ ഇട്ടായിരുന്നു വന്നിരുന്നത്. എമിൽ ആണെങ്കിൽ സിനിമയിൽ ജഗതിച്ചേട്ടൻ ഇട്ടിരുന്നതു പോലത്തെ കറുത്ത ഡ്രസ്സും. ഹാരിസ് ഇക്ക മോഹൻലാലും എമിൽ ജഗതിയായും ഒക്കെ സങ്കൽപ്പിച്ചു ഡയലോഗ് ഒക്കെപ്പറഞ്ഞു പരസ്പരം ചളിയടിക്കുന്ന കാഴ്ച അടിപൊളിയായിരുന്നു. സത്യത്തിൽ നേപ്പാളിൽ വന്നിട്ട് ഞങ്ങൾ എൻജോയ് ചെയ്ത ഒരു സ്ഥലം ഇതായിരുന്നു. ഞങ്ങളുടെ കളിയും ചിരിയും സന്തോഷവുമൊക്കെ കണ്ടിട്ട് അവിടെയുള്ളവർ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.
ഒരു മലമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടികൾ കയറി വേണം മുകളിലേക്ക് എത്തുവാൻ. കയറുന്നതിനിടയിൽ വഴിയുടെ വശങ്ങളിൽ ധാരാളം സാധനങ്ങൾ വിൽക്കുവാൻ വെച്ചിട്ടുണ്ടായിരുന്നു. കുരങ്ങന്മാരുടെ ഒരു പട തന്നെ അവിടെ കാണാമായിരുന്നു. ചിലർ ഭക്ഷണ സാധനങ്ങളൊക്കെ അവർക്ക് ഇട്ടുകൊടുക്കുന്നുണ്ടായിരുന്നു. കുത്തനെയുള്ള കയറ്റം കയറി മുകളിൽ എത്തിയാൽ കാഠ്‌മണ്ഡു നഗരത്തിന്റെ മനോഹരമായ ദൃശ്യം നമുക്ക് കാണുവാൻ സാധിക്കും.
മുകളിലെത്തിയാൽ അവിടെ ഒരു ടിക്കറ്റ് കൗണ്ടർ കാണാം. ക്ഷേത്രത്തിലേക്ക് പ്രവേശിക്കണമെങ്കിൽ പാസ്സ് എടുക്കേണ്ടതായുണ്ട്. സാർക്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 50 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണ് ഫീസ്. ഞങ്ങൾ ടിക്കറ്റ് എടുത്തുകൊണ്ട് അകത്തേക്ക് കയറി. ടിബറ്റൻ സ്റ്റൈലിലുള്ള ഒരു ക്ഷേത്രമായിരുന്നു അത്. മുകളിൽ ധാരാളം ടിബറ്റൻ ഫ്‌ലാഗുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ഒപ്പം ധാരാളം സ്തൂപങ്ങളും കാണാം. വളരെ നല്ലൊരു പോസിറ്റീവ് എനർജ്ജിയായിരുന്നു ഞങ്ങൾക്ക് അവിടെ നിന്നും ലഭിച്ചത്.
മുകളിലും ധാരാളം കടകൾ ഉണ്ടായിരുന്നു. കരകൗശല വസ്തുക്കളും, ടിബറ്റൻ ഫ്ലാഗുകളും (നമ്മൾ ബൈക്കുകളിലും മറ്റും കാണുന്നത്), ഗൂർഖകളുടെ കൈവശമുള്ള ‘കുക്കുടി’ എന്നു പേരുള്ള കത്തി എന്നിവയൊക്കെ അവിടെ വിൽക്കുവാൻ വെച്ചിട്ടുണ്ടായിരുന്നു. സാധനങ്ങൾ വാങ്ങുന്നവർ നന്നായി വിലപേശിയായിരുന്നു വാങ്ങിയിരുന്നത്. വില പേശിയാൽ അവർ ആദ്യം പറയുന്ന തുകയുടെ മൂന്നിലൊന്നു തുകയ്ക്ക് സാധനം കിട്ടും. രണ്ടായിരം രൂപ പറഞ്ഞ ആ കത്തി അവസാനം ഞങ്ങൾക്ക് 1100 നേപ്പാളി രൂപയ്ക്ക് ലഭിച്ചു.
കുറേസമയം മുകളിൽ ചെലവഴിച്ചതിനു ശേഷം ഞങ്ങൾ തിരികെ പടികൾ ഇറങ്ങുവാൻ ആരംഭിച്ചു. ഈ സ്റ്റെപ്പുകൾ കയറി പോകുന്ന വഴി കൂടാതെ വാഹനങ്ങൾ കയറി വരുന്ന വഴിയും ഇവിടേയ്ക്ക് ഉണ്ടെന്നു ഞങ്ങൾ അറിഞ്ഞു. എന്നാലും പാടി കയറി വരുന്നതായിരിക്കും കുറച്ചു കൂടി നല്ലതെന്നു ഞങ്ങൾക്ക് തോന്നി. എന്തായാലും നേപ്പാളിൽ വരുന്നവർക്ക് നല്ലൊരു ഫീൽ തരുന്ന ഒരിടമാണ് സ്വയംഭൂനാഥ് ക്ഷേത്രം. ഇവിടേക്ക് വരുന്നതിനു മുൻപായി ‘യോദ്ധാ’ സിനിമ ഒന്നുകൂടി കാണുക എന്നോർമ്മിപ്പിക്കുന്നു. അതുകഴിഞ്ഞു ഇവിടെ വരുമ്പോൾ നല്ലൊരു അനുഭവം തന്നെയായിരിക്കും.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.