സൗദി – ബഹ്‌റൈൻ അതിർത്തിയിലെ കാഴ്ചകൾ കണ്ടതിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ബഹ്‌റൈനിലെ പ്രസിദ്ധമായ ഗ്രാൻഡ് മോസ്‌ക്കിലേക്ക് ആയിരുന്നു. പേരുപോലെതന്നെ നല്ല ഗ്രാൻഡ് തന്നെയായിരുന്നു മനോഹരമായ ആ പള്ളി. ഏഴായിരത്തോളം പേർക്ക് ഒരുമിച്ചിരുന്നു നിസ്‌ക്കരിക്കുവാൻ സാധിക്കും എന്നതാണ് ഈ പള്ളിയുടെ എടുത്തു പറയേണ്ട പ്രത്യേകത. അപ്പോൾത്തന്നെ അതിന്റെ വലിപ്പം എത്രയായിരിക്കും എന്ന് ഒന്നാലോചിച്ചു നോക്കൂ.

മോസ്‌ക്കിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ തൃശ്ശൂർ സ്വദേശിയായ ശ്രീരാജ്, മലപ്പുറം സ്വദേശിയായ ഫാസിൽ എന്നിവർകൂടി ചേർന്നു. ബഹ്‌റൈനിലെ അൽ ഫത്തേഹ് എന്ന സ്ഥലത്താണ് ഗ്രാൻഡ് മോസ്‌ക്ക് സ്ഥിതി ചെയ്യുന്നത്. ഭാര്യ ശ്വേതാ ഇതിനു മുൻപും ഇവിടെ വന്നിട്ടുള്ളതിനാൽ ഈ മോസ്ക്കിനെക്കുറിച്ചുള്ള വിവരങ്ങൾ അവൾക്ക് നന്നായി അറിയാമായിരുന്നു. 1988 ലാണ് ഈ പള്ളി നിർമ്മിച്ചത്. അതായത് എൻ്റെ പ്രായമുണ്ട് ഈ പള്ളിക്ക് എന്ന് സാരം.

ഏത് ജാതിയിലും മതത്തിലും പെട്ടവർക്ക് ഈ പള്ളി സന്ദർശിക്കുവാൻ സാധിക്കും. വെള്ളിയാഴ്ച ഒഴികെ ബാക്കി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണിവരെ പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശിക്കാവുന്നതാണ്. വീൽ ചെയറിൽ വരുന്നവർക്കു കൂടി അനായാസേന കയറുവാൻ സാധിക്കുന്ന രീതിയിലാണ് പള്ളിയുടെ നിർമ്മാണം.

പള്ളിയുടെ പുറത്ത് ധാരാളം ഈന്തപ്പനകൾ കൃഷി ചെയ്യുന്നുണ്ട്. നാല് കമാനങ്ങളാണ് ഗ്രാൻഡ് മോസ്‌കിന് ഉള്ളത്. ഞങ്ങൾ കുറച്ചു സമയം പുറത്തു നിന്നും പള്ളിയുടെ മനോഹരമായ ആ ദൃശ്യം ഒപ്പിയെടുത്തു. പിന്നീട് പള്ളിയിലേക്ക് നടക്കുവാനാരംഭിച്ചു. പള്ളിയുടെ അപ്പുറത്തായി ഒരു ലൈബ്രറിയും കാണുവാൻ സാധിച്ചു. ഏഴായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറിയായിരുന്നു അത്.

പള്ളിയിലേക്ക് കയറുന്ന കവാടത്തിനരികെ ഇസ്‌ലാം രീതിയിലുള്ള വസ്ത്രങ്ങൾ ലഭ്യമായിരുന്നു. മോഡേൺ ഡ്രെസ്സുകൾ ധരിച്ചുകൊണ്ട് പരിപാവനമായ ആ പള്ളിയിലേക്ക് കയറുന്നത് മോശമല്ലേ എന്നു കരുതി ഞങ്ങളും അവരുടെ ട്രഡീഷണൽ വസ്ത്രങ്ങൾ അവിടെ നിന്നും വാങ്ങി ധരിച്ചു. ചെരിപ്പുകൾ സൂക്ഷിക്കുന്നതിനായി പുറത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. സന്ദർശകർക്കായി ഒരു ഗൈഡിന്റെ സേവനം അവിടെ ലഭ്യമാണ്. ഞങ്ങളും തിരഞ്ഞെടുത്തു ഒരു ഗൈഡിനെ. പർദ്ദയണിഞ്ഞ, നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന ഒരു യുവതിയായിരുന്നു ഞങ്ങളുടെ ഗൈഡ്. പള്ളിയെക്കുറിച്ചും അതിന്റെ നിർമ്മാണത്തെക്കുറിച്ചും അവർ ഞങ്ങൾക്ക് വിശദമായി പറഞ്ഞു തരികയുണ്ടായി.

പള്ളിയിലേക്ക് കയറി വരുന്നവരെ ആകർഷിക്കുന്നത് വളരെ മനോഹരമായ ഇന്റീരിയർ ഡിസൈനിങ് തന്നെയാണ്. അയർലണ്ടിൽ നിന്നും കൊണ്ടുവന്ന കാർപെറ്റ് , ഫ്രാൻസിൽ നിന്നുള്ള മുകളിൽ തൂങ്ങിക്കിടക്കുന്ന ലൈറ്റുകൾ , ഇറ്റലിയിൽ നിന്നും കൊണ്ടുവന്ന മാർബിളുകൾ, ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന തേക്ക് തടികൾ തുടങ്ങിയവയായിരുന്നു പള്ളിയ്ക്കുള്ളിലെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടിയത്. നല്ല കാശു മുടക്കിയാണ് ഈ മോസ്‌ക്ക് നിർമ്മിച്ചിരിക്കുന്നത്. അതിന്റെ പിന്നിലെ രഹസ്യം കൂടി ഗൈഡ് ഞങ്ങളോട് പറയുകയുണ്ടായി. അവിടത്തെ രാജാവിന്റെ കൊട്ടാരത്തിനു സമമായിരിക്കണം ഈ മോസ്‌ക്ക് എന്ന് രാജാവിന് നിര്ബന്ധമായിരുന്നത്രേ. ഈ പള്ളി നിൽക്കുന്ന സ്ഥലം പണ്ട് കടൽ ആയിരുന്നു എന്നും ഗൈഡ് ഞങ്ങളോട് പറഞ്ഞു.

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം പ്രാര്ഥിക്കുവാനുള്ള സൗകര്യങ്ങൾ പള്ളിയിൽ ലഭ്യമാണ്. പള്ളിയിലെ കാഴ്ചകൾ കണ്ടു നടന്നതിനു ശേഷം ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. നേരത്തെ ഇട്ടിരുന്ന ട്രഡീഷണൽ വസ്ത്രങ്ങൾ തിരികെ നൽകുകയും ചെയ്തു. ഇവിടെ വരുന്ന സന്ദർശകർ ഒരു കാര്യം ഓർക്കുക. ഇതൊരു ടൂറിസ്റ്റ് കേന്ദ്രമല്ല, പരിപാവനമായ ഒരു ആരാധനാലയമാണ്. അതുകൊണ്ട് ഇവിടെ വന്നു ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുകയോ മര്യാദവിട്ടു പെരുമാറുകയോ ചെയ്യരുത്.

പള്ളിയിൽ നിന്നും ഞങ്ങൾ പിന്നീട് പോയത് ബഹ്‌റൈനിൽ ധാരാളമാളുകൾ എന്ജോയ് ചെയ്യുവാൻ വരുന്ന സ്ഥലമായ സല്ലാക്ക് ബീച്ചിലേക്ക് ആയിരുന്നു. വൈകുന്നേരം ആയിരുന്നെകിലും ബീച്ചിൽ അധികമൊന്നും തിരക്ക് ഉണ്ടായിരുന്നില്ല. തായ്‌ലണ്ടിലും മറ്റും മുൻപ് കണ്ടിട്ടുള്ള ബീച്ചുകൾ പോലെ ഇളംനീല നിറത്തിലെ കടൽ ആയിരുന്നില്ല ഇവിടെ. പിന്നെയുള്ളത് നല്ല കിടിലൻ കാറ്റ് ആയിരുന്നു. കുറച്ചു സമയം ബീച്ചിൽ ചെലവഴിച്ച ശേഷം ഞങ്ങൾ അവിടെ നിന്നും യാത്രയായി.

ബീച്ചിൽ നിന്നും പിന്നീട് ഞങ്ങൾ പോയത് ഒരു എണ്ണപ്പാടത്തേക്ക് ആയിരുന്നു. ഭൂമിക്കടിയിൽ നിന്നും എണ്ണ എടുക്കുന്ന കാഴ്ച ഞങ്ങൾക്ക് അവിടെ കാണുവാൻ സാധിച്ചു. ഭൂമിക്കടിയിൽ നിന്നുമാണ് ഓയിൽ എടുക്കുന്നതെന്നു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ഇതുപോലുള്ള ഒരു കാഴ്ച. പിന്നീട് ഞങ്ങൾ ചെറിയ ഷോപ്പിംഗിനായി അവിടെയുള്ള ലുലു മാളിലേക്ക് പോയി. അവിടെവെച്ച് കുറച്ചു ഓൺലൈൻ സുഹൃത്തുക്കളെ പരിചയപ്പെടുകയുണ്ടായി. ലുലു മാളിലെ കൊച്ചു ഷോപ്പിംഗിനു ശേഷം ഞങ്ങൾ തിരികെ വീട്ടിലേക്ക് യാത്രയായി. മുൻപ് പറഞ്ഞ സുഹൃത്ത് ശ്രീരാജ് ആയിരുന്നു അന്നത്തെ ദിവസം മുഴുവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്. വീടിനു മുന്നിൽ ഞങ്ങളെ ഡ്രോപ്പ് ചെയ്തതിനു ശേഷം ശ്രീരാജ് യാത്ര പറഞ്ഞുകൊണ്ട് പോയി. മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് ശ്രീരാജിനോട് നന്ദിയോടെ ഞങ്ങൾ വീടിനുള്ളിലേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here