ഏഴു മണിയോട് അടുത്തപ്പോള്‍ ഞങ്ങള്‍ അടുത്തുള്ള ഒരു KFC യില്‍ കയറി ഭക്ഷണമൊക്കെ കഴിച്ച് വീണ്ടും പുറത്തേക്ക് ഇറങ്ങി. അത്രയും നേരം നല്ല തെളിഞ്ഞു നിന്നിരുന്ന അന്തരീക്ഷം പെട്ടെന്നാണ് മാറിയത്. നല്ല ഒടുക്കത്തെ മഴ. മലേഷ്യയില്‍ ഇങ്ങനെയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. മഴ കുറഞ്ഞപ്പോള്‍ ഞങ്ങള്‍ സഞ്ജീവ് ഭായിയുടെ കാറില്‍ യാത്രയാരംഭിച്ചു. ഇന്ന് ഇനി ഞങ്ങള്‍ കറങ്ങാന്‍ പോകുന്നത് ഇലക്ട്രോണിക് ഷോപ്പിംഗ് മാളായ ലോയാറ്റ് പ്ലാസയിലെക്കായിരുന്നു.

മാളിന്റെ താഴെ കാര്‍ പാര്‍ക്ക് ചെയ്തതിനു ശേഷം ഞങ്ങള്‍ മാളിലേക്ക് കയറി. ഒന്നും വാങ്ങിയില്ലെങ്കിലും ഷോപ്പിംഗ് മാളിലൂടെ ചുമ്മാ അങ്ങ് നടക്കുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കാര്യമാണ്. മൊബൈല്‍, ക്യാമറ സംബന്ധിച്ച എല്ലാ ഐറ്റങ്ങളും ഇവിടെ ലഭിക്കും. ഞാന്‍ പുതുതായി വാങ്ങിയ ക്യാമറയ്ക്ക് ഒരു എക്സ്ട്രാ ബാറ്ററി വാങ്ങുവാന്‍ ഞാന്‍ തീരുമാനിച്ചു. ഇതിനായി ഞങ്ങള്‍ ആദ്യം ഒരു ബംഗ്ലാദേശിയുടെ കടയിലായിരുന്നു കയറിയത്. ഇന്ത്യക്കാര്‍ ആണെന്നറിഞപ്പോള്‍ കടക്കാരന്‍ സംസാരം ഹിന്ദിയിലാക്കി. കൂടാതെ ഞങ്ങള്‍ക്ക് സ്പെഷ്യല്‍ ഡിസ്കൌണ്ടൊക്കെ തരികയും ചെയ്തു. ഞാന്‍ ബാറ്ററി വാങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന ഹാരിസ് ഇക്ക മറ്റു ചില സാധനങ്ങളും കൂടി വാങ്ങിച്ചു. പോരാന്‍ നേരം ബംഗ്ലാദേശിയായ കടക്കാരന്‍ അയാളുടെ കാര്‍ഡ് ഒക്കെ ഞങ്ങള്‍ക്ക് തന്നു. അങ്ങനെ അദ്ദേഹത്തോട് യാത്രപറഞ്ഞ് ഞങ്ങള്‍ അടുത്ത കാഴ്ചകള്‍ കാണുവാനായി ഇറങ്ങി.

മലേഷ്യയില്‍ വരുന്നവര്‍ക്ക് അത്യാവശ്യം നല്ലരീതിയില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങുവാനായി ഇവിടെ വരാവുന്നതാണ്. നന്നായി വില പേശാനറിയുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ സ്വന്തമാക്കുകയും ചെയ്യാം. കടക്കാരൊക്കെ വളരെ സൌഹൃദപരമായാണ്‌ എല്ലാവരോടും ഇടപെടുന്നതും. നമ്മള്‍ സാധനങ്ങള്‍ ഒന്നും വാങ്ങിയില്ലെങ്കില്‍ പോലും അവര്‍ക്ക് യാതൊരു അനിഷ്ടവും ഇല്ല. എങ്കിലും ചില കടകളില്‍ സുരക്ഷയുടെ ഭാഗമായി ഫോട്ടോ, വീഡിയോ ഒന്നും എടുക്കുവാന്‍ പാടുള്ളതല്ല. അങ്ങനെയുള്ള കടകളുടെ മുന്‍വശത്തു തന്നെ അത് പ്രത്യേകം എഴുതി വെച്ചിരിക്കുന്നതായി കാണാം.

പിന്നീട് ഞങ്ങള്‍ പോയത് ഒരു മഞ്ഞക്കുപ്പായക്കാരന്‍റെ കടയിലേക്കായിരുന്നു. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയതും പുള്ളിയുടെ കടയില്‍ നിന്നുതന്നെ. കടക്കാരന്‍ ആണെങ്കില്‍ ഒടുക്കത്തെ കമ്പനിയും. ഏകദേശം ഒരു മണിക്കൂറോളം ഞങ്ങള്‍ പുള്ളിയുടെ കടയില്‍ത്തന്നെയായിരുന്നു. ഹാരിസ് ഇക്ക വില പേശുന്നതില്‍ വളരെ അഗ്രഗണ്യനായിരുന്നു. കയറിയ കടകളിലെല്ലാം പുള്ളി ചിരിച്ചുകൊണ്ട് വളരെ മാന്യമായി വിലപേശി സാധനം വാങ്ങുന്നത് കാണാമായിരുന്നു. എന്തായാലും മഞ്ഞക്കുപ്പായക്കാരന് അന്ന് ഞങ്ങള്‍ നല്ല കച്ചവടം കൊടുത്തു എന്നുവേണം പറയാന്‍. അതിന്‍റെ സന്തോഷം പുള്ളിയുടെ മുഖത്തും കാണാമായിരുന്നു.

സ്പൈ ക്യാമറകള്‍ മുതല്‍ നമ്മുടെ നാട്ടിലെ സെക്യൂരിറ്റിക്കാര്‍ ഉപയോഗിക്കുന്ന വാക്കിടോക്കികള്‍ വരെ വളരെ കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭ്യമാണ്. പിന്നൊരു കാര്യംകൂടി. ഇവിടെ വന്നു സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു കാര്യം കൂടി ഓര്‍ക്കുക. തിരിച്ചുപോകുമ്പോള്‍ കസ്റ്റംസുകാര്‍ക്ക് പ്രശ്നമാകുന്ന തരത്തിലുള്ളവ ഒന്നുംതന്നെ വാങ്ങാതിരിക്കുക. ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. ഇനി ഡിന്നര്‍ കഴിക്കണം. അവിടെ അടുത്തായി പാരഡൈസ് എന്നു പേരുള്ള ഒരു ഇന്തോ-പാക്കിസ്ഥാനി റെസ്റ്റോറന്‍റ് ഉണ്ട്. അവിടെയായിരുന്നു അന്നത്തെ ഞങ്ങളുടെ ഡിന്നര്‍. എല്ലാം ബുഫെ സെറ്റപ്പ് ആയിരുന്നു. നമുക്ക് ഇഷ്ടമുള്ളവ എടുത്തു കഴിക്കാം. അവസാനം അവര്‍ അതെല്ലാം നോക്കി നമുക്ക് ബില്‍ ചെയ്തുതരും. ഹോട്ടലില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഭക്ഷണം കഴിക്കുവാന്‍ ഉണ്ടായിരുന്നു. ഇറങ്ങാന്‍ നേരം കൌണ്ടറില്‍ ഉണ്ടായിരുന്ന പാക്കിസ്ഥാനിയോട് നന്ദികൂടി പറഞ്ഞിട്ടായിരുന്നു ഞങ്ങള്‍ അവിടം വിട്ടത്.

ഭക്ഷണം കഴിച്ച് വയര്‍ നിറഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവിടെ ഫുട്ട്പാത്തില്‍ ഒരു മജീഷ്യന്‍റെ പരിപാടി അരങ്ങുതകര്‍ക്കുകയായിരുന്നു. ഇവിടെ എല്ലാവരും ജീവിക്കുവാന്‍ വേണ്ടി ഇതുപോലെ മാന്യമായി ജോലിയെടുക്കുന്നത് കാണാം. വഴിയുടെ ഒരുവശത്ത് മാജിക് പൊടിപൊടിക്കുമ്പോള്‍ മറുവശത്ത് നിറയെ ചിത്രകാരന്മാര്‍ ഇരിക്കുന്നത് കണ്ടു. ഒരു ഫോട്ടോ കൊടുത്താല്‍ വളരെ ഭംഗിയായി അവര്‍ അത് നമുക്ക് വരച്ചുതരും. അതിനു അവര്‍ക്ക് ഒരു ചെറിയ ഫീസ്‌ നല്‍കേണ്ടതുണ്ട്. എല്ലാവരും ഒന്നിനൊന്നു മെച്ചമായിട്ടായിരുന്നു വരയ്ക്കല്‍. കുറച്ചുസമയം ഞങ്ങള്‍ അവിടെ കാഴ്ചകളൊക്കെ കണ്ടുകൊണ്ട് നിന്നു. പിന്നെ നേരത്തെ കയറിയ മാളിന്‍റെ പാര്‍ക്കിംഗില്‍ ചെന്ന് കാര്‍ എടുത്ത് നേരെ താമസിക്കുന്ന ഹോട്ടലിലേക്ക്. അനഗ്നെ ഇന്നത്തെ മലേഷ്യന്‍ സിറ്റി ടൂറിനു സമാപ്തിയായിരിക്കുന്നു. ഇനി നാളെ ഇതിലും കിടിലന്‍ സ്ഥലത്തേക്കാണ് ഞങ്ങള്‍ പോകുന്നത്. അപ്പൊ ശരി.. ആ വിശേഷങ്ങള്‍ പിന്നീട് പറയാം…

മലേഷ്യാ ട്രാവൽ പാക്കേജുകൾക്ക് ഹാരിസ് ഇക്കയെ വിളിക്കാം: 9846571800.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.