കേബിൾ കാറും സ്‌കൈ ബ്രിഡ്ജും കണ്ട് വന്ന് റൂമിൽ വിശ്രമിക്കുമ്പോൾ ആണ് ശ്വേത പറയുന്നത് ടൗണിലേക്ക് ഒരു നൈറ്റ് റൈഡ് പോകാമെന്ന്. എന്നാൽപ്പിന്നെ വൈകിക്കണ്ട, ഇപ്പൊത്തന്നെ പൊയ്ക്കളയാം എന്നു ഞാനും പറഞ്ഞു. ഞങ്ങളുടെ ഹോട്ടലിലെ രാത്രിക്കാഴ്ച വളരെ മനോഹരമായിരുന്നു. ടൗണിൽ നിന്നും അൽപ്പം മാറിയാണെങ്കിലും നല്ലൊരു അടിപൊളി റിസോർട്ട് ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്ന ഓഷ്യൻ റെസിഡൻസി. ലങ്കാവിയിൽ വരുന്നവർക്ക് ധൈര്യമായി താമസിക്കുവാൻ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു റിസോർട്ടും കൂടിയാണിത്.

അങ്ങനെ ഞങ്ങൾ നേരത്തെ വാടകയ്ക്ക് എടുത്തിട്ടുള്ള ബൈക്കും എടുത്തുകൊണ്ട് രാത്രി ബൈക്ക് യാത്ര ആരംഭിച്ചു. ഇവിടെ വന്നു കഴിഞ്ഞാൽ ഞങ്ങൾ എടുത്തിട്ടുള്ള ചെറിയ ബൈക്ക് മുതൽ സൂപ്പർ ബൈക്കുകൾ വരെ വാടകയ്ക്ക് ലഭിക്കും. അവയ്‌ക്കൊക്കെ നല്ല റേറ്റ് ആയിരിക്കും. നിങ്ങളുടെ കയ്യിൽ എത്ര പൈസയുണ്ടോ അതുപോലെയിരിക്കും. അങ്ങനെ ഞങ്ങൾ ലങ്കാവിയിലെ തെരുവിലൂടെ രാത്രിക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് യാത്ര തുടർന്നു.

റോഡ് ഒക്കെ വളരെ നല്ലതായിരുന്നു അവിടെ. കൂടാതെ നമ്മുടെ നാട്ടിലെപ്പോലെ റോഡുകളിൽ അത്രയ്ക്ക് തിരക്കുകൾ ഒന്നുമില്ല. എല്ലാവരും റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതും ഇവിടത്തെ ഒരു പ്ലസ് പോയിന്റാണ്. ധാരാളം സഞ്ചാരികൾ സൂപ്പർ ബൈക്കുകൾ വാടകയ്ക്ക് എടുത്തുകൊണ്ട് കറങ്ങിനടക്കുന്നത് ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. കാഴ്ചകൾ കണ്ടു പോകുന്നതിനിടയിൽ ഞങ്ങൾക്ക് വിശപ്പിന്റെ വിളി വന്നുതുടങ്ങി. ശ്വേതയ്ക്ക് ആണെങ്കിൽ ഇന്ത്യൻ ഫുഡ് കഴിക്കുവാൻ ഒരു ആഗ്രഹവും. അങ്ങനെ ഞങ്ങൾ ഗൂഗിൾ മാപ്പിൽ തപ്പിപ്പിടിച്ചുകൊണ്ട് അവസാനം ഒരു ഇന്ത്യൻ റെസ്റ്റോറന്റ് കണ്ടുപിടിച്ച് അവിടേക്ക് എത്തിച്ചേർന്നു.

ആപ്ത്താസ് എന്ന പേരുള്ള ഒരു ഇന്ത്യൻ ഹോട്ടലായിരുന്നു അത്. അവിടെ എന്തൊക്കെ കഴിക്കാൻ കിട്ടുമെന്ന് ഞങ്ങൾക്ക് ഒരൂഹവും ഉണ്ടായിരുന്നില്ല. ഞങ്ങൾ ടൂറും കറക്കവുമൊക്കെയായി വീട്ടിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട് അഞ്ചാറ് ദിവസങ്ങൾ ആയിരുന്നു. എനിക്കാണെങ്കിൽ നല്ല മസാലദോശയും വടയുമൊക്കെ കഴിക്കാൻ ഒരു പൂതി. എന്തായാലും ഒന്ന് കയറിക്കളയാം എന്നുവിചാരിച്ച് ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്തിട്ട് ഹോട്ടലിലേക്ക് കയറി.

ഗൂഗിൾ മാപ്പ് കാണിച്ചു തന്നെ ആ റെസ്റ്റോറന്റ് ഒട്ടും മോശമായിരുന്നില്ല. എൻ്റെ ആഗ്രഹംപോലെ തന്നെ അവിടെ മസാല ദോശ ഉണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന റിസോർട്ടിലെ ഫുഡ് നല്ലതായിരുന്നു. പക്ഷെ ഒരു വ്യത്യസ്തത പരീക്ഷിക്കുവാനായാണ് ഞങ്ങൾ പുറത്തേക്ക് വന്നത്. ഞങ്ങൾ മസാലദോശയും ചായയും വെജ്. ഊണും ഒക്കെ ഓർഡർ ചെയ്തു. ഞാൻ മസാലദോശയും ശ്വേത ഊണും ആയിരുന്നു കഴിച്ചത്. തമിഴ് വംശജരായ ആളുകൾ നടത്തിയിരുന്ന ഒരു റെസ്റ്റോറന്റ് ആയിരുന്നു അത്. ഭക്ഷണമൊക്കെ നല്ല രുചികരമായിരുന്നു. ഞങ്ങൾ വയറുനിറച്ചു ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു.

ടൗൺ ഏരിയയിലൊക്കെ ഇനിയും ഒന്നു ചുറ്റിക്കാണണം. റോഡിനിരുവശത്തും ധാരാളം റസ്റ്റോറന്റുകൾ കാണാമായിരുന്നു. ലോക്കൽ ഫുഡ് മുതൽ പക്കാ ഇന്റർനാഷണൽ ഐറ്റംസ് വരെ ഇവിടെ ലഭ്യമാണ്. അങ്ങനെ ഞങ്ങൾ ലങ്കാവി ഫെയർ മാൾ എന്നൊരു മാളിലേക്ക് കയറി. അപ്പോൾ സമയം രാത്രി ഒന്പതര കഴിഞ്ഞിരുന്നു. മാളിനുള്ളിൽ ഒത്ത നടുക്കളത്തിലായി അവിടെ അപ്പോൾ ഒരു ബോക്സിംഗ് മത്സരം നടക്കുകയായിരുന്നു. ഫ്രീ ആയിട്ട് ഇതൊക്കെ ആളുകൾക്ക് കാണാം. ഞങ്ങൾ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ബോക്സിംഗ് മത്സരം കാണുന്നത്. നമ്മൾ സിനിമകളിൽ കാണുന്നതുപോലെ ശത്രുതാ മനോഭാവം വെച്ചുള്ള ഇടിയായിരുന്നില്ല അവിടെ കണ്ടത്. മത്സരാർത്ഥികൾ ഓരോ ലാപ് കഴിയുമ്പോഴും പരസ്പരം കെട്ടിപ്പിടിച്ചും വർത്തമാനം പറഞ്ഞുമൊക്കെ നിൽക്കുന്നു. ചുമ്മാ മാളിൽ കയറിയ ഞങ്ങൾക്ക് അങ്ങനെ നല്ലൊരു ബോക്സിംഗ് മത്സരം കാണുവാനും സാധിച്ചു.

രാത്രി പത്തുമണി ആയപ്പോഴേക്കും ഞങ്ങൾ മാളിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അല്ലെങ്കിൽ അവർ ഞങ്ങളെ ഇറക്കിവിടുമായിരുന്നു (ചുമ്മാ..). കാരണം മാൾ രാത്രി പത്തു മണിയോടെ അടയ്ക്കും. ഞങ്ങൾ വീണ്ടും തെരുവീഥിയിലൂടെ ബൈക്ക് പായിച്ചു. പത്തുമണി ആയെങ്കിലും ലങ്കാവി ടൗൺ ഒക്കെ സജീവമായിരുന്നു. അങ്ങനെ ടൗൺ ഒക്കെ വീണ്ടും ഒന്നു കറങ്ങിയശേഷം ഞങ്ങൾ തിരികെ ഞങ്ങളുടെ റിസോർട്ടിൽ എത്തിച്ചേർന്നു. ചുമ്മാ ഒന്നു കറങ്ങുവാനായി പുറത്തിറങ്ങിയ ഞങ്ങൾക്ക് ലഭിച്ചത് കിടിലൻ രാത്രി അനുഭവങ്ങളും കാഴ്ചകളും. അടിപൊളി.. ഇനി സുഖമായി ഉറങ്ങാം.

ലങ്കാവി പാക്കേജുകൾക്ക് Eizy Travel നെ വിളിക്കാം: 9387676600. 35000 മുതലുള്ള ട്രിപ്പുകൾ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.