ബൈക്കും വാടകയ്ക്ക് എടുത്ത് ഞങ്ങൾ ഒരു ചെറിയ കറക്കം തന്നെ ലങ്കാവിയിലൂടെ നടത്തി. അതിനു ശേഷം ഞങ്ങൾ പോയത് ഈഗിൾ സ്‌ക്വയർ എന്നൊരു സ്ഥലത്തേക്ക് ആയിരുന്നു. ബൈക്ക് എടുത്തു പോകുന്നതിന്റെ ആകെയൊരു ബുദ്ധിമുട്ട് എന്തെന്നാൽ എവിടെയെങ്കിലും ബൈക്ക് പാർക്ക് ചെയ്ത് പോകുകയാണെങ്കിൽ ഹെൽമറ്റും കയ്യിൽ പിടിച്ചുകൊണ്ട് നടക്കണം എന്നതായിരുന്നു. ഹെൽമറ്റ് വണ്ടിയിൽ വെച്ചിട്ട് എങ്ങാനും നഷ്ടപ്പെട്ടു പോയാൽ നമ്മൾ അഡ്വാൻസ് ആയി നൽകിയ തുക തിരികെ ലഭിക്കില്ല. എന്തിന് വെറുതെ റിസ്ക്ക് എടുക്കണം? അങ്ങനെ ഞങ്ങൾ ഈഗിൾ സ്‌ക്വയറിൻ്റെ അടുത്ത് ബൈക്ക് പാർക്ക് ചെയ്ത ശേഷം ഹെൽമറ്റും കയ്യിൽ പിടിച്ചുകൊണ്ട് നടന്നു.

ഈഗിൾ സ്ക്വയറിലേക്ക് പോകുന്ന വഴിയിൽ ഒരു കരിക്ക് കട ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. കരിക്ക് ഉപയോഗിച്ചുള്ള വിവിധതരം ഐറ്റങ്ങൾ അവിടെ ലഭിക്കുമായിരുന്നു. കോക്കനട്ട് ഐസ് വാട്ടർ എന്നൊരു സാധനമായിരുന്നു ഞങ്ങൾ അവിടെ നിന്നും വാങ്ങിയത്. രണ്ട് മലേഷ്യൻ റിങ്കറ്റ് ആയിരുന്നു അതിന്റെ വില. ഫുൾ ഐസ് ഇട്ടുള്ള ഒരു ഐറ്റമായിരുന്നു. കള്ളിന്റെ മണമായിരുന്നു അതിന്. എന്തായാലും നല്ല രുചിയായിരുന്നു. കോക്കനട്ട് ഐസും നുണഞ്ഞുകൊണ്ട് ഞങ്ങൾ പാർക്കിലേക്ക് നടന്നു.

വളരെ മനോഹരമായ രണ്ടു കുളങ്ങൾ അവിടെയുണ്ടായിരുന്നു. വൈകുന്നേര സമയങ്ങളിൽ ആളുകൾക്ക് വന്നിരിക്കുവാൻ പറ്റിയ ഒരു സ്ഥലമായിരുന്നു അത്. പാർക്കിന്റെ നടുവിലായി ഒരു വലിയ പരുന്തിന്റെ പ്രതിമയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഇതിന് ഈഗിൾ സ്‌ക്വയർ എന്ന പേര് വന്നത്. ഈ പ്രതിമയ്ക്ക് അപ്പുറത്ത് കടലിന്റെ ഭാഗവും ബോട്ട് ജെട്ടിയും ദ്വീപുകളും ഒക്കെയാണ്. ഞങ്ങൾ പോയത് വൈകുന്നേരം ആയതിനാൽ നല്ലൊരു അനുഭൂതി നിറഞ്ഞ രംഗമായിരുന്നു അവിടെ. എന്താണോ എന്തോ അവിടെ പ്രതീക്ഷിച്ചയത്രയും തിരക്കൊന്നും ഉണ്ടായിരുന്നില്ല.

കാഴ്ചകൾ ഒക്കെ കണ്ടതിനു ശേഷം ഞങ്ങൾ നേരത്തെ കണ്ട പരുന്ത് പ്രതിമയുടെ അടുത്തേക്ക് പോയി. അകലെ നിന്നു നോക്കിയപ്പോൾ ഈ പരുന്ത് പ്രതിമ നിർമ്മിച്ചത് മരത്തിൽ ആണെന്നായിരുന്നു ഞങ്ങൾക്ക് തോന്നിയത്. എന്നാൽ അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത് അത് കോൺക്രീറ്റിൽ തീർത്തതാണെന്ന്. അവിടെ വരുന്ന എല്ലാവരും ഈ പ്രതിമയ്ക്ക് മുന്നിൽ നിന്നും ഫോട്ടോ എടുക്കുന്നത് കാണാമായിരുന്നു. ഞങ്ങളും എടുത്തു സെൽഫിയും ഫോട്ടോകളും ഒക്കെ.

കുറച്ചപ്പുറത്തായി ഒരാൾ കഴുത്തിൽ പെരുമ്പാമ്പിനെയും തൂക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. പണം കൊടുത്താൽ ആ പാമ്പിനെ നമുക്ക് തൊടാനും വേണമെങ്കിൽ കഴുത്തിൽ ഇടാനും ഒക്കെ സാധിക്കും. ഈ കാഴ്ച കണ്ട് ശ്വേതയ്ക്ക് പേടിയായി. എനിക്കും ഇത് അത്ര നല്ലൊരു കാര്യമായി തോന്നിയില്ല. ആ പാമ്പിനെ ഒരു ദിവസം എത്രപേർ വന്നു തൊട്ടും തലോടിയും ഒക്കെ ബുദ്ധിമുട്ടിക്കുന്നുണ്ടാകും. നമ്മുടെ നാട്ടിൽ ആണെങ്കിൽ ആ പാമ്പുകാരൻ എപ്പോഴേ അകത്തായേനെ. എന്തോ എനിക്ക് വല്ലാത്ത കഷ്ടം തോന്നി. ഞങ്ങൾ പതിയെ അവിടെ നിന്നും മാറി നടന്നു. അങ്ങനെ കുറച്ചു കൂടി കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ ഈഗിൾ സ്‌ക്വയറിൽ നിന്നും പുറത്തേക്ക് കടന്നു. പുറത്തേക്ക് ഇറങ്ങുമ്പോൾ നേരത്തെ കണ്ട കരിക്കുകാരൻ തൻ്റെ അന്നത്തെ കച്ചവടമെല്ലാം മതിയാക്കി പോകുവാൻ തയ്യാറെടുക്കുകയായിരുന്നു.

ഞങ്ങൾ പാർക്കിംഗ് ഏരിയയിൽ ചെന്ന് ഞങ്ങളുടെ വാടക ബൈക്ക് എടുത്ത് കറക്കം ആരംഭിച്ചു. റോഡിൽ വലിയ തിരക്കുകൾ ഒന്നും ഇല്ലാതെയിരുന്നതിനാൽ നല്ല സ്മൂത്ത് ആയി ഞങ്ങൾക്ക് റൈഡ് ആസ്വദിക്കുവാൻ പറ്റുന്നുണ്ടായിരുന്നു. പരിചയമില്ലാത്ത വഴികൾ… അറിയാത്ത ആളുകൾ.. മറ്റൊരു ലോകം… ടൂവീലറിൽ ഞങ്ങൾ ഞങ്ങളുടേതായ ലോകം തീർത്തുകൊണ്ട് മുന്നേറി. അപ്പോഴേക്കും നേരം പതിയെ ഇരുട്ടി തുടങ്ങിയിരുന്നു. വഴിയരികിൽ കണ്ട ഒരു ചെറിയ സൂപ്പർ മാർക്കറ്റിൽ ഞങ്ങൾ കയറി. കുടിക്കാനും കഴിക്കാനും ഒക്കെ വേണ്ട സാധനങ്ങൾ ഞങ്ങൾ അവിടെ നിന്നും വാങ്ങി. പുറത്തിറങ്ങിയപ്പോൾ സൂപ്പർ മാർക്കറ്റിന്റെ ഉണ്ണിലിരുന്നുകൊണ്ട് ഒരാൾ പാട്ടുപാടി ഗിറ്റാർ വായിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം ഞങ്ങൾ പുള്ളിയുടെ പാട്ട് ആസ്വദിച്ചു. പിന്നീട് അവിടെനിന്നും ബൈക്കിൽ ഞങ്ങൾ റിസോർട്ടിലേക്ക് ചലിച്ചു.

രാത്രിയിൽ ഞങ്ങൾ താമസിച്ച റിസോർട്ട് കാണുവാൻ നല്ല ഭംഗിയായിരുന്നു. നല്ല അടിപൊളി റൊമാന്റിക് മൂഡ് ആയിരുന്നു അവിടെ. സ്വിമ്മിങ് പൂളൊക്കെ ലൈറ്റൊക്കെ ഇട്ട് അടിപൊളിയായിരിക്കുന്നു. അങ്ങനെ ഞങ്ങളുടെ ഇന്നത്തെ അടിച്ചുപൊളി പരിപാടികൾ എല്ലാംതന്നെ കഴിഞ്ഞിരിക്കുകയാണ്. ഇനി അൽപ്പനേരം പൂളിനു സമീപത്തൊക്കെ റൊമാന്റിക്കായി ഇരിക്കണം. ഒന്നു വിശ്രമിക്കണം… ബാക്കി കറക്കം ഇനി നാളെ…

35,000 രൂപ മുതലുള്ള പാക്കേജുകൾ ലഭ്യമാണ്. ലങ്കാവി വിവരങ്ങൾക്ക് Eizy Travel നെ വിളിക്കാം: 9387676600, 8589086600.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.