മേഘാലയയിലെ ഷില്ലോംഗിനടുത്തുള്ള RI Kanaan Guest House ൽത്തന്നെയായിരുന്നു ഞങ്ങളുടെ താമസം. അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലുള്ള ദൗകി നദിയിലേക്ക് പോകുവാനായി റെഡിയായി. ഞാനും എമിലും ഞങ്ങളുടെ വണ്ടിയിലും, റിസോർട്ട് ഉടമയായ വിവേകും സുഹൃത്ത് പങ്കജ്ഉം മറ്റൊരു വണ്ടിയിലുമായായിരുന്നു ഞങ്ങൾ യാത്ര പുറപ്പെട്ടത്. രാവിലെയായതിനാൽ ഷില്ലോംഗ് നഗരത്തിൽ തിരക്ക് കുറവായിരുന്നു. അങ്ങനെ ഞങ്ങൾ നഗരവും പിന്നിട്ടു മനോഹരമായ ഹൈറേഞ്ച് ഏരിയയിലൂടെ യാത്ര തുടർന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ആ ചുരം പാതയിലാകെ കോടമഞ്ഞു മൂടി. ഞങ്ങൾ ഭൂട്ടാനിലെ പോയപ്പോഴും ഇതുപോലെ ധാരാളം കോടമഞ്ഞു പൊതിഞ്ഞ അനുഭവങ്ങൾ ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കോടമഞ്ഞു മാറി, പകരം ആകാശത്ത് കാർമേഘങ്ങൾ നിരന്നു. കയറ്റം കയറിക്കയറി ഞങ്ങൾ ഒരു മലയുടെ മുകളിലൂടെയുള്ള നിരപ്പായ റോഡിലൂടെ സഞ്ചരിക്കുവാൻ തുടങ്ങി. അവിടമാകെ നല്ല ഭംഗിയായിരുന്നു. എവിടേക്ക് ക്യാമറ തിരിച്ചാലും നല്ല കിടിലൻ ഫ്രെയിം ആയിരുന്നു. മലമുകളിൽ ഒരിടത്ത് ഞങ്ങൾ രണ്ടു വണ്ടികളും നിർത്തി അല്പസമയം വിശേഷങ്ങൾ പങ്കുവെച്ചും കാഴ്ചകൾ കണ്ടും നിന്നു. പിന്നീട് യാത്ര തുടങ്ങിയപ്പോൾ ഞാൻ വിവേകിന്റെ കാറിലും പങ്കജ് ഞങ്ങളുടെ എക്കോസ്പോർട്ടിലും കയറി.
കുറച്ചു ദൂരം യാത്ര ചെയ്തു ഞങ്ങൾ ദൗകി നദിയുടെ അടുത്ത് എത്തിച്ചേർന്നു. അവിടെ ടൂറിസ്റ്റുകളുടെ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ശരിക്കും ദൗകി എന്നത് ആ സ്ഥലത്തിൻ്റെ പേരാണ്. അതിലൂടെ ഒഴുകുന്ന ഈ നദിയുടെ ശരിക്കുള്ള പേര് ‘ഉംഗോട്ട്’ എന്നാണ്. ഉംഗോട്ട് നദിയുടെ ഭാഗമായി ദൗകി എന്നുപേരുള്ള ഒരു തടാകവും ഉണ്ട്. എന്നാലും പൊതുവെ ഈ നദി അറിയപ്പെടുന്നത് ദൗകി എന്നു തന്നെയാണ്.
ഇന്ത്യയിലെ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള ഒരു നദിയാണ് ഉംഗോട്ട്. ഇതിലൂടെയുള്ള തോണിയാത്ര നടത്തുവാനാണ് ടൂറിസ്റ്റുകൾ കൂട്ടത്തോടെ ഇവിടേക്ക് എത്തിച്ചേരുന്നത്. കാരണം, തെളിഞ്ഞ നദിയിലൂടെ തോണിയിൽ യാത്ര ചെയ്യുമ്പോൾ നദിയുടെ താഴെത്തട്ടിലെ ഉരുളൻ കല്ലുകൾ മുതൽ നീന്തിത്തുടിക്കുന്ന മീനുകൾ വരെ നമുക്ക് ഒരു അക്വേറിയത്തിലേതെന്നപോലെ നേരിട്ടു കണ്ടാസ്വദിക്കുവാൻ സാധിക്കും.
അതിസാഹസികത നിറഞ്ഞ മലമ്പാതയിലൂടെ യാത്ര ചെയ്തു ഞങ്ങൾ നദിക്കരയിലെത്തി. പോകുന്ന വഴിയിൽ ബോട്ടിംഗിനായി ഏജന്റുമാർ സഞ്ചാരികളെ ക്യാൻവാസ് ചെയ്യുന്ന കാഴ്‌ച ധാരാളമായി കാണാമായിരുന്നു. ഞങ്ങൾക്ക് നല്ല ഭാഗ്യക്കേടുണ്ടായിരുന്നതിനാൽ നദിയിലെ വെള്ളം അൽപ്പം കലങ്ങിയ അവസ്ഥയിലായിരുന്നു. അതുകൊണ്ട് കണ്ണാടിപോലത്തെ നദിക്കാഴ്ച ഞങ്ങൾക്ക് നഷ്ടമായി. ഒരു മാമാങ്കം നടക്കുന്നതുപോലുള്ള ആൾക്കൂട്ടമായിരുന്നു നദിക്കരയിൽ.
ഞങ്ങൾ ബോട്ടിംഗിനായുള്ള ടിക്കറ്റ് എടുത്തു. ഒരു ബോട്ടിനു, നാലു പേർക്ക് 700 രൂപയായിരുന്നു അവിടത്തെ നിരക്ക്. ഇതിൽ വിലപേശൽ ഒന്നുമില്ല, ബോട്ടിംഗ് അസോസിയേഷൻ അംഗീകരിച്ചിരിക്കുന്ന ഏകീകൃത ചാർജ്ജ് ആണത്. അങ്ങനെ ഞങ്ങൾ ടിക്കറ്റുമെടുത്തുകൊണ്ട് തോണിയിൽ കയറുവാനായി നദീ തീരത്തേക്ക് ഇറങ്ങി. അവിടെ ചെന്നപ്പോഴാണ് ആ തിരക്ക് മുഴുവനും ബംഗ്ളാദേശിൽ നിന്നുള്ള യാത്രക്കാർ ആണെന്നറിയുന്നത്. അവരെ കരയിലേക്ക് കടത്താതിരിക്കുവാനായി നമ്മുടെ ബി.എസ്.എഫ്. ജവാന്മാരും ബംഗ്ലാദേശ് ബോർഡർ സെക്യൂരിറ്റി ജവാന്മാരും അവിടെ നിൽക്കുന്നുണ്ടായിരുന്നു. ബംഗ്ലാദേശികളെല്ലാം വളരെ ആകാംക്ഷയോടെ ഇന്ത്യൻ കരയിലേക്ക് നോക്കി നിൽക്കുന്ന കാഴ്ച വളരെ കൗതുകകരമായിരുന്നു.
അങ്ങനെ ഞങ്ങൾ നദിയിലൂടെ യാത്രയാരംഭിച്ചു. തലേന്ന് പെയ്ത കോരിച്ചൊരിയുന്ന മഴ മൂലമായിരുന്നു അന്ന് വെള്ളം കലങ്ങിയിരുന്നത്. ലൈഫ് ജാക്കറ്റൊക്കെ ധരിച്ചായിരുന്നു യാത്രക്കാരെല്ലാം തോണിയിൽ യാത്ര ചെയ്തിരുന്നത്. ഞങ്ങളുടെ തോണിക്കാരനായ ലാമ എന്നുപേരുള്ളയാൾ ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ കുറച്ചു ദൂരം നദിയിലൂടെ യാത്ര ചെയ്തുകൊണ്ട് കല്ലുകൾ നിറഞ്ഞ ഒരു തീരത്ത് അടുക്കുകയുണ്ടായി. തോണിക്കാരൻ ലാമ ഞങ്ങൾക്ക് അവിടത്തെ കല്ലിന്റെ ഒരു സവിശേഷത കാണിച്ചു തന്നു. വേറൊന്നുമല്ല, നദിക്കരയിലെ ഉരുളൻ കല്ലുകൾ താഴേക്ക് ഇട്ടാൽ എയർ നിറച്ച പന്തുപോലെ അത് ബൗൺസ് ചെയ്യുമായിരുന്നു. ഇങ്ങനെയൊരു കാഴ്ച ഞങ്ങൾ ആദ്യമായിട്ടായിരുന്നു കണ്ടത്.
ഉരുളൻ കല്ലുകൾ നിറഞ്ഞ ആ കരയിൽ അൽപ്പനേരം ചെലവഴിച്ചതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടങ്ങിയ കരയിലേക്ക് യാത്രയാരംഭിച്ചു. യാത്രയ്ക്കിടയിൽ ഞങ്ങൾക്കു വേണ്ടി തോണിക്കാരൻ ചേട്ടൻ നല്ല കിടിലൻ പാട്ടുകൾ ഈണത്തോടെ പാടിത്തരികയുണ്ടായി. അങ്ങേരു പറയുന്ന ഇംഗ്ലീഷ് ഫ്ലുവൻസി കേട്ടാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും. അങ്ങനെ പാട്ടൊക്കെ കേട്ടുകൊണ്ട് ഞങ്ങൾ തിരികെ കരയിലെത്തിച്ചേർന്നു.
ഇന്ത്യ – ബംഗ്ളാദേശ് ബോർഡർ ലൈൻ ആയിരുന്നു ആ കര. ബോർഡർ ലൈനുകൾക്ക് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ആളുകളെ സുരക്ഷാ ഭടന്മാർ കടത്തി വിടില്ല. ഒരു നദിക്കരയിൽ രണ്ടു രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പരസ്പരം നോക്കിക്കാണുന്ന ആ ദൃശ്യം വളരെ അദ്ഭുതമായിരുന്നു ഞങ്ങൾക്ക് പകർന്നത്. ഇന്ത്യ, ബംഗ്ളാദേശ് അതിർത്തി സുരക്ഷാ ഭടന്മാരൊക്കെ പരസ്പരം വളരെ സൗഹാർദ്ദപരമായായിരുന്നു പെരുമാറിയിരുന്നത്. അവർ രണ്ടുപേരോടും ഞങ്ങൾ അടുത്തു ചെന്ന് സംസാരിക്കുകയുണ്ടായി. അങ്ങനെ ഞങ്ങൾ അവിടെ നിന്നും തിരികെ യാത്രയായി.
ദൗകി നദിക്കരയിൽ നിന്നും പിന്നീട് ഞങ്ങൾ പോയത് ഇന്ത്യ – ബംഗ്ളാദേശ് അതിർത്തിയായ ‘തമാബിൽ’ എന്ന സ്ഥലത്തേക്കായിരുന്നു. അതിർത്തി കടന്നു പോകണമെങ്കിൽ വിസ എടുക്കേണ്ടതായുണ്ട്. ഞങ്ങൾ ബംഗ്ലാദേശ് അതിർത്തിയുടെ തൊട്ടരികിൽത്തന്നെ നിന്നുകൊണ്ട് ബംഗ്ളാദേശ് രാജ്യത്തെ കൺകുളിർക്കെ കണ്ടു. ഒരു വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു അത്.
അവിടെയും ഇരു രാജ്യങ്ങളുടെയും അതിർത്തി സുരക്ഷാഭടന്മാർ കാവലായി ഉണ്ടായിരുന്നു. മേഘാലയയിൽ വന്നിട്ട് ശരിക്കും മനസ്സ് നിറഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന്. വിവേകും പങ്കജുമൊക്കെ ഞങ്ങൾക്ക് വളരെയധികം സഹായങ്ങൾ ചെയ്തു തന്നിരുന്നു. നോർത്ത് ഈസ്റ്റ് സന്ദർശിക്കുന്നവർ തീർച്ചയായും പോകേണ്ട ഒരു സ്ഥലമാണ് മേഘാലയയിലെ ദൗകി വില്ലേജിലെ ഉംഗോട്ട് നദിയും ഈ ബോർഡറും ഒക്കെ.
ഞങ്ങളുടെ മേഘാലയൻ യാത്രകൾ അവസാനിക്കുന്നില്ല. ഇനിയുള്ള വിശേഷങ്ങളും കാഴ്ചകളുമൊക്കെ അടുത്ത എപ്പിസോഡിൽ കാണാം.
ഞങ്ങൾ താമസിച്ചിരുന്ന RI Kanaan Guest House ലെ താമസക്കാർക്ക് ഈ സ്ഥലങ്ങളിലൊക്കെ അവരുടെ സഹായത്തോടെ സന്ദർശിക്കുവാൻ സാധിക്കും. To contact, RI Kanaan Guest House: ,9562348253, 9774365447.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.