കഴിഞ്ഞ ദിവസം കൊച്ചിയിൽ താമസിക്കുന്നതിനിടെ രാത്രിയായപ്പോൾ വ്യത്യസ്തമായ ഫുഡ് ഐറ്റംസ് ഒന്നു പരീക്ഷിക്കണം എന്നൊരു ചിന്തയുണ്ടായി. ഭാര്യ ശ്വേതയോട് കാര്യം അവതരിപ്പിച്ചപ്പോൾ അവൾക്കും സമ്മതം. എറണാകുളം നഗരത്തിൽ വ്യത്യസ്തമായി എന്താ കിട്ടുക?

എറണാകുളത്തു തന്നെയുള്ള എൻ്റെ കസിൻ സിസ്റ്ററായ ഐശ്വര്യയെ വിളിച്ചു. കാര്യം അവതരിപ്പിച്ചപ്പോൾ ഐശ്വര്യ ഞങ്ങളുടെ കൂടെ വരാമെന്നേറ്റു. അങ്ങനെ ഞങ്ങൾ ഐശ്വര്യയെ വീട്ടിൽപ്പോയി പിക്ക് ചെയ്ത് കലൂർ ഭാഗത്തേക്ക് യാത്രയായി. കലൂർ ബസ് സ്റ്റാൻഡിനു സമീപത്ത് മധുര സ്പെഷ്യൽ വിഭവങ്ങൾ ലഭിക്കുന്ന ഒരു ഹോട്ടലുണ്ടത്രേ. പേര് മലബാർ ക്യാന്റീൻ. അവിടേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര.

സോഷ്യൽ മീഡിയയിൽ നിന്നുമാണ് കൊച്ചിയിൽ ഇങ്ങനെയൊരു ഹോട്ടൽ പ്രവർത്തിക്കുന്ന വിവരം ഞങ്ങൾ അറിയുവാനിടയായത്. നമ്മൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത തരം ഐറ്റങ്ങൾ ആണ് മലബാർ ക്യാന്റീനിൽ ലഭിക്കുന്നത്. ബൺ പൊറോട്ട, പിച്ചി പൊട്ട കോഴി, കൊത്തു പൊറോട്ടാ, ടിംഗ് ടോംഗ് അങ്ങനെ ഒട്ടേറെ തമിഴ്‌നാട് രുചി വിഭവങ്ങൾ നമുക്ക് ഇവിടെ വന്ന് ആസ്വദിക്കുവാൻ കഴിയും.

ഹോട്ടലിന്റെ മുൻവശത്തു തന്നെ കൊത്തുപൊറോട്ട ഉണ്ടാക്കുന്ന മനോഹരമായ കാഴ്ചയായിരുന്നു ഞങ്ങളെ ആദ്യം ആകർഷിച്ചത്. ഇത് കണ്ടപ്പോൾ പണ്ട് പോണ്ടിച്ചേരിയിൽ പഠിച്ചിരുന്ന സമയത്ത് കൊത്തുപൊറോട്ട കഴിക്കാൻ പോയ കാര്യങ്ങളൊക്കെ ഐശ്വര്യ ഓർമ്മിച്ചെടുത്തു ഞങ്ങളുമായി പങ്കുവെച്ചു.

അങ്ങനെ പോണ്ടിച്ചേരി വിശേഷങ്ങളൊക്കെ കേട്ടിരിക്കെ അതാ അപ്പുറത്ത് ഒരു തവയിൽ നല്ല കട്ടിയുള്ള പ്രത്യേക തരം പൊറോട്ടകൾ ചുട്ടെടുക്കുന്നു. സംഭവം എന്താണെന്നു അന്വേഷിച്ചപ്പോൾ അത് ‘ബൺ പൊറോട്ട’യാണെന്ന് മനസ്സിലായി. സാധാരണ പൊറോട്ടയുടെ കൂട്ടാണെങ്കിലും ബൺ പോലെ കട്ടിയുള്ളതായതു കൊണ്ടാണ് ഇതിന് ഇങ്ങനെയൊരു പേര് വന്നത്.

അതിനിടെ മലബാർ ക്യാന്റീനിന്റെ ഒരു പാർട്ണറായ അസർ സിയാദ് ഞങ്ങളെ വന്നു പരിചയപ്പെടുകയുണ്ടായി. മലബാർ ക്യാന്റീൻ എന്ന ഈ ഹോട്ടലിന്റെ പിറവിയെക്കുറിച്ച് അദ്ദേഹം ഞങ്ങളോട് വാചാലനായി. മലബാർ ക്യാന്റീൻ എന്ന പേരുമിട്ട് പ്രവർത്തിക്കുവാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് ഇവർ അപ്രതീക്ഷിതമായി മധുരയിൽ പോകുന്നത്. ആ യാത്രയിൽ അവിടത്തെ വ്യത്യസ്തമായ സ്പെഷ്യൽ രുചികൾ ആസ്വദിക്കുവാൻ ഇടയായി. അങ്ങനെയാണ് മധുര സ്പെഷ്യൽ വിഭവങ്ങളുള്ള ഹോട്ടൽ തുടങ്ങുവാൻ തീരുമാനിക്കുന്നത്. തുടങ്ങുന്നതിനു മുൻപേ ഹോട്ടലിന് പേര് ഇട്ടിരുന്നതിനാൽ ആണ് മധുര വിഭവങ്ങളുള്ള ഹോട്ടലിനു മലബാർ ക്യാന്റീൻ എന്ന പേര് വന്നത്.

ഹോട്ടലിലെ ജോലിക്കാരെല്ലാം മധുരയിൽ നിന്നുള്ളവരാണ്. വെജ് – നോൺ വെജ് വിഭവങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. പക്ഷേ എല്ലാം സ്പെഷ്യൽ ഐറ്റങ്ങൾ ആയിരിക്കും എന്നുമാത്രം. ഇവിടത്തെ അടുക്കളയിൽ തയ്യാറാക്കുന്ന തെങ്കാശി ഹലുവ വളരെ രുചികരമാണ്.

ബൺ പൊറോട്ടയും പിച്ചിപോട്ട കോഴിയുമാണ് ഇവിടത്തെ പ്രധാന കോമ്പിനേഷൻ. അതും പിന്നെ ബീഫും മുട്ടയും ഒക്കെ ചേർത്തു തവയിൽ ചൂടാക്കി തയ്യാറാക്കിയ ബീഫ് ചുക്ക, മുട്ടയും രഹസ്യമായ ചില രുചിക്കൂട്ടുകളുമൊക്കെ ചേർത്ത് കലക്കി ഉണ്ടാക്കിയ ടിംഗ്ടോംഗ് എന്നിവയൊക്കെ ഞങ്ങൾ രുചിക്കുകയുണ്ടായി. നല്ല അസാധ്യ രുചിയായിരുന്നു എല്ലാത്തിനും. അതിനിടെ ഞങ്ങളുടെ സുഹൃത്തുക്കളായ എമിലും ഭാര്യ അഞ്ജുവും അവിടെയെത്തിച്ചേരുകയും ഞങ്ങളോടൊപ്പം കഴിക്കുവാൻ പങ്കുചേരുകയും ചെയ്തു.

വിഭവങ്ങളുടെ പേരൊക്കെ കേട്ടപ്പോൾ ബില്ല് ഭയങ്കരമായിരിക്കും എന്നു പേടിക്കേണ്ട. റേറ്റ് ഒക്കെ എല്ലാവര്ക്കും താങ്ങാവുന്നതു തന്നെയാണ്. ഞങ്ങൾ കഴിച്ചത് 8 ബൺ പൊറോട്ട, ഒരു
പിച്ചിപോട്ട കോഴി, ഒരു ടിംഗ്ടോംഗ് എഗ്ഗ്, ഒരു ചിക്കൻ വീച്ച് പൊറോട്ട, ഒരു മുട്ട കൊത്തു പൊറോട്ട, ഒരു തെങ്കാശി ഹൽവ എന്നിവയാണ്. എല്ലാറ്റിനും കൂടി ഞങ്ങൾക്ക് ബില്ല് വന്നത് 460 രൂപ. ശ്വേതയെ കൂട്ടാതെ ഞങ്ങൾ നാലുപേരാണ് ഇതെല്ലാം കഴിച്ചത്.

എന്തായാലും വ്യത്യസ്തമായ രുചികൾ പരീക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് നേരെ കലൂർ ബസ് സ്റ്റാൻഡിനു സമീപത്തെ മലബാർ ക്യാന്റീൻ എന്ന ഈ ഹോട്ടലിലേക്ക് വരാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.