ബഹ്‌റൈനിൽ താമസിക്കുന്നതിനിടെ ഒരു ദിവസം രാത്രി ഞങ്ങൾ കുടുംബവുമായി ഒന്നു പുറത്തേക്ക് ഇറങ്ങുവാൻ തീരുമാനിച്ചു. ഞാനും ശ്വേതയും ശ്വേതയുടെ അച്ഛനും അമ്മയും കൂടി ഒരു നൈറ്റ് കറക്കം. അച്ഛൻ ആയിരുന്നു ഞങ്ങളുടെ വാഹനത്തിന്റെ സാരഥി. ഡ്രൈവിംഗിൽ അച്ഛൻ ഒരു പുലി തന്നെയായിരുന്നു. 36 വർഷത്തോളമായി ശ്വേതയുടെ കുടുംബം ബഹ്‌റൈനിൽ താമസിക്കുന്നു. ബഹ്‌റൈനിൽ എനിക്ക് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നിയ ഒരു കാര്യം റോഡിലെ ട്രാഫിക് ബ്ലോക്ക് ആയിരുന്നു. വാഹനങ്ങൾ പെരുകുന്നതും സൗദിയിൽ നിന്നും സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നതും ചെറിയ രാജ്യമായ ബഹ്‌റൈനിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

അങ്ങനെ ഞങ്ങൾ ബഹ്‌റൈൻ വീഥികളിലൂടെ യാത്ര തുടർന്നു. അവിടെയുള്ള ഒരു അയ്യപ്പ ക്ഷേത്രത്തിലേക്ക് ആയിരുന്നു ഞങ്ങൾ ആദ്യമായി പോയത്. ഒട്ടേറെ വീടുകളുള്ള ഒരു ഹൗസിങ് കോളനിയിലെ ഒരു വീട് ആയിരുന്നു അയ്യപ്പ ക്ഷേത്രമായി രൂപപ്പെടുത്തിയിരിക്കുന്നത്. പുറമെ നിന്നും നോക്കിയാൽ ഇതൊരു ക്ഷേത്രം ആണെന്ന് ആരും പറയുകയേ ഇല്ല. എന്നാൽ അകത്ത് കയറിയാൽ ശരിക്കും ഒരു ക്ഷേത്രം തന്നെ അവിടെ ഒരുക്കിയിരിക്കുന്നതായി കാണാം. പതിനെട്ടാം പടിപോലെയൊക്കെ അവർ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ ക്ഷേത്രത്തിൽ കയറുന്ന സമയത്ത് അവിടെ ദീപാരാധന നടക്കുകയായിരുന്നു. ക്ഷേത്രത്തിനകത്ത് ക്യാമറ ഉപയോഗിക്കുവാൻ പാടില്ലാത്തതിനാൽ അതൊന്നും പകർത്തുവാൻ സാധിച്ചില്ല.

അയ്യപ്പ ക്ഷേത്രത്തിലെ ദർശനത്തിനു ശേഷം ഞങ്ങൾ അവിടെയടുത്തു തന്നെയുള്ള ഒരു ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും ചെന്ന് തൊഴുകയുണ്ടായി. അവിടെയും ക്യാമറയ്ക്ക് നിരോധനം ഉണ്ടായിരുന്നതിനാൽ ദൃശ്യങ്ങൾ ഒന്നും പകർത്തുവാൻ സാധിച്ചിരുന്നില്ല. ക്ഷേത്ര ദർശനങ്ങൾക്ക് ശേഷം ഞങ്ങൾ തിരികെ വീട്ടിലെത്തുകയും പിന്നീട് ഒരു സുഹൃത്തിന്റെ കൂടെ രാത്രിക്കാഴ്ചകൾ കാണുവാനായി പുറത്തേക്ക് പോകുകയും ചെയ്തു.

രാത്രി സമയമായതിനാൽ ബഹ്‌റൈനിൽ ആ സമയത്ത് നല്ല തണുപ്പ് ആയിരുന്നു. അതിനിടെ ശ്വേത എന്നെ ഒറ്റയ്ക്കാക്കിയിട്ട് ഒരു സുഹൃത്തിനെ കാണുവാനായി പോകുകയും ചെയ്തു. ഞാൻ ഒറ്റയ്ക്ക് ആയിരുന്നു വഴിയിലൂടെ നടന്നിരുന്നത്. കുറച്ചു നടന്നപ്പോൾ അതാ വരുന്നു ശ്വേതയും സുഹൃത്തും. മധ്യപ്രദേശ് സ്വദേശിനിയായിരുന്നു ശ്വേതയുടെ സുഹൃത്ത്. അവർ 25 വർഷമായി ബഹ്‌റൈനിൽ താമസിക്കുകയാണ്. ശ്വേത സുഹൃത്തിനെ എനിക്ക് പരിചയപ്പെടുത്തി തന്നു.

അതിനുശേഷം ഞാനും ശ്വേതയും കൂടി വഴിയരികിൽ കണ്ട ഒരു ദേശി സ്‌പൈസ് എന്നു പേരുള്ള റെസ്റ്റോറന്റിലേക്ക് കയറി. അവിടെ വിവിധതരം ചാട്ട് മസാലകൾ ലഭ്യമായിരുന്നു. ചാട്ട് കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ നേരത്തെ ഒപ്പം കറങ്ങാമെന്നു പറഞ്ഞ സുഹൃത്ത് വിഷ്ണു അവിടെയെത്തിച്ചേർന്നു. വിഷ്ണു ഫാമിലിയുമായിട്ടായിരുന്നു വന്നിരുന്നത്. അങ്ങനെ ഞങ്ങൾ വിഷ്ണുവിന്റെ കാറിൽ കറക്കമാരംഭിച്ചു. അവിടെ സൽമാനിയ എന്നൊരു സ്ഥലത്തുകൂടെ പോകുന്നതിനിടയിൽ ചില കടകളുടെ ബോർഡ് മലയാളത്തിൽ എഴുതി വെച്ചിരിക്കുന്നതായി കണ്ടു. ഞങ്ങൾ പോകുന്നത് ബഹ്‌റൈനിലെ പ്രശസ്തമായ അവന്യൂസ് മാളിലേക്ക് ആയിരുന്നു.

അങ്ങനെ ഞങ്ങൾ അവന്യൂ മാളിൽ എത്തിച്ചേർന്നു. ബഹ്‌റൈനിലെ മാളുകളിലെ ഒരു പ്രത്യേകത എന്തെന്നാൽ അവിടെ വാഹന പാർക്കിംഗ് ഫ്രീയായിരുന്നു. അവിടത്തെ വലിയ പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്തതിനു ശേഷം ഞങ്ങൾ മാളിനുള്ളിലേക്ക് നീങ്ങി. മാളിൽ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു. കൂടുതലും സൗദിക്കാർ ആയിരുന്നു അവിടത്തെ സന്ദർശകർ. അതുകൊണ്ട് വീഡിയോ പകർത്തുവാൻ ഞാൻ അൽപ്പം ബുദ്ധിമുട്ടി. സൗദികൾ പൊതുവേ ഇത്തരം കാര്യങ്ങളൊക്കെ ഇഷ്ടപ്പെടാത്തവർ ആണല്ലോ. വെറുതെ എന്തിനാ ഒരു പ്രശ്നം ഉണ്ടാക്കുന്നത് അല്ലേ?

ഇംഗ്ളണ്ട് പോലത്തെ ഒരു യൂറോപ്യൻ രാജ്യത്ത് എത്തിപ്പെട്ട ഒരു ഫീൽ ആയിരുന്നു മാളിനകത്ത് കയറിയപ്പോൾ എനിക്ക് അനുഭവപ്പെട്ടത്. മിക്ക കടകളിലും ഡിസ്‌കൗണ്ട് ഓഫറുകൾ കാണിച്ചുകൊണ്ടുള്ള ബോർഡുകൾ വെച്ചിട്ടുണ്ടായിരുന്നു. വിവിധതരം ഷോപ്പുകൾക്കൊപ്പം ഫുഡ് കോർട്ടുകളും മാളിൽ കാണുവാൻ സാധിച്ചു.

അവന്യൂ മാളിന് പുറകുവശത്തായി കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഒരു തടാകം ഉണ്ടായിരുന്നു. ആ തടാകത്തിലൂടെ ബോട്ടിംഗിനുള്ള സൗകര്യങ്ങൾ അവിടെ ലഭ്യമായിരുന്നു. തടാകത്തിനു നടുവിലായി ഇംഗ്ലീഷ് അക്ഷരമാലയിലെ ‘H’ആകൃതിയിലുള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്. ഫോർ സീസൺസ് എന്നു പേരുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ആയിരുന്നു അത്. രാത്രിയായതിനാൽ വളരെ മനോഹരമായ ദൃശ്യമായിരുന്നു ഞങ്ങൾക്ക് അവിടെ കാണുവാൻ സാധിച്ചത്.

അവന്യൂ മാളിൽ കറങ്ങുന്നതിനിടെ ഒരൊറ്റ മലയാളിയെപ്പോലും ഞങ്ങൾക്ക് വേറെ കാണുവാൻ സാധിച്ചിരുന്നില്ല. കൂടുതലും അറബികൾ ആയിരുന്നു അവിടെ കറങ്ങിയടിച്ചു നടന്നിരുന്നത്. കുറേനേരം ഞങ്ങൾ മാളിൽ ചുറ്റിക്കറങ്ങിക്കണ്ടു. പിന്നീട് ഞങ്ങൾ തിരികെ യാത്രയായി.

നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ ഇനി അൽപ്പം വയർ നിറയ്ക്കണം എന്ന പ്ലാനോടെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്. പഴയ ഒരു പള്ളിയ്ക്ക് അരികിലുള്ള ഒരു റെസ്റ്റോറന്റിലായിരുന്നു ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി കയറിയത്. അവിടത്തെ ജീവനക്കാർ ഷവർമയും മറ്റും ഉണ്ടാക്കുന്നത് വളരെ സ്റ്റൈലിഷ് ആയിട്ടായിരുന്നു. ഞാൻ വീഡിയോ എടുക്കുന്നുണ്ട് എന്നു കണ്ടതോടെ അയാൾ തൻ്റെ പ്രകടനം മുഴുവനും കാഴ്‌ച വെച്ചു. വ്യത്യസ്തത പരീക്ഷിക്കാം എന്നു കരുതി ടർക്കിഷ് വിഭവങ്ങൾ ആയിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. നല്ല രുചികരമായിരുന്നു അവിടെ നിന്നും ഞങ്ങൾ കഴിച്ച ഫുഡ്. ഭക്ഷണം കഴിച്ചതിനു ശേഷം കൊണ്ടറിൽ ഉണ്ടായിരുന്ന ആ ഹോട്ടലിന്റെ ഉടമയെ പരിചയപ്പെടുകയുണ്ടായി. നദീം എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. തുർക്കിയിൽ നിന്നും ബഹ്‌റിനിൽ വന്നു താമസിക്കുന്നവരായിരുന്നു അവരൊക്കെ.

ഭക്ഷണശേഷം ഞങ്ങൾ വീണ്ടും കാറിൽ ബഹ്‌റൈൻ വീഥികളിലൂടെ കറങ്ങിയടിച്ചു. രാത്രി ഒത്തിരി വൈകിയപ്പോൾ വിഷ്ണു ഞങ്ങളെ താമസസ്ഥലത്ത് ഡ്രോപ്പ് ചെയ്യുകയും യാത്രപറഞ്ഞുകൊണ്ട് പോകുകയും ചെയ്തു. അങ്ങനെ ഞങ്ങളുടെ ഒരു കിടിലൻ ബഹ്‌റൈൻ ദിനം കൂടി കടന്നുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.