ചൈനയിലെ ടൂറിസ്റ്റ് ആകർഷണങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഉയരത്തിലുള്ള കണ്ണാടിപ്പാലങ്ങൾ. ചൈനയിൽ ധാരാളം കണ്ണാടിപ്പാലങ്ങൾ ഉണ്ട്. ഞങ്ങൾ താമസിച്ചിരുന്ന ഷാഞ്ചിയാജി എന്ന സ്ഥലത്തും ഒരു കണ്ണാടിപ്പാലം ഉണ്ടായിരുന്നു. അങ്ങനെ അവതാർ മലനിരകൾ കണ്ടതിനു ശേഷമുള്ള അടുത്ത ദിവസം ഞങ്ങൾ ഈ ഗ്ളാസ് ബ്രിഡ്ജ് കാണുവാനായിരുന്നു പ്ലാൻ ഇട്ടിരുന്നത്. ചൈനയിലെ കണ്ണാടിപ്പാലങ്ങൾ അടയ്ക്കുവാൻ പ്ലാനുണ്ട് എന്ന് ചില മാധ്യമങ്ങളിൽ വാർത്ത കണ്ടിരുന്നു. അതിനാൽ ആ അവസരം ഇപ്പോൾ വിനിയോഗിക്കാം എന്നു വിചാരിച്ചു.

രാവിലെ തന്നെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിനു മുന്നിൽ നിന്നും ഒരു ടാക്സി വിളിച്ചു. ടാക്സിക്കാരനാണെങ്കിൽ ചൈനീസ് ഭാഷ മാത്രമേ അറിയൂ. ഇംഗ്ലീഷ് എത്ര പറഞ്ഞിട്ടും അങ്ങേർക്ക് മനസിലാകുന്നില്ല. ഒടുവിൽ ഒരുകണക്കിനു കണ്ണാടിപ്പാലത്തിലേക്ക് ആണ് പോകേണ്ടതെന്നു അയാളെ അറിയിച്ചു.

അങ്ങനെ ഞങ്ങൾ ടാക്സിക്കാറിൽ കയറി ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് യാത്രയായി. കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം കാർ ഡ്രൈവർ ഞങ്ങളെ സ്ഥലത്തെത്തിച്ചു. ഞങ്ങളെ ഇറക്കി തിരികെ പോകുന്നതിനു മുൻപ് ഡ്രൈവർ ഓടിവന്നു ഞങ്ങൾക്ക് ടിക്കറ്റ് കൗണ്ടർ കാണിച്ചു തന്നിട്ടു പോയി.

ഞങ്ങൾ അവിടേക്ക് നടക്കുന്നതിനിടെ ബൈജു ചേട്ടന്റെ കൈയിൽ DSLR ക്യാമറ കണ്ട് ഒരാൾ വന്ന് അവിടെ ക്യാമറ അനുവദനീയമല്ലെന്നു പറഞ്ഞു. ഞാൻ വീഡിയോ പകർത്തിയിരുന്നത് ഐഫോൺ, ചെറിയ കാനൻ G7X എന്നിവയിൽ ആയിരുന്നതിനാൽ അതിനു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.

ടിക്കറ്റ് കൗണ്ടറിലിരുന്ന യുവതിയ്ക്ക് ചൈനീസ് മാത്രമേ അറിയാൻ പാടുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ പാസ്സ്‌പോർട്ട് വാങ്ങി പരിശോധിച്ച ശേഷം അവർ ഞങ്ങൾക്ക് ടിക്കറ്റ് തന്നു. ടിക്കറ്റും വാങ്ങി ഞങ്ങൾ നടന്നു. ‘ഷാഞ്ചിയാജി ഗ്രാൻഡ് കാന്യൻ ഗ്ലാസ്സ് ബ്രിഡ്ജ്’ എന്നായിരുന്നു ആ കണ്ണാടിപ്പാലത്തിന്റെ പേര്. കുറച്ചു നടന്നപ്പോൾത്തന്നെ പാലത്തിന്റെ എൻട്രൻസ് ഞങ്ങൾക്ക് കാണുവാൻ സാധിച്ചു.

ശരിക്കും ഞങ്ങൾ അപ്പോൾ ഒരു വലിയ മലയുടെ മുകളിലായിരുന്നു നിന്നിരുന്നത് എന്ന സത്യം പാലത്തിനടുത്തെത്തിയപ്പോൾ ആണ് മനസ്സിലായത്. പാലത്തിലേക്ക് കയറുന്നതിനു മുൻപായി സന്ദർശകരുടെ ചെരുപ്പിനു മീതെ ധരിക്കുവാൻ ഒരു ആവരണം അവർ തരും. കണ്ണാടിപ്പാലത്തിലെ ചില്ലുകൾക്ക് കേടുപാടുകൾ വരുമെന്നതിനാലാണ് ഇത്തരത്തിൽ ആവരണം ധരിക്കേണ്ടി വരുന്നത്. അതേതായാലും നന്നായി.

അങ്ങനെ ഞങ്ങൾ പാലത്തിലേക്ക് കയറി. പാലം മുഴുവനും ചില്ല് ആയിരുന്നില്ല. ചതുരക്കഷ്ണം പോലെയായിരുന്നു പാലത്തിൽ ഗ്ളാസ് ഘടിപ്പിച്ചിരുന്നത്. ആയതിനാൽ വലുതായി പേടിക്കേണ്ട അവസ്ഥ വരുന്നില്ല. ഇങ്ങനെയൊക്കെ വിചാരിച്ചു പാലത്തിലൂടെ നടന്നു തുടങ്ങിയപ്പോൾ ആണ് നെഞ്ചിടിപ്പ് കൂടിയത്. നടക്കുന്നതിനിടയിൽ താഴേക്ക് നോക്കിയപ്പോൾ ശരിക്കും തലകറങ്ങുന്ന പോലെ തോന്നി. പൊതുവെ ധൈര്യശാലിയായിരുന്ന ബൈജു ചേട്ടൻ പോലും അൽപ്പം പേടിച്ചു എന്നതാണ് സത്യം.

മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായിരുന്നുവെങ്കിലും അവിടെ ഞങ്ങൾ ചെല്ലുമ്പോൾ സന്ദർശകർ വളരെ കുറവായിരുന്നു. കുറച്ചു ദൂരം കണ്ണാടിപ്പാലത്തിലൂടെ നടന്നപ്പോൾ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന പേടി കുറേശ്ശെ മാറിത്തുടങ്ങിയിരുന്നു. ചില സഞ്ചാരികൾ പാലത്തിലെ ചില്ലിൽ കിടന്നും ഇരുന്നുമൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു. ചിലരാകട്ടെ ചില്ലിൽ നിന്നുകൊണ്ട് ഡാൻസ് കളിക്കുന്നു. അതുകണ്ടിട്ട് ഞങ്ങളും അതുപോലെയൊക്കെ ഇരുന്നും കിടന്നുമൊക്കെ ആസ്വദിച്ചു.

ഞങ്ങൾ നടന്നു നടന്നു പാലത്തിന്റെ അങ്ങേയറ്റത്ത് എത്തിച്ചേർന്നു. അവിടെ ഞങ്ങൾ ഞങ്ങളുടെ കാലിലുണ്ടായിരുന്ന ആവരണം ഒരു ബാസ്‌ക്കറ്റിൽ നിക്ഷേപിച്ച ശേഷം അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. അപ്പോഴാണ് അതിലും വലിയ രസം. വലിയ കണ്ണാടിപ്പാലം കഴിഞ്ഞു അതാ വരുന്നു മലയുടെ ചെരിവിലൂടെ അടുത്ത കണ്ണാടിപ്പാലം. ആദ്യം കയറിയ വലിയ പാലത്തിലൂടെ നടക്കുന്നതിലും ഭീതിജനകമായിരുന്നു മലയുടെ വശങ്ങളിൽ പണിതിരിക്കുന്ന വീതി കുറഞ്ഞ ഈ പാലത്തിലൂടെ നടക്കുന്നത്.

ആ പാലത്തിലൂടെ നടന്നു അപ്പുറത്തുള്ള ലിഫ്റ്റിന് സമീപത്ത് ഞങ്ങൾ എത്തിച്ചേർന്നു. ഒരാൾക്ക് 300 രൂപ കൊടുത്ത് ആ ലിഫ്റ്റിൽ കയറി നമുക്ക് താഴേക്ക് ഇറങ്ങാം. അങ്ങനെ ഞങ്ങൾ ലിഫ്റ്റിൽ കയറി താഴേക്ക് പോയി. പക്ഷെ ഏറ്റവും താഴെ വരെ ലിഫ്റ്റ് പോകില്ല. പിന്നീട് അവിടുന്ന് അമ്യൂസ്‌മെന്റ് പാർക്കുകളിൽ കാണപ്പെടുന്നതു പോലെ ഇരുന്നു തെന്നി ഇറങ്ങണം.

ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു സെറ്റപ്പ് ആയിരുന്നു അത്. ഞങ്ങൾ ഇരുന്നു തെന്നി ഇറങ്ങി.സ്പീഡ് കൂടിയാൽ ബ്രേക്ക് ചെയ്യുവാനായി അവർ നമുക്ക് കൈയിൽ ധരിക്കാൻ ഒരു ഗ്രിപ്പ് ഉള്ള കൈയുറ നൽകും. സ്പീഡ് കൂടിയെന്നു തോന്നിയാൽ ആ ഗ്ലൗസിട്ട കൈ കൊണ്ട് വശങ്ങളിലുള്ള കമ്പിയിൽ പിടിച്ചാൽ മതി. അങ്ങനെ ഒരു കിടിലൻ അഡ്വഞ്ചർ യാത്ര ആസ്വദിച്ചു ഞങ്ങൾ താഴെയെത്തിച്ചേർന്നു. പിന്നെ അടുത്ത ഏരിയ തപ്പി ഞങ്ങൾ നടത്തമാരംഭിച്ചു. ആ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.