ഉഡുപ്പിയിലെ പകൽ പുലർന്നതിനു ശേഷം ഞാൻ കുളിച്ചു റെഡിയായി പുറത്തേക്ക് ഇറങ്ങി. എൻ്റെ രണ്ടു സുഹൃത്തുക്കൾ അവിടെ എന്നെക്കാണുവാനായി എത്തിയിരുന്നു. എൻ്റെ വിവാഹത്തിന്റെ ഫോട്ടോഗ്രാഫി ചെയ്തതും ഈ സുഹൃത്തുക്കളാണ്. ഉഡുപ്പി എന്നു കേട്ടാൽ എല്ലാവരുടെയും ഉള്ളിൽ ഓടിയെത്തുക ഇവിടത്തെ ക്ഷേത്രവും പിന്നെ ഉഡുപ്പി സ്പെഷ്യൽ മസാലദോശയും ആയിരിക്കും.
അതുകൊണ്ട് ഉഡുപ്പിയിലെ വ്യത്യസ്തമായ ചില ഫുഡ് ഐറ്റംസ് പരീക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ.

അങ്ങനെ ഞങ്ങൾ ക്ഷേത്രത്തിനു തൊട്ടടുത്തു തന്നെയുള്ള ‘ശ്രീ വിറ്റൽ’ എന്നു പേരുള്ള ഒരു ചെറിയ കടയിലേക്കായിരുന്നു പോയത്. കാണുന്നവർക്ക് ഇതൊരു ചെറിയ ചായക്കടയായി തോന്നും. പക്ഷെ അവിടെ ലഭിക്കുന്ന ഐറ്റങ്ങളുടെ രുചി വളരെ പ്രസിദ്ധമാണ്. ഞങ്ങൾ കടയുടമയായ കന്നഡക്കാരൻ ചേട്ടനുമായി സൗഹൃദം സ്ഥാപിച്ചു.

അവിടെ എന്തൊക്കെ കഴിക്കുവാൻ ലഭിക്കും എന്നു ചുമ്മാ ചോദിച്ചപ്പോൾ ശ്വാസം വിടാതെ ഒരു വൻ ലിസ്റ്റ് ആയിരുന്നു ചേട്ടൻ പറഞ്ഞത്. ഒരു മിനിറ്റോളം എടുത്തു അദ്ദേഹം ലിസ്റ്റ് മുഴുവനായി പറഞ്ഞു തീർക്കുവാൻ. അതുപോലെ തന്നെയായിരുന്നു കുടിക്കാൻ എന്തുണ്ട്? എന്ന ചോദ്യത്തിനുള്ള ഉത്തരവും. ലിസ്റ്റ് കേട്ട് കണ്ണു തള്ളി “ചേട്ടന് ഇഷ്ടമുള്ളത് എടുക്കൂ” എന്ന് ഞങ്ങളും.

ഞങ്ങൾക്ക് നെയ് ദോശയും വഴുതനങ്ങ വറുത്തതും ആയിരുന്നു ചേട്ടൻ സജസ്റ്റ് ചെയ്തത്. കായ വറുത്തത് ഒക്കെപ്പോലെ വഴുതനങ്ങ വറുത്തത് എനിക്ക് വ്യത്യസ്തമായ ഒരു രുചിയായിരുന്നു. അതിനു പിന്നാലെ അരി കൊണ്ട് ഉണ്ടപോലെ തയ്യാറാക്കിയ ‘ഉണ്ടി’ എന്നു പേരുള്ള ഒരു ഐറ്റവും ഞങ്ങൾ രുചിച്ചു. ഒപ്പം പലതരം അച്ചാറുകളും.

ഒത്തിരി സ്ഥലങ്ങളിലെ ഭക്ഷണം രുചിച്ചു നോക്കിയിട്ടുണ്ടെങ്കിലും സത്യത്തിൽ വണ്ടറടിച്ചു പോയത് ഇവിടെ ചെന്നപ്പോൾ ആയിരുന്നു. ശരിക്കും നിങ്ങൾ ഉഡുപ്പിയിൽ വരികയാണെങ്കിൽ കാലി വയറുമായി വരണം. എന്നാലേ ഈ രുചികളൊക്കെ നന്നായി ആസ്വദിക്കുവാൻ സാധിക്കുകയുള്ളൂ.

ഞങ്ങൾ കയറിയ കടയിൽ വൈകുന്നേരത്തോടെ വലിയ തിരക്കായിരിക്കും അനുഭവപ്പെടുക. അതുകൊണ്ട് രാവിലെ സമയത്ത് ആയിരിക്കും തിരക്കിൽ നിന്നും രക്ഷപ്പെട്ടു ഭക്ഷണം രുചിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം. കടക്കാരൻ ചേട്ടൻ കന്നഡക്കാരൻ ആണെങ്കിലും ഇംഗ്ലീഷിൽ ആള് പുലിയാണ്. വളരെ നല്ല ആതിഥ്യ മര്യാദയായിരുന്നു ഞങ്ങൾക്ക് അവിടെ ലഭിച്ചത്. ഭക്ഷണത്തോടൊപ്പം വ്യത്യസ്തമായ പാനീയങ്ങളും ഈ കടയിൽ ലഭ്യമാണ്. അങ്ങനെ കുറച്ചു രുചികൾ ആസ്വദിച്ച ശേഷം ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

ആ സ്ട്രീറ്റിൽ അധികവും പഴയ കെട്ടിടങ്ങളാണ് നമുക്ക് കാണുവാൻ സാധിക്കുക. ഏതാണ്ട് എൺപതുകളിലെ കാഴ്ചകളാണ് ഞങ്ങളെ അവിടെ കാത്തിരുന്നത്. വഴിയരികിൽ ഭേൽപൂരി, പാനിപൂരി കടകളെപ്പോലെ ‘ചർമുറി മസാല’ എന്നൊരു ഐറ്റവും ഞങ്ങൾ പിന്നീട് പരീക്ഷിച്ചു. കിടിലൻ ഐറ്റമായിരുന്നു അത്. ഞങ്ങൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അതിനു ശേഷം ഞങ്ങൾ ഹൈവേയ്ക്ക് സമീപത്തേക്ക് ചെന്നു.

അപ്പോഴാണ് ഒരു ചെറിയ ഹോട്ടലിൽ ആളുകളുടെ തിരക്ക് ഞങ്ങൾ ശ്രദ്ധിച്ചത്. എന്നാൽപ്പിന്നെ അതെന്താണെന്നു നോക്കാമെന്നു കരുതി ഞങ്ങൾ അവിടേക്ക് ചെന്നു. പ്രിയദർശിനി എന്നായിരുന്നു ആ ഹോട്ടലിന്റെ പേര്. ധാരാളം ഉഡുപ്പി സ്പെഷ്യൽ ചെറുകടികളും വ്യത്യസ്ത തരം ദോശകളുമായിരുന്നു അവിടത്തെ സ്പെഷ്യൽസ്. അങ്ങനെ ഞങ്ങൾ അവിടെയും വ്യത്യസ്തങ്ങളായ രുചികൾ ആസ്വദിച്ചു.

ഉഡുപ്പിയിൽ ഇനിയും ഇഷ്ടംപോലെ രുചികൾ രുചിക്കുവാനായി ബാക്കിയുണ്ടായിരുന്നെങ്കിലും വയർ നിറഞ്ഞതിനാൽ അതെല്ലാം വേറെ ദിവസത്തേക്ക് മാറ്റി. അതിനുശേഷം സുഹൃത്തുക്കൾ യാത്ര പറഞ്ഞുപോകുകയും ഞാൻ ക്ഷേത്ര ദർശനത്തിനായി ഒന്നു ഫ്രഷാകാൻ റൂമിലേക്ക് നീങ്ങുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here