തനിച്ചിരിക്കാന്‍ ആരാണ് മോഹിക്കാത്തത്. കാടിനുള്ളിലെ ഏകാന്തവാസമാണെങ്കില്‍ അതിലും വലിയ ആശ്വാസം വേറെയില്ല. കാട്ടിനുള്ളിലെ രാജാവിനെ പോലെ പുറം ലോകം വിട്ട് ഒരു ദിവസം താമസിക്കാം. 250 ഏക്കർ ഏലക്കാടിനുള്ളിൽ ഒരു ബംഗ്ളാവ്. അതാണ് Angel’s Trumpet Plantation Villa. തേക്കടിക്ക് സമീപം അണക്കരയിലുള്ള സ്റ്റാനിചേട്ടന്റെ ഏലം പ്ലാന്റേഷനിലാണ് ഈ സൗകര്യം. മികച്ച ഏലം കർഷകനുള്ള അവാർഡ് ലഭിച്ചയാളാണ് നമ്മുടെ സ്റ്റാനി ചേട്ടൻ, ഏലക്കൃഷിയും പച്ചക്കറി കൃഷിയും ഒപ്പം ടൂറിസവും കൂട്ടിച്ചെർത്ത് യുവ കർഷകർക്ക് ഒരുത്തമ ഉദാഹരണം ആണ് സ്റ്റാനി ചേട്ടൻ.

ആറു മുതൽ പന്ത്രണ്ട് പേർക്ക് വരെ സുഖമായി ഇവിടെ താമസിക്കാം. Food/Activities/Offroad Transportation/Stay ഉൾപ്പെടെ 2750 രൂപ മുതൽ ലഭ്യമാണ്. ഗ്രൂപ്പായി വന്നുകൊണ്ട് ഒച്ചപ്പാടും ബഹളവും മദ്യപാനവുമൊക്കെയായി അടിച്ചുപൊളിച്ചു സമയം കളയാതെ തിരക്കുകളിൽ നിന്നും നഗരത്തിലെ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒക്കെ മാറി പക്ഷികളുടെ കൊഞ്ചലുകളും പ്രകൃതിയുടെ ഈണവുമൊക്കെയായി രണ്ടു ദിവസം താമസിക്കുവാൻ താല്പര്യമുള്ളവർക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്നതാണ് ഈ വില്ല.

ഇവിടെ വരുന്നവർക്ക് അടുത്തുള്ള വലിയ തടാകത്തിലൂടെ മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ ഒരു കിടിലൻ യാത്ര ആസ്വദിക്കാം. ഏലക്കാടുകൾക്കിടയിലൂടെയുള്ള ഈ തടാകത്തിൽ ധാരാളം മീനുകളും ഉണ്ട്. ഈ തടാകത്തിൽ നിന്നും പിടിക്കുന്ന മീനുകളാണ് വില്ലയിൽ ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും. ചങ്ങാടത്തിൽ യാത്ര ചെയ്യുന്നതിനോടൊപ്പം ചെറിയ രീതിയിലുള്ള മീൻപിടുത്തവും ഇവിടെ ആസ്വദിക്കാം. വേണമെങ്കിൽ ചങ്ങാടം ഒന്നു തുഴയുവാൻ പഠിക്കുകയും ചെയ്യാം.

ഇത്രയും പറഞ്ഞപ്പോൾ തന്നെ ഈ സ്ഥലത്തിൻ്റെ പ്രത്യേകത നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ. ഇവിടെ താമസിക്കുവാനായി വരുന്നവർക്ക് 100% സ്വകാര്യത ഉറപ്പു വരുത്തുന്നതിനായി ഒരു സമയം ഒരു ഗ്രൂപ്പിനെ മാത്രമേ വില്ലയിൽ തങ്ങുവാൻ അനുവദിക്കുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ ഒന്നോ രണ്ടോ ആളുകൾക്ക് വന്നു താമസിക്കുവാൻ പറ്റില്ല എന്നർത്ഥം. ഇനി അങ്ങനെ താമസിക്കണം എന്നുണ്ടെങ്കിൽ വില്ലയുടെ മൊത്തമായുള്ള ചാർജ്ജ് നൽകേണ്ടി വരും. അതായത് ഒരു ഗ്രൂപ്പിനു വരുന്ന ചാർജ്ജ് കൊടുക്കേണ്ടി വരും.

ഈ വില്ലയിൽ മൊത്തം മൂന്ന് മുറികളാണ് താമസിക്കുന്നവർക്കായി ഉള്ളത്. മൂന്നു മുറികളിലായി ആറുപേർക്ക് സുഖകരമായി കിടക്കുവാൻ സാധിക്കും. ഒപ്പംതന്നെ ആറു പേർക്കുള്ള എക്സ്ട്രാ ബെഡ് സൗകര്യങ്ങളും ഈ മൂന്നു റൂമുകളിലായിട്ട് ഉണ്ട്. അങ്ങനെ മൊത്തത്തിൽ 12 പേർക്ക് വരെ ഇവിടെ തങ്ങുവാൻ സാധിക്കും. റൂമുകളൊക്കെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ്. ഒപ്പം നല്ല കിടിലൻ അറ്റാച്ചഡ് ബാത്ത് റൂമുകളും. കൂടാതെ ഡൈനിങ് റൂമിൽ വേണമെങ്കിൽ രണ്ടുപേർക്ക് കിടക്കുവാനുള്ള കട്ടിലും സൗകര്യങ്ങളുമുണ്ട്.

നല്ല തണുപ്പുള്ള സ്ഥലമാണെങ്കിലും നല്ല കട്ടിയുള്ള കല്ല് കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ വില്ലയ്ക്ക് അകത്ത് പുറമേയുള്ളതിൽ നിന്നും തണുപ്പ് കുറവായിരിക്കും. വില്ലയിൽ കയറിയിട്ട് പിന്നീട് പുറത്തേക്ക് ഇറങ്ങിക്കഴിയുമ്പോൾ ആയിരിക്കും നിങ്ങൾക്ക് ഇത് മനസ്സിലാകുന്നത്.

സുഹൃത്തുക്കളുമൊത്ത് നടത്തിയ ബാച്ചിലർ ട്രിപ്പ് കുട്ടിക്കാനവും കുമളിയും പിന്നിട്ട് അവസാനം തേക്കടിയ്ക്ക് അടുത്തുള്ള Angel’s Trumpet Plantation Villa യിൽ എത്തി നിൽക്കുകയാണ്. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ ഉടമയായ സ്റ്റാനി ചേട്ടൻ ഞങ്ങളെ വില്ലയുടെ മുക്കിലും മൂലയിലുമൊക്കെ കൊണ്ടുചെന്നു കാര്യങ്ങൾ വിശദീകരിച്ചു തന്നു. അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടത്തെ ചേട്ടന്മാർ തടാകത്തിൽ നിന്നും പിടിച്ച മീൻ വൃത്തിയാക്കി കറിയും ഫ്രൈയും തയ്യാറാക്കുവാൻ പോകുകയായിരുന്നു. പാചകക്കാരിൽ പ്രധാനിയായ സിബിച്ചേട്ടൻ ഞങ്ങൾക്ക് കിച്ചണിലെ കാര്യങ്ങളെല്ലാം പറഞ്ഞു തന്നു.

നിമിഷ നേരങ്ങൾക്കുള്ളിൽ ഞങ്ങൾക്കായുള്ള ലഞ്ച് തയ്യാറായി. ചോറ്, മീൻ കറി, ബീറ്റ് റൂട്ട് പച്ചടി, പുളിശ്ശേരി, സാമ്പാർ, മീൻ വറുത്തത്, ബീഫ് എന്നിവയടങ്ങിയ അടിപൊളി ഫുഡ് ആയിരുന്നു ഞങ്ങളുടെ ഉച്ചഭക്ഷണം. രുചിയാണെങ്കിൽ പറയുകയേ വേണ്ട. അടിപൊളി. മധ്യ തിരുവിതാംകൂർ സ്റ്റൈലിൽ ആണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നതെന്ന് സിബിച്ചേട്ടൻ ഞങ്ങളോട് പറഞ്ഞു. എന്തായാലും സിബിച്ചേട്ടന്റെ കൈപ്പുണ്യം അപാരം തന്നെ.

ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ അൽപ്പസമയം വിശ്രമിക്കുവാനായി റൂമിലേക്ക് നീങ്ങി. യാത്രയൊക്കെ കഴിഞ്ഞതിന്റെ ചെറിയൊരു ക്ഷീണം ഞങ്ങൾക്ക് ഉണ്ടായിരുന്നു. വൈകുന്നേരത്തോടെ ഞങ്ങൾ ക്ഷീണമൊക്കെ അകറ്റി ഉഷാറായി പുറത്തേക്ക് ഇറങ്ങി. തടാകത്തിലൂടെ ഒരു ചങ്ങാട യാത്രയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഞാനും സുഹൃത്ത് എമിലും കൂടിയായിരുന്നു ചങ്ങാടത്തിൽ കയറിയത്. ചങ്ങാടത്തിൻ്റെ ഡ്രൈവറായ ഭായിയെ മാറ്റി നിർത്തി എമിൽ നിയന്ത്രണം ഏറ്റെടുത്തു. സത്യം പറയാമല്ലോ എമിൽ നല്ലൊരു തുഴച്ചിൽക്കാരനും കൂടിയാണെന്ന് എനിക്കന്നു മനസ്സിലായി.

തടാകത്തിലൂടെ ഒന്ന് കറങ്ങി എല്ലാം ആസ്വദിച്ചു തിരികെയെത്തിയപ്പോഴേക്കും സന്ധ്യ മയങ്ങുവാൻ തുടങ്ങിയിരുന്നു. സൂക്ഷിച്ചു ചങ്ങാടം അടുപ്പിച്ചു ശേഷം ഞങ്ങൾ പിന്നീട് ചൂണ്ടയിടുന്ന സ്ഥലത്തേക്ക് നടന്നു. അടുക്കളയിലേക്കുള്ള മീനുകൾ വലയിട്ടാണ് പിടിക്കുന്നതെങ്കിലും അതിഥികൾക്ക് മീൻപിടിക്കുവാൻ ചൂണ്ടയാണ്‌ നൽകുന്നത്. അതിനായി പ്രത്യേകം ഏരിയയും തയ്യാറാക്കിയിട്ടുണ്ട്. അവിടെ ചൂണ്ടയും ഇരയുമെല്ലാം റെഡിയാണ്. നല്ല ക്ഷമയുള്ളവർക്ക് പറ്റിയ പണിയായതിനാൽ ഞാൻ അധികനേരം ചൂണ്ടയിടുവാൻ നിന്നില്ല. ക്ഷമ ഇച്ചിരി കുറവായതിന്റെയാ.

വില്ലയിലെയും പരിസരത്തെയും കൃഷി പരിപാലനങ്ങളെല്ലാം നോക്കി നടത്തുന്നത് ജോസേട്ടനാണ്. അവിടെ കാണുന്ന ചെടികളുടെയും പൂക്കളുടേയുമൊക്കെ സൗന്ദര്യത്തിനു പിന്നിൽ ജോസേട്ടന്റെ അധ്വാനമാണ്. ഇവിടെ വരുന്ന അതിഥികളുമായി നല്ല സൗഹാർദ്ദപരമായാണ് ജോസേട്ടൻ ഇടപെടുന്നത്.

രാത്രിയായപ്പോൾ വില്ല പരിസരത്ത് ക്യാമ്പ് ഫയറും ലൈവായുള്ള ഗ്രിൽഡ് ഫുഡും ഒക്കെ തയ്യാറായിരുന്നു. ചിക്കനും ഒക്കെയായിരുന്നു ഗ്രിൽ ചെയ്തിരുന്നത്. നല്ല മസാലയൊക്കെ പുരട്ടി ഗ്രിൽ ചെയ്ത് മൂടി വെച്ച് ഒപ്പം ബേക്കിംഗ് പ്രക്രിയ കൂടി നടക്കുന്നതിനാൽ സംഭവം എളുപ്പത്തിൽ തയ്യാറാകും. നല്ല തണുപ്പുള്ള ആ അന്തരീക്ഷത്തിൽ ക്യാമ്പ് ഫയറിലെ ചൂടും കാഞ്ഞുകൊണ്ട് എരിവും ചൂടുമുള്ള ചിക്കനും ഫിഷും ഒക്കെ രുചിക്കുമ്പോൾ കിട്ടുന്ന ആ ഒരു അനുഭൂതിയുണ്ടല്ലോ.. ഹോ.. അത് അനുഭവിച്ചു തന്നെ അറിയണം. അത് ആലോചിച്ചിട്ട് ഇപ്പോൾ നാവിൽ വെള്ളമൂറുന്നുണ്ടാകുമല്ലേ? ഹമ്പട കൊതിയന്മാരേ..

ഈ സമയത്ത് കിച്ചണിൽ ഞങ്ങൾക്കായുള്ള ഡിന്നർ തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ വരുന്നവർക്ക് താല്പര്യമുള്ള വിഭവങ്ങൾ നേരത്തെ അറിയിക്കുകയാണെങ്കിൽ അവ ഉൾപ്പെടുത്തിയുള്ള ഭക്ഷണമായിരിക്കും നിങ്ങൾക്ക് ഇവിടെ ലഭ്യമാകുക. ഞങ്ങളുടെ ഡിന്നറിനു പൊറോട്ട, ചോറ്, ചിക്കൻ കറി, ബീഫ് ഫ്രൈ, തക്കാളികറി, കാബേജ് തോരൻ എന്നിവയ്ക്ക് പുറമെ സൗത്ത് ഇന്ത്യക്കാരുടെ സ്വന്തം ‘രസ’വും തയ്യാറായിരുന്നു. ടേസ്റ്റ് ഉണ്ടോയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉച്ചയൂണ് കഴിച്ചപ്പോൾത്തന്നെ ഇവിടത്തെ ഭക്ഷണത്തിന്റെ രുചി ഞങ്ങൾക്ക് ബോധിച്ചിരുന്നു.

ഡിന്നറിനു ശേഷം ഞങ്ങളെല്ലാം കൂടി കുറേനേരം സംസാരിച്ചിരിക്കുകയും ഉറക്കം വന്നപ്പോൾ പതിയെ ഓരോരുത്തരായി ബെഡിലേക്ക് ചായുകയും ചെയ്തു. പിറ്റേദിവസം അതിരാവിലെ ആറു മണിയ്ക്ക് ശേഷം ഒരു ചൂളംവിളി കേട്ടാണ് ഞങ്ങൾ ഉണർന്നത്. വേറാരുമല്ല മലബാർ വിസിലിംഗ് ത്രഷ് എന്ന കുയിൽ വിഭാഗത്തിൽപ്പെട്ട ഒരു പക്ഷിയുടെ ശബ്ദമായിരുന്നു അത്. ചൂളക്കാക്ക എന്നും ഈ പക്ഷിയെ വിളിക്കാറുണ്ട്. പുറത്തേക്ക് ഇറങ്ങിയപ്പോൾ ചുറ്റിനും കോടമഞ്ഞു മൂടിയ അവസ്ഥയായിരുന്നു ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. അടിപൊളി തന്നെ. സത്യമായിട്ടും ഇതൊക്കെ എഴുതി ഫലിപ്പിക്കുവാൻ എനിക്ക് സാധിക്കുന്നില്ല. അത് ഇവിടെ വന്നു നേരിട്ട് അനുഭവിച്ചറിയുക തന്നെ വേണം.

പ്രകൃതിയുമായി ഒത്തിണങ്ങി പക്ഷികളുടെയും മരങ്ങളുടെയും കാറ്റിന്റെയും മാത്രം ശബ്ദം ആസ്വദിച്ച് നഗരത്തിരക്കിൽ നിന്നും മാറി പരിപൂർണ്ണമായി പ്രകൃതിയെ ആസ്വദിക്കാൻ ഈ സ്ഥലത്തേക്കാൾ മികച്ചതായി മറ്റൊന്ന് തേക്കടിയിൽ ഇല്ല. കൂടുതൽ വിവരങ്ങൾക്ക് സ്റ്റാനി ചേട്ടനെ വിളിക്കാം: 8129380028. വെബ്‌സൈറ്റ്: http://www.angelstrumpet.in/.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.