ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കുറച്ച് വൈകിപ്പോയിരുന്നു. വെളുപ്പിന് നാലുമണിയോടെയാണ് ഞങ്ങള്‍ തലേദിവസത്തെ കറക്കം കഴിഞ്ഞു തിരിച്ചെത്തിയത്. വൈകി എഴുന്നേറ്റതിനാല്‍ ബ്രേക്ക് ഫാസ്റ്റ് ക്യാന്‍സലായി. ഹാരിസ് ഇക്ക പതുവുപോലെ കപ്പ്‌ ന്യൂഡില്‍സ് വാങ്ങി വന്നു. ഇന്നു വേറെ മോഡല്‍ കപ്പ് ന്യൂഡില്‍സായിരുന്നു ഞങ്ങള്‍ കഴിച്ചത്. എല്ലാം കഴിഞ്ഞു റെഡിയായി ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മണി മൂന്നായി. വൈകുന്നേരം മൂന്നു മണി…

രാജു ഭായ് കാറുമായി ഹോട്ടലിനു താഴെ എത്തിയിരുന്നു. ഞങ്ങള്‍ ഇന്ന് പോകുന്നത് മലേഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്നായ ബെര്‍ജയ ടൈം സ്ക്വയറിലേക്ക് ആയിരുന്നു. ഞങ്ങളെ ഷോപ്പിംഗ് മാളിനു മുന്നില്‍ ഡ്രോപ്പ് ചെയ്തിട്ട് രാജു ഭായ് മടങ്ങി. പകല്‍ ആയതിനാല്‍ അവിടത്തെ ഭീകരമായ തിരക്കില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടു. എങ്കിലും സാമാന്യം തിരക്കുണ്ടായിരുന്നു.

ഞങ്ങള്‍ മാളിന് ഉള്ളിലേക്ക് കയറി. ചൈനീസ് ന്യൂയര്‍ ആയതിനാല്‍ എല്ലായിടത്തും ചൈനീസ് രീതിയിലുള്ള അലങ്കരനഗല്‍ കാണാമായിരുന്നു. ഒരു ലോക്കല്‍ ചൈനീസ് സ്ട്രീറ്റ് തന്നെ അവര്‍ അവിടെ താല്‍ക്കാലികമായി ഉണ്ടാക്കി വെച്ചിരിക്കുന്നത് വളരെ ആകര്‍ഷണീയമായിരുന്നു. എല്ലാവരും അതിനു മുന്നില്‍ നിന്നും ചിത്രങ്ങള്‍ എടുക്കാന്‍ മത്സരിക്കുന്നുണ്ടായിരുന്നു.

വളരെ വില കൂടിയതും അതോടൊപ്പം താരതമ്യേന വില കുറഞ്ഞതുമായ സാധനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നതാണ്. ഞങ്ങള്‍ അവിടെ കണ്ട ഒരു ചോക്കളേറ്റ് കടയില്‍ നിന്നും ഓഫര്‍ വിലയ്ക്ക് കുറച്ച് ചോക്കളേറ്റ് വാങ്ങി. കഴിഞ്ഞ ദിവസം ഞങ്ങള്‍ പോയ മാളില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവിടെ എല്ലാതരം സാധനങ്ങളും ലഭ്യമാണ്.

ന്യൂട്രീഷ്യന്‍ ഫുഡ് ഐറ്റംസ് ലഭിക്കുന്ന ഒരു ഷോപ്പില്‍ ഹാരിസ് ഇക്ക കയറി. അവിടത്തെ പല ഉല്‍പ്പന്നങ്ങളും കടക്കാര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നു. വീഡിയോ ഒക്കെ എടുക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് ആവേശം കൂടി. കുറച്ചു സമയത്തെ കറക്കത്തിനു ശേഷം ഞങ്ങള്‍ക്ക് വിശക്കാന്‍ തുടങ്ങി. ഹാരിസ് ഇക്കയ്ക്ക് ആണേല്‍ KFC വിട്ടുള്ള ഒരു കളിയുമില്ല. പുള്ളിയുടെ പിടിവാശിയ്ക്ക് വഴങ്ങി ഞങ്ങള്‍ മാളിനകത്തു തന്നെയുള്ള ഒരു KFC റെസ്റ്റോറന്റില്‍ കയറി വിശപ്പടക്കി.

ഒരു ദിവസം മുഴുവന്‍ കാണാനുള്ള വകുപ്പുണ്ട് പത്തു നിലകളിലായി വ്യാപിച്ചുകിടക്കുന്ന ബെര്‍ജയ ടൈം സ്ക്വയര്‍ എന്ന ഈ സൂപ്പര്‍ ഷോപ്പിംഗ് മാളില്‍. ചൈനീസ് ന്യൂയര്‍ പോലുള്ള ആഘോഷവേളകളില്‍ ഇവിടെയൊക്കെ സ്പെഷ്യല്‍ ഓഫര്‍ ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ ലുലു മാളിലെപ്പോലെ തന്നെ..

മാളിന്‍റെ മുകളിലെ നില കുട്ടികള്‍ക്കായുള്ള ഒരു മിനി പാര്‍ക്കാണ്. വിവിധതരം റൈഡുകളും ഇവിടെയുണ്ട്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഈ മിനി പാര്‍ക്ക് നന്നായി എന്‍ജോയ് ചെയ്യുന്നുണ്ട്. ഏകദേശം ആറു മണിക്കൂര്‍ ഞങ്ങള്‍ ഈ മാളില്‍ ചെലവഴിച്ചു. ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ നല്ലൊരു അനുഭവമായിരിക്കും ബെര്‍ജയ ടൈം സ്ക്വയര്‍. ക്വലാലംപൂരില്‍ വരുന്നവര്‍ ഇവിടെ ഉറപ്പായും സന്ദര്‍ശിച്ചിരിക്കണം.

മലേഷ്യാ ടൂർ പാക്കേജുകൾക്ക് ഹാരിസ് ഇക്കയെ വിളിക്കാം: 9846571800.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.