നേപ്പാളിലെ മിഥില എന്ന സ്ഥലത്തു നിന്നും തലസ്ഥാനമായ കാഠ്‌മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. തുടക്കത്തിൽ നേപ്പാൾ ഞങ്ങളെ സ്വീകരിച്ചത് നല്ല ചൂടൻ കാലാവസ്ഥയുമായായിരുന്നുവെങ്കിലും പിന്നീട് ചെല്ലുന്തോറും തണുപ്പ് ചെറുതായി അന്തരീക്ഷത്തിലേക്ക് ഇറങ്ങുവാൻ തുടങ്ങി. പോകുന്ന വഴിയിൽ ഒരിടത്ത് വണ്ടി നിർത്തി ഞങ്ങളുടെ കാറിൽ ‘റോയൽസ്‌കൈ ഹോളിഡെയ്‌സ്’ സ്റ്റിക്കർ ഒട്ടിച്ചു. അങ്ങനെ വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. പിന്നീട് കുറച്ചു കൂടി ചെന്നപ്പോൾ ഞങ്ങൾ ഒരു ചുരം കയറുവാൻ തുടങ്ങി.

ചുരത്തിൽ വെച്ച് നല്ല കട്ട ബ്ലോക്ക് ഞങ്ങൾക്ക് കിട്ടി. ആദ്യമായിട്ടായിരുന്നു ചുരം പാതയിൽ ഇങ്ങനെയൊരു ബ്ലോക്കിൽപ്പെട്ടു കിടന്നത്. ഒടുവിൽ ബ്ലോക്കെല്ലാം മാറി ഞങ്ങൾ ഹെയർപിൻ വളവുകൾ കയറിക്കൊണ്ട് മുന്നേറുവാൻ തുടങ്ങി. ചിലയിടങ്ങളിലൊക്കെ ഏതാണ്ട് മൂന്നാർ പോയി വരുന്നതു പോലുള്ള ഫീൽ ആയിരുന്നു. കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടയിൽ ധാരാളം ഹിൽ സ്റ്റേഷനുകളും വ്യൂ പോയിന്റുകളും ഒക്കെ ഞങ്ങൾക്ക് കാണുവാൻ കഴിഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കുവാനായി മലയുടെ ചെരിവുകളിൽ കല്ലുകൊണ്ട് ചതുരത്തിൽ കെട്ടി നിർത്തിയിരിക്കുന്ന കാഴ്ച മനോഹരമായിരുന്നു.

ഞങ്ങൾ ചുരത്തിലെ ഒരു വ്യൂപോയിന്റിൽ വണ്ടി നിർത്തി കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു. അതിനിടയിൽ കുറച്ചു യുവാക്കൾ ഞങ്ങളുടെ കാറിലെ സ്റ്റിക്കറുകൾ കണ്ടു ഞങ്ങളെ സമീപിച്ചു വിശേഷങ്ങൾ തിരക്കി. കേരളത്തിൽ നിന്നും വരികയാണെന്ന് അറിഞ്ഞതോടെ അവർക്ക് നല്ല ഉത്സാഹമായി. എല്ലാവരും ‘ഹാപ്പി ജേർണി’യൊക്കെ ആശംസിച്ചാണ് പിരിഞ്ഞത്. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ ഞാൻ ക്യാമറ ഹാരിസ് ഇക്കയ്ക്ക് കൈമാറിക്കൊണ്ട് പിന്നിലെ സീറ്റിൽ ചെന്ന് വിശ്രമിച്ചു.

യാത്രയ്ക്കിടെ ഭയാനകമായി ഒഴുകിക്കൊണ്ടിരുന്ന ഒരു നദി കണ്ടപ്പോൾ ഞങ്ങൾ വഴിയോരത്ത് വണ്ടി നിർത്തി അത് ആസ്വദിച്ചു. ക്ഷീണമൊക്കെ മാറ്റി ഞാനും ഉഷാറായി. ആ നദിയുടെ വശങ്ങളിൽ മണൽ വാരി നിറച്ചിരിക്കുന്ന കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒട്ടും പച്ചപ്പ് ഇല്ലാതിരുന്ന ആ സ്ഥലം ഒറ്റനോട്ടത്തിൽ കണ്ടാൽ അങ്ങ് അഫ്‌ഗാനിസ്ഥാനിൽ എത്തിയോ എന്നുപോലും സംശയിച്ചു പോകും. കുറച്ചു സമയം ഞങ്ങൾ അവിടെ ചെലവഴിച്ച ശേഷം വീണ്ടും യാത്ര തുടങ്ങി.

ചുരത്തിലൂടെ ടാറ്റാ ബസുകൾ പറപ്പിച്ചു പോകുന്നുണ്ടായിരുന്നു. നേപ്പാളിലെ ബസ്സുകളും ട്രക്കുകളും ഒക്കെ ഭൂരിഭാഗവും ടാറ്റയുടേത് ആയിരുന്നു. നേപ്പാളികളുടെ ഡ്രൈവിംഗ് ഒക്കെ ഭയങ്കര റാഷ് ആയിട്ടായിരുന്നു ഞങ്ങൾക്ക് ഫീൽ ചെയ്തത്. ഭൂട്ടാനുമായി ഈ വക കാര്യങ്ങളൊക്കെ താരതമ്യം ചെയ്യുകയാണെങ്കിൽ നേപ്പാൾ വളരെ പിന്നിലാണെന്നു തന്നെ പറയാം. അതുപോലെ തന്നെ മഴക്കാലങ്ങളിൽ നേപ്പാളിലേക്കുള്ള യാത്ര ഒട്ടും സുരക്ഷിതമല്ല എന്നാണു ഞങ്ങൾക്ക് മനസിലാക്കുവാൻ സാധിച്ചത്. മിക്കയിടത്തും മലയിടിച്ചിലും, വെള്ളപ്പൊക്കവുമൊക്കെ ഉണ്ടായതിന്റെ ലക്ഷണങ്ങളൊക്കെ ഈ സമയത്തും ഞങ്ങൾക്ക് കാണുവാൻ സാധിച്ചു.

അങ്ങനെ ദുർഘടമായ റോഡുകളൊക്കെ കടന്നു ഞങ്ങൾ കാഠ്മണ്ഡുവിനടുത്ത് എത്തിച്ചേർന്നു. 200 കിലോമീറ്റർ ദൂരമുള്ള ഈ യാത്രയ്ക്കായി ഞങ്ങൾ എടുത്തത് എട്ടു മണിക്കൂറോളമായിരുന്നു. കാഠ്‌മണ്ഡുവിലെ റോഡുകളൊക്കെ നല്ലതായിരുന്നു. എങ്കിലും രാത്രി സമയത്തെ നഗരക്കാഴ്ചകളൊക്കെ വലിയ ഭംഗിയൊന്നും ഇല്ലാത്തതായിരുന്നു. രാവിലെ 11 മണിയ്ക്ക് തുടങ്ങിയ യാത്ര ഞങ്ങൾ കാഠ്‌മണ്ഡുവിൽ എത്തിയപ്പോൾ രാത്രി എട്ടുമണി ആയിരുന്നു.

കാഠ്മണ്ഡുവിൽ ഞങ്ങൾ താമസിക്കുവാനായി നല്ലൊരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു. റൂമൊക്കെ നല്ലതായിരുന്നുവെങ്കിലും സർവ്വീസ് ഒക്കെ അത്രയ്ക്ക് ഗുണമുള്ളതായിരുന്നില്ല. അന്നേദിവസം വെറും 200 കിലോമീറ്റർ മാത്രമേ യാത്ര ചെയ്തിരുന്നുവെങ്കിലും ഞങ്ങൾ വളരെ ക്ഷീണിതനായിരുന്നു. പിന്നീട് ഞങ്ങൾ പുറത്തുപോയി ഡിന്നറൊക്കെ കഴിച്ച ശേഷം വീണ്ടും റൂമിൽ വന്നു. ഒരു വീഡിയോ മുഴുവനും എഡിറ്റ് ചെയ്തശേഷം ഞങ്ങൾ ക്ഷീണം കൊണ്ട് പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.