പെട്രോണാസ് ടവറിലെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നതുപോലെ ബുക്കിത് ബിന്‍താങ്ങ് സ്ട്രീറ്റിലേക്കാണ് പോയത്.  ഭക്ഷണപ്രിയർക്ക് രാത്രി മുഴുവൻ അടിച്ച് പൊളിക്കാനുള്ള ഒരു ഏരിയയാണ് ഇത്. എറണാകുളത്തെ ബ്രോഡ് വേ, കോഴിക്കോട് മിട്ടായിത്തെരുവ് എന്നൊക്കെപ്പോലെ എന്നു വേണമെങ്കില്‍ പറയാം. പക്ഷേ ഒരിക്കലും അവയെ ഇതുമായി താരതമ്യം ചെയ്യാനേ പറ്റില്ല. ഒരു ചെറിയ സ്ട്രീറ്റ്.. തുടക്കം മുതല്‍ ഒടുക്കം വരെ ഇരുവശത്തും ഭക്ഷണസാധനങ്ങള്‍ മാത്രം.

ഭക്ഷണപ്രിയര്‍ക്ക് ഇവിടം സ്വര്ഗ്ഗമായിരിക്കും എന്നു നിസ്സംശയം പറയാം. പഴവര്‍ഗ്ഗങ്ങള്‍, മീന്‍, ചിക്കന്‍, താറാവ്, തവള, കൂന്തല്‍ മുതലായവയും പിന്നെ ജ്യൂസ് മുതലായ ഐറ്റങ്ങളും ഇവിടെ ലഭ്യമാണ്. എവിടെ ക്യാമറ തിരിച്ചാലും ഫുഡ് മയമാണ്. ഹാരിസ് ഇക്ക നന്നായി ആസ്വദിച്ചുകൊണ്ടിരുന്നു ഈ കാഴ്ചകളും ഭക്ഷണവും. കടക്കാരൊക്കെ നല്ല സൗഹൃദപരമായാണ്‌ എല്ലാവരോടും പെരുമാറുന്നത്. നമ്മള്‍ ഒന്നും വാങ്ങിയില്ലെങ്കില്‍ പോലും അവര്‍ക്ക് ദേഷ്യമോ ഒന്നും ഇല്ല. എല്ലാവരും ചിരിച്ച മുഖത്തോടെ…

മലേഷ്യയില്‍ വരുന്ന എല്ലാ ടൂറിസ്റ്റുകളും തീര്‍ച്ചയായും വന്നിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്. വൈകുന്നേരം മുതല്‍ വെളുപ്പിനു നാലു മണിവരെ ഇവിടം ഉണര്‍ന്നിരിക്കും എന്നു ഞങ്ങളുടെ കൂടെയുള്ള സഞ്ജീവ് ഭായ് പറഞ്ഞു. പലദേശങ്ങളില്‍ നിന്നുള്ളവര്‍ പല രീതിയില്‍ പലതരം ഭക്ഷണങ്ങള്‍ കഴിക്കുന്ന കാഴ്ചകളും ഇവിടെ കാണാം. ഈ തിരക്കുകള്‍ക്കിടയില്‍ പാട്ടുകാര്‍, മാജിക്കുകാര്‍, ചിത്രകാരന്മാര്‍, ഭിക്ഷക്കാര്‍ മുതലായവരെയും കണ്ടുമുട്ടാന്‍ സാധിക്കും. ജീവിതത്തില്‍ ഇതുവരെ കാണാത്തതും കേള്‍ക്കാത്തതുമായ ചില ഐറ്റങ്ങള്‍ രുചിച്ചു നോക്കുവാന്‍ ഇവിടെ നിനും സാധിച്ചു.

ഫുഡ് സ്ട്രീറ്റിലെ കാഴ്ചകള്‍ കണ്ടതിനുശേഷം ഞങ്ങള്‍ ബുക്കിത് ബിന്‍താങ്ങിന്‍റെ മറ്റൊരു വശത്തേക്ക് നീങ്ങി. അവിടെ മുഴുവന്‍ മസാജ് സെന്‍ററുകളായിരുന്നു. ഫൂട്ട്പാത്തിലൂടെ നടക്കുന്നവരെ മസാജ് പാര്‍ലറുകളിലേക്ക് ആകര്‍ഷിക്കുവാന്‍ യൂണിഫോമിട്ട സുന്ദരിമാരും അമ്മൂമ്മമാരും ഒക്കെ മത്സരിക്കുകയാണ്. ഒരു ചെറിയ പുഞ്ചിരി പാസ്സാക്കി ഞങ്ങള്‍ ഭക്ഷണം കഴിക്കുവാനായി വീണ്ടും നടന്നു. അവസാനം ഒരു തുറന്ന റെസ്റ്റോറന്റില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി ഇരുന്നു. ചെമ്മീന്‍ ഫ്രൈഡ് റൈസും ചിക്കനുമായിരുന്നു ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. റെസ്റ്റോറന്റില്‍ ഒരു പാട്ടുകാരന്‍ ഗിറ്റാര്‍ വായിച്ചുകൊണ്ട് ചില ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഇന്ത്യക്കാരാണെന്നു മനസ്സിലാക്കിയ പുള്ളി അടുത്ത രണ്ടു മൂന്നു പാട്ടുകള്‍ തിരഞ്ഞെടുത്തത് ഹിന്ദിയായിരുന്നു. ഹിന്ദിപ്പാട്ട് പാടുവാന്‍ പാവം കുറച്ച് കഷ്ടപ്പെടുന്നുണ്ടായിരുന്നു. എങ്കിലും കേള്‍ക്കുമ്പോള്‍ ഒരു അഭിമാനം. അല്ലേലും ഇവിടെയൊക്കെ ഇന്ത്യക്കാരെ എല്ലാവര്ക്കും വലിയ ബഹുമാനമാണ്. ഭക്ഷണം കഴിച്ച് ഇറങ്ങുംനേരം പാട്ടുകാരന് ഹാരിസ് ഇക്ക നല്ലൊരു തുക ടിപ്പ് ആയി നല്‍കാനും മറന്നില്ല.

അങ്ങനെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു, വയര്‍ നിറഞ്ഞു, നടന്നു മതിയായി കാറിനടുത്ത് എത്തി.അപ്പോള്‍ സമയം വെളുപ്പിനു രണ്ടുമണിയായിരുന്നു. ഞങ്ങള്‍ കാറില്‍ക്കയറി നേരെ ഹോട്ടലിലേക്ക്.. നല്ല ക്ഷീണമുണ്ട്. ഇനി ശരിക്കൊന്ന് നീണ്ടുനിവര്‍ന്നു കിടന്നുറങ്ങണം. നാളത്തെ പ്രോഗ്രാം ഉച്ചയ്ക്ക് ശേഷം… അപ്പോള്‍ ശരി…കാണാം…

മലേഷ്യ പോകാനായി ഹാരിസ് ഇക്കയെ വിളിക്കാം: 9846571800

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.