ആനക്കട്ടിയിലെ എസ്.ആർ. ജംഗിൾ റിസോർട്ടിലെ താമസത്തിനിടെ ഒരു ദിവസം വൈകീട്ട് സുഹൃത്തായ സലീഷേട്ടനാണ് ആദിവാസികളുടെ നൃത്തത്തെക്കുറിച്ച് ഞങ്ങളോട് പറയുന്നത്. എന്നാൽപ്പിന്നെ പൊയ്ക്കളയാമെന്നു ഞാനും ശ്വേതയും തീരുമാനിച്ചു. ഒരു പക്കാ ലോക്കൽ ട്രിപ്പ് ആയിരുന്നതിനാൽ ഞങ്ങൾ ഷർട്ടും ലുങ്കിയുമൊക്കെയായിരുന്നു ധരിച്ചിരുന്നത്. നേരം ഇരുട്ടിയതോടെ ഞങ്ങൾ റിസോർട്ടിൽ നിന്നും യാത്രയായി.

സലീഷേട്ടന്റെ ഥാർ ജീപ്പിലായിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങൾ പൊയ്ക്കൊണ്ടിരുന്ന വഴിയുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. നല്ല കിടിലൻ ഓഫ് റോഡ് ആയിരുന്നു അത്. ഒരു ഘോര വനത്തിനുള്ളിലൂടെ പോകുന്ന പ്രതീതിയായിരുന്നു ഞങ്ങൾക്ക് അപ്പോൾ അനുഭവപ്പെട്ടത്. ഈ വഴിയിലൊക്കെ രാത്രിയായാൽ വന്യമൃഗങ്ങളൊക്കെ ഇറങ്ങുമെന്ന് സലീഷേട്ടൻ പറഞ്ഞു.

അങ്ങനെ കുറച്ചു സമയത്തെ സാഹസികത നിറഞ്ഞ ഓഫ്‌റോഡ് യാത്രയ്ക്കു ശേഷം അകലെയായി ചെറിയ വെളിച്ചം കണ്ടുതുടങ്ങി. വടക്കല്ലൂർ എന്ന ആദിവാസി ഊരായിരുന്നു അത്. അവിടേക്ക് കടന്നപ്പോൾ സലീഷേട്ടന്റെ ഒന്നുരണ്ടു പരിചയക്കാർ അടുത്തു വന്നു വിശേഷങ്ങൾ അന്വേഷിച്ചു. അവരോട് കുശലാന്വേഷണം നടത്തിയശേഷം ഞങ്ങൾ ഊരിലൂടെ യാത്ര തുടർന്നു. ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് സീങ്കുളി എന്ന ഊരിലേക്ക് ആയിരുന്നു. കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ സീങ്കുളി ഊരിൽ എത്തിച്ചേർന്നു.

ഈ ഊര് തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും തൊട്ടപ്പുറത്ത് കേരളമാണ്. ഒരു ചെറിയ പുഴയാണ് ഇവിടെ കേരള – തമിഴ്‌നാട് അതിർത്തി. ഞങ്ങൾ ഊരിൽ ഇറങ്ങിയപ്പോൾ അവിടത്തെ മൂപ്പനായ കാളിമുത്തുവും കൂട്ടരും അടുത്തേക്ക് വന്നു. മൂപ്പൻ എന്നൊക്കെ കേട്ടപ്പോൾ ഞങ്ങൾ ആദ്യം കരുതിയത് സിനിമകളിൽ കണ്ടിരുന്നതുപോലത്തെ വേഷഭൂഷാധികളോടെയുള്ള ഒരു മനുഷ്യനെയായിരുന്നു. എന്നാൽ ഞങ്ങളുടെ സങ്കൽപ്പത്തെ ആകെ മാറ്റിമറിച്ചുകൊണ്ട് ടീഷർട്ടും ലുങ്കിയുമുടുത്തുകൊണ്ടായിരുന്നു മൂപ്പൻ വന്നിരുന്നത്.

ഞങ്ങളെ അതിഥികളായി കണ്ട അവർ ആരതിയുഴിഞ്ഞും കുറി തൊടീച്ചും പൂമാല അണിയിച്ചും സ്വീകരിക്കുകയുണ്ടായി. അവരുടെ ട്രഡീഷണൽ ആയിട്ടുള്ള വാദ്യങ്ങളും ഡാൻസും പാട്ടുമൊക്കെ കാണുവാനാണ് പിന്നീട് ഞങ്ങൾ പോയത്. റിസോർട്ടിൽ വരുന്ന അതിഥികളെ ഇവിടേക്ക് കൊണ്ടുവരാറുണ്ട്. അല്ലാത്തപ്പോൾ വിശേഷ ദിവസങ്ങളിൽ മാത്രമാണ് ഇവർ ഈ വാദ്യങ്ങളും ഡാൻസും പാട്ടുമൊക്കെ അവതരിപ്പിക്കാറുള്ളത്.

പരിപാടി നടക്കുന്നയിടത്ത് കനത്തിൽ തീ കൂട്ടി അതിനടുത്തായി വാദ്യോപകരണങ്ങൾ ചൂടാക്കി തയ്യാറെടുക്കുകയായിരുന്നു അവർ. ഞങ്ങൾ അവിടേക്ക് ചെന്നപ്പോൾ വെൽക്കം ഡ്രിങ്ക് ആയി പച്ചമരുന്നുകൾ ഇട്ട് തയ്യാറാക്കിയ ‘മൂലികാ രസം’ തരികയുണ്ടായി. രസവും അരിഷ്ടവും റമ്മും ഒക്കെ ചേർന്നുള്ള ഒരു രുചിപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ശരിക്കും റം ഒന്നും അതിൽ ഇല്ല കേട്ടോ.
എന്തായാലും ശ്വേതയ്ക്കും സംഭവം ഇഷ്ടമായി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ വാദ്യമേളങ്ങൾ ഉയരുവാൻ തുടങ്ങി. അതിനനുസരിച്ച് ഊരുവാസികൾ ആർപ്പുവിളിക്കുകയും കയ്യടിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പതിയെ ചിലർ തീക്കൂനയ്ക്ക് ചുറ്റും നൃത്തച്ചുവടുകൾ വെക്കുവാൻ ആരംഭിച്ചു. പിന്നീട് വാദ്യമേളങ്ങൾ അൽപ്പം ഉച്ചത്തിലായി. ആ സമയത്ത് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ അവരുടെ തനതു നൃത്തച്ചുവടുകൾ ഒരേപോലെ കളിക്കുവാനും ആരംഭിച്ചു.

നമുക്ക് മനസ്സിലാകാത്ത രീതിയിലുള്ള എന്തൊക്കെയോ പാട്ടുകളും അവരെല്ലാം പാടുന്നുണ്ടായിരുന്നു. ഇതിനിടെ മൂപ്പനും സലീഷേട്ടനും അവരോടൊപ്പം ചേർന്നു. സ്ഥിരമായി ഇതെല്ലാം കാണുന്നത് കൊണ്ടായിരിക്കണം സലീഷേട്ടന് അവരുടെ നൃത്തച്ചുവടുകൾ ഒക്കെ അറിയാമായിരുന്നു. പതിയെ സലീഷേട്ടനും അവരിലൊരാളായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് ഞങ്ങൾ കണ്ടത്.

കുറച്ചു കഴിഞ്ഞപ്പോൾ സലീഷേട്ടനും മറ്റുള്ളവരും ഞങ്ങളെ നൃത്തം ചെയ്യുവാനായി ക്ഷണിച്ചു. ക്യാമറ ശ്വേതയെ ഏൽപ്പിച്ച ശേഷം ഞാനും അവരുടെ കൂടെ നൃത്തം ചവിട്ടുവാൻ തുടങ്ങി. ഏതോ വല്ലാത്തൊരു പോസിറ്റിവ് എനർജിയായിരുന്നു ആ സമയത്ത് എനിക്ക് അനുഭവപ്പെട്ടിരുന്നത്. പുറംലോകത്തെയെല്ലാം മറന്നുകൊണ്ട് അവരുടെ കൂടെ അവരിലൊരാളായി മാറി മറ്റൊരു ലോകത്തിലെന്നപോലെയായിരുന്നു ഞങ്ങൾ.

പരിപാടി കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരെയും പരിചയപ്പെടുകയും അവരോടൊത്ത് വിശേഷങ്ങൾ പങ്കുവെയ്ക്കുകയുണ്ടായി. അവരുടെ സ്നേഹം നേരിട്ടനുഭവിക്കാനും ഞങ്ങൾക്ക് സാധിച്ചു. അതെല്ലാം എഴുതി പിടിപ്പിക്കുവാൻ എത്ര പരിശ്രമിച്ചിട്ടും പറ്റുന്നില്ല. അവയെല്ലാം നിങ്ങൾ ഇതോടൊപ്പമുള്ള വീഡിയോയിൽ കണ്ടു മനസ്സിലാക്കുക. ഒരേയൊരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാൻ നിർത്തട്ടെ. – “ഈ ഊരിൽ ഇവരൊക്കെ ജീവിക്കുന്നതാണ് യഥാർത്ഥ ജീവിതം, യാതൊരു ടെൻഷനും അസൂയയും ഇല്ലാതെ, നഗരത്തിന്റെ ഒച്ചപ്പാടും ബഹളവും തിരക്കുകളും ഇല്ലാതെ, ശുദ്ധവായു ശ്വസിച്ചുകൊണ്ട് പ്രകൃതിയുടെ പുത്രന്മാരായി ഒരു ജീവിതം..”

ആനക്കട്ടിയിലുള്ള SR ജംഗിൾ റിസോർട്ടിൽ വന്നു താമസിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ കാഴ്ചകളൊക്കെ നേരിട്ടു കാണുവാൻ സാധിക്കും. റിസോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ വിളിക്കുക: 9659850555.

LEAVE A REPLY

Please enter your comment!
Please enter your name here