വയനാട്ടിലെ ബത്തേരിയിൽ ആയിരുന്നു തലേദിവസം ഞങ്ങൾ തങ്ങിയിരുന്നത്. അവിടെ നിന്നും ഊട്ടിയിലേക്ക് പോകുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. സുൽത്താൻ ബത്തേരിയിൽ നിന്നും പാട്ടവയൽ, ദേവർഷോല വഴിയായിരുന്നു ഞങ്ങൾ ഊട്ടിയിലേക്ക് പോകുവാൻ തിരഞ്ഞെടുത്തത്. അങ്ങനെ രാവിലെ തന്നെ ഞങ്ങൾ യാത്ര തുടങ്ങി.
മനോഹരമായ വയനാടൻ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടായിരുന്നു ഞങ്ങൾ യാത്ര ചെയ്തത്. പാട്ടവയൽ എത്തുന്നതിനു തൊട്ടു മുൻപായി നൂൽപ്പുഴ എന്നൊരു സ്ഥലമുണ്ട്. അവിടെ റോഡ് സൈഡിലായി കുട്ടകൾ നെയ്ത് വിൽക്കുന്ന ഒരു കാഴ്ച കണ്ടപ്പോൾ ഞങ്ങൾ വണ്ടി നിർത്തി അവിടെയിറങ്ങി. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
പാട്ടവയൽ കടക്കുന്നതോടെ പിന്നീട് തമിഴ്‌നാട് സംസ്ഥാനമായി. അവിടത്തെ റോഡുകൾ വളരെ നല്ലതായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വഴിയരികിൽ നിൽക്കുകയായിരുന്ന ഒരു ചേട്ടനും ചേച്ചിയും കൂടി ഞങ്ങളുടെ വണ്ടി അവർ കൈകാട്ടി നിർത്തിച്ചു. ചെക്ക്പോസ്റ്റ് ഫീ ആയി 30 രൂപ ചേട്ടൻ വാങ്ങുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ചേച്ചി ഞങ്ങളുടെ വണ്ടിയിലെ പ്ലാസ്റ്റിക് കവറുകൾ കണ്ടിട്ട് 50 രൂപ ഫൈൻ ആവശ്യപ്പെട്ടു.
അവയെല്ലാം നിരോധനമില്ലാത്ത കവറുകൾ ആണെന്നു പറഞ്ഞെങ്കിലും ചേച്ചി കേൾക്കാൻ കൂട്ടാക്കിയില്ല. ഒപ്പമുണ്ടായിരുന്ന തുണി കൊണ്ടുള്ള കവറിനു പോലും അവർ ഫൈൻ ഈടാക്കുമത്രേ. കേരളത്തിൽ അത് തുണി ആണെങ്കിലും തമിഴ്‌നാട്ടിൽ അത് പ്ലാസ്റ്റിക് ആണത്രേ. നല്ല ബെസ്റ്റ് ന്യായീകരണം. കൂടാതെ കലക്ടറുടെ ഓർഡർ ആണെന്നും കളക്ടർ ഫണ്ടിലേക്കാണ് ഈ പണം എത്തുന്നതെന്നും അവർ പറഞ്ഞു. എന്തേലും ആകട്ടെ എന്നുകരുതി ഞാൻ 50 രൂപ കൊടുത്തു യാത്ര തുടർന്നു. സത്യത്തിൽ ഇതൊക്കെ വെറും ചൂഷണം മാത്രമല്ലേ? പ്ലാസ്റ്റിക് നിരോധനം നല്ലതു തന്നെയാണ്. പക്ഷെ ഇവർ ഈ കാണിക്കുന്നത് ശരിയായ രീതിയല്ല. ഇതുവഴി പോകുന്നവർ ഈ കാര്യം ഒന്നോർത്തു വെക്കുക.
പിന്നീട് അങ്ങോട്ടുള്ള റോഡ് വളരെ മികച്ച രീതിയിലുള്ളവയായിരുന്നു. 2014 ൽ ഞങ്ങൾ ഇതുവഴി പോയപ്പോൾ വളരെ മോശമായ അവസ്ഥയിലായിരുന്നു വഴികളൊക്കെ. എന്നാൽ ഇപ്പോൾ അവയെല്ലാം നല്ല റോഡുകൾ ആക്കിയിട്ടുണ്ട്. റോഡിൽ പൊതുവെ തിരക്കു കുറവാസ്ഥിതി ചെയ്യുന്ന യിരുന്നു. നേരം ഇരുട്ടിയതോടെ ഞങ്ങൾ ഊട്ടി ടൗണിൽ എത്തി. ഇന്നത്തെ ഊട്ടിയിലെ ഞങ്ങളുടെ താമസം ടൗണിൽ നിന്നും ഏകദേശം 7 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന
‘ഊട്ടി ലോഗൻ ക്യാമ്പ്’ എന്ന കോട്ടേജിൽ ആയിരുന്നു. മലയാളികളായ ഒരു ദമ്പതികൾ നടത്തുന്ന ഈ കോട്ടേജുകൾ ഒരു ഹോം സ്റ്റേ എന്നു വേണമെങ്കിൽ പറയാം.
രാത്രിയായതോടെ നല്ല തണുപ്പ് അരിച്ചിറങ്ങുവാൻ തുടങ്ങി. കോട്ടേജുകൾ ആണെങ്കിൽ വളരെ മനോഹരമായിരുന്നു. എന്തായാലും യാത്രയുടെ ക്ഷീണം കാരണം ഞങ്ങൾ ഉറങ്ങുവാനായി നേരത്തെ തന്നെ പോയി. ഊട്ടി ലോഗൻ ക്യാമ്പ് എന്ന മലയാളിയുടെ കോട്ടേജിന്റെ വിവരങ്ങൾക്ക് ജോസ് അച്ചായനെ വിളിക്കാം: 97470 55554.