വയനാട്ടിൽ ധാരാളം റിസോർട്ടുകളും ഹോംസ്റ്റേകളുമുണ്ടെങ്കിലും വ്യത്യസ്തത പുലർത്തുന്ന ഒരു റിസോർട്ട് ഞാൻ കാണുവാനിടയായത് എന്റെ കഴിഞ്ഞ ട്രിപ്പിനിടെയാണ്. വയനാട് മേപ്പാടിക്ക് സമീപം റിപ്പണിൽ സൂചിപ്പാറ വെള്ളച്ചാട്ടം കണ്ടുകൊണ്ട് നല്ല കിടിലൻ ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ ഒക്കെയുള്ള ഒരു അടിപൊളി റിസോർട്ട് – Land’s End Resort & Spa.

ഈ റിസോർട്ടിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്തെന്നാൽ ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ തന്നെയാണ്. പൂളിൽ കിടന്നുകൊണ്ട് അപ്പുറത്തുള്ള റാണിമലയും സൂചിപ്പാറ വെള്ളച്ചാട്ടവും ഒക്കെ കാണുവാൻ സാധിക്കും. വയനാട്ടിലെ എന്റെ സുഹൃത്ത് ഹൈനാസ്‌ ഇക്കയുടെ സുഹൃത്തായ ഷബീറിന്റെതായിരുന്നു ഈ റിസോർട്ട്.

ഞാൻ റിസോർട്ടിൽ എത്തിയപ്പോൾ ഷബീർ ഇക്ക വന്നു സ്വീകരിക്കുകയുണ്ടായി. അതിനുശേഷം ഞങ്ങൾ അവിടെയുള്ള റൂമുകൾ കാണുവാനായി ഇറങ്ങി. ഞങ്ങൾ ആദ്യമായി പോയത് ബംഗ്ളാവ് എന്ന കാറ്റഗറിയിലുള്ള റൂമുകളിലേക്കായിരുന്നു. റിസോർട്ടിന്റെ മുകൾ ഭാഗത്തായാണ് ഇവ സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം തരക്കേടില്ലാത്ത വ്യൂ ഒക്കെ റൂമിൽ നിന്നും ലഭിക്കുമായിരുന്നു. ബംഗ്ളാവ് എന്ന പേരുപോലെ മൊത്തത്തിൽ കിടിലൻ തന്നെ.

ബംഗ്ളാവ് കാറ്റഗറി റൂം കണ്ടതിനു ശേഷം ഞങ്ങൾ ഈ റിസോർട്ടിലെ ഏറ്റവും മികച്ച സ്യൂട്ട് ആയ വാലി വ്യൂ ഉള്ള റൂമിലേക്ക് നടന്നു. പോകുന്ന വഴിയിൽ ബാസ്‌ക്കറ്റ് ബോൾ കളിക്കുവാനുള്ള സൗകര്യവും അമ്പും വില്ലും ഒക്കെ അവിടെഈ കാഴ്ചകൾ കണ്ടുകൊണ്ട് ഞാൻ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. റിസോർട്ടിൽ വരുന്നവർക്ക് സമയം ചിലവഴിക്കുവാൻ വേണ്ടിയാണ് ഇവയൊക്കെ സജ്ജീകരിച്ചിരിക്കുന്നത്.

അങ്ങനെ ഞങ്ങൾ വാലിവ്യൂ സ്യൂട്ടിൽ എത്തിച്ചേർന്നു. ഒരു കൊളോണിയൽ സ്റ്റൈലിൽ പണിതിരിക്കുന്ന ഒരു കെട്ടിടമായിരുന്നു വാലി വ്യൂ സ്യൂട്ട്. കിടിലൻ വ്യൂ ആയിരുന്നു അവിടെ നിന്നാൽ നമുക്ക് ലഭിക്കുക. തൊട്ടടുത്തായി സ്വിമ്മിങ് പോലും ഉണ്ട്. സൂര്യാസ്തമയം ആയിരിക്കും ഇവിടെ നിന്നുള്ള കിടിലൻ കാഴ്ച. ഹണിമൂൺ ഒക്കെ ആഘോഷിക്കുന്നവർക്ക് പറ്റിയ ഒരു സ്യൂട്ട് ആയിരുന്നു അത്. ഭാര്യ കൂടെയില്ലാത്തതിനാൽ എനിക്ക് വല്ലാത്ത വിഷമം തോന്നി.

സ്വിമ്മിങ് പൂളിനു തൊട്ടടുത്തായി അറയും പുരയും എന്ന പേരിൽ പഴയ തറവാട് മാതൃകയിൽ ഒരു കോട്ടേജ് ഉണ്ട്. 150 വർഷം പഴക്കമുള്ള ഒരു തറവാട് പൊളിച്ചുകൊണ്ടു വന്ന് അതേപടി സെറ്റ് ചെയ്തിരിക്കുകയാണ് ഈ കോട്ടേജ് എന്ന് ഷബീർ ഇക്ക പറഞ്ഞുതരികയുണ്ടായി. രണ്ടു റൂമുകൾ ആണ് ഈ കോട്ടേജിൽ ഉള്ളത്. മുഴുവനും തടികൊണ്ട് നിർമ്മിച്ച ഈ കോട്ടേജ് ഏതൊരാളെയും മയക്കുമെന്നുറപ്പാണ്.

റിസോർട്ട് ഒക്കെ നടന്നു കാണുന്നതിനിടെ ഹൈനാസ്‌ ഇക്കയും സുഹൃത്ത് നൗഫലും അവിടെയെത്തിച്ചേർന്നു. പിന്നീട് ഞങ്ങളെല്ലാം ചേർന്ന് ഒരു കിടിലൻ ഓഫ്‌റോഡ് യാത്രയ്ക്കായി അവിടെ നിന്നും ഇറങ്ങി. വയനാട്ടിൽ അധികമാരും കണ്ടിരിക്കുവാനിടയില്ലാത്ത സ്ഥലങ്ങൾ കാണുക എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. നെല്ലറച്ചാൽ എന്ന സ്ഥലത്തേക്കുള്ള ഓഫ്റോഡ് യാത്രയായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്.

കാട്ടിലൂടെയുള്ള കുറെദൂരത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ മനോഹരമായ നെല്ലറച്ചാൽ വ്യൂ പോയിന്റിൽ എത്തിച്ചേർന്നു. ഞങ്ങൾ അൽപ്പം താമസിച്ചു പോയതിനാൽ സൂര്യാസ്തമയം ഞങ്ങൾക്ക് കാണുവാൻ സാധിച്ചില്ല. വയനാട്ടിൽ ഇങ്ങനെയൊരു മനോഹരമായ സ്ഥലം ഉണ്ടെന്നു ഞാൻ ഒരിക്കലും വിചാരിച്ചില്ല. കാരാപ്പുഴ ഡാമിന്റെ പരിസരങ്ങളാണ് അതെന്നു ഹൈനാസ്‌ ഇക്ക പറഞ്ഞു തരികയുണ്ടായി. സൂര്യൻ പൂർണ്ണമായും അസ്തമിച്ചു ഇരുൾ പരന്നതോടെ ഞങ്ങൾ തിരികെ റിസോർട്ടിലേക്ക് യാത്രയായി.

രാത്രിയിലെ റിസോർട്ടിന്റെ ദൃശ്യം വളരെ മനോഹരമായിരുന്നു. രാത്രിയായതോടെ അവിടമാകെ തണുപ്പും പരന്നു. ഞാൻ സ്വിമ്മിങ് പൂളിൽ ചെന്ന് കുറേനേരം അതിൽക്കിടന്നുകൊണ്ട് രാത്രിയുടെ നിശബ്ദതയിൽ കേൾക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ആസ്വദിച്ചു. ഞാൻ തിരികെയെത്തിയപ്പോൾ ബാർബെക്യൂ ചിക്കൻ ഒക്കെ തയ്യാറാക്കുകയായിരുന്നു മറ്റുള്ളവർ. അങ്ങനെ ഞങ്ങൾ ആ രാത്രി അടിച്ചുപൊളിച്ചു ആഘോഷിച്ചു. ഇനി വരുമ്പോൾ ഭാര്യയെയും കൂട്ടി വരണം എന്നുറപ്പിച്ചുകൊണ്ടാണ് ഞാൻ അന്ന് ഉറങ്ങുവാൻ കിടന്നത്.

അയ്യായിരം രൂപ മുതലാണ് ഈ റിസോർട്ടിൽ താമസിക്കുന്നതിനായുള്ള റേറ്റ്. സീസൺ സമയങ്ങളിൽ റേറ്റ് കൂടുകയും ഓഫ് സീസൺ സമയത്ത് കുറവുമായിരിക്കും. ഗ്രൂപ്പായി വരുന്നവർക്ക് (24 പേരുള്ള ഗ്രൂപ്പ്) റിസോർട്ട് മുഴുവൻ നിങ്ങൾക്ക് മാത്രമായി ബുക്ക് ചെയ്യാം. ഗ്രൂപ്പിന് ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 2400 രൂപ മുതൽ ചാർജ്ജ് ആകും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9207272754, 9538666007.

LEAVE A REPLY

Please enter your comment!
Please enter your name here