കേരളത്തിൽ ധാരാളം ഫുഡ് വ്ലോഗർമാരുണ്ട്. അക്കൂട്ടത്തിൽ പ്രശസ്തനായൊരു വ്ലോഗർ ആണ് കോട്ടയം സ്വദേശിയായ എബിൻ ജോസ്. ‘Food N Travel by Ebbin Jose’ എന്ന ചാനലിൽ ഫുഡ് വീഡിയോകളോടൊപ്പം അദ്ദേഹം യാത്രാ വീഡിയോകളും ചെയ്യാറുണ്ട്. ‘Travel with Vloggers’ എന്ന സീരീസിൽ ഒൻപതാമത്തെ എപ്പിസോഡ് ചെയ്യുവാൻ ഞാൻ പോയത് എബിൻ ചേട്ടന്റെ അടുത്തേക്ക് ആയിരുന്നു.

കോട്ടയം ജില്ലയിലെ തെങ്ങണയിലുള്ള അദ്ദേഹത്തിൻ്റെ കുടുംബവീട്ടിലേക്ക് ആയിരുന്നു ഞാൻ പോയത്. അവിടെ ചെന്നപാടെ എബിൻ ചേട്ടൻ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് വീട്ടിലേക്ക് ആനയിച്ചു. വർക്കിംഗ് ഡേ ആയിരുന്നതിനാൽ എബിൻ ചേട്ടൻറെ ഭാര്യയും മക്കളുമൊക്കെ വീട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ട് എബിൻ ചേട്ടന്റെ അമ്മയായിരുന്നു ചായയും മറ്റു പലഹാരങ്ങളുമൊക്കെ എനിക്ക് നൽകിയത്. അമ്മയുടെ കൈപ്പുണ്യം നിറഞ്ഞ പഴംപൊരി അടിപൊളി തന്നെയായിരുന്നു.

എബിൻ ചേട്ടനോടൊപ്പം വീട്ടിലിരുന്നു വിശേഷങ്ങളൊക്കെ പങ്കുവെച്ചതിനു ശേഷം ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഗരുഡാകരി കള്ള് ഷാപ്പിലേക്ക് ആയിരുന്നു ഞങ്ങൾ പോയത്. ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ നിന്നും ചക്കുളത്തുകാവ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് ഗരുഡാകരി എന്ന കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്.

കള്ള് ഷാപ്പ് എന്നുകേട്ടിട്ട് ആരും നെറ്റി ചുളിക്കേണ്ട, നല്ല അസ്സൽ ഫാമിലി റെസ്റ്റോറന്റ് കൂടിയാണിത്. കുട്ടനാട്ടിലെ നാടൻ വിഭവങ്ങളെല്ലാം ലഭ്യമായ ഈ ഷാപ്പിനോട് ചേർന്ന് ഒരു ഫാമിലി റെസ്റ്റോറന്റും ഉണ്ട്. ഏതാണ്ട് ഇരുപതോളം ചെറിയ ഹട്ടുകൾ ഷാപ്പിനു ചുറ്റിലുമായി ഉണ്ട്. ഇവിടെയിരുന്നുകൊണ്ട് ഫാമിലിയായും കൂട്ടുകാരുമായുമൊക്കെ കുട്ടനാടൻ രുചികൾ ആസ്വദിക്കാം.

ഗരുഡാകരി ഷാപ്പിൽ എത്തിയയുടനെ ഞങ്ങൾ നേരെ പോയത് ഷാപ്പിലെ അടുക്കളയിലേക്ക് ആയിരുന്നു. അടുക്കളയിലേക്ക് കയറിയപ്പോൾത്തന്നെ വ്യത്യസ്തങ്ങളായ വിഭവങ്ങളുടെ മണം മൂക്കിലേക്ക് അടിച്ചുകയറി. കൊതികൊണ്ട് വായിൽ വെള്ളമൂറുന്ന അനുഭവമായിരുന്നു അത്. കുട്ടനാടൻ സ്‌പെഷ്യൽ താറാവ് കറി, മീൻ വറ്റിച്ചത്, ചെമ്മീൻ മുതലായവ അടുക്കളയിൽ തയ്യാറായി ഇരിക്കുകയായിരുന്നു.

അടുക്കളയിലെ വിശേഷങ്ങളൊക്കെ കണ്ടു മനസ്സിലാക്കിയ ശേഷം ഞങ്ങൾ ഷാപ്പിനോട് ചേർന്നുള്ള ഒരു ഹട്ടിൽ സീറ്റ് പിടിച്ചു. നേരത്തെ ഓർഡർ ചെയ്തതു പ്രകാരം ഞണ്ട് റോസ്റ്റ്, ചെമ്മീൻ റോസ്റ്റ്, താറാവ് റോസ്റ്റ്, പന്നി റോസ്റ്റ്, ബീഫ് റോസ്റ്റ്, കപ്പ മുതലായവ ഞങ്ങളുടെ ടേബിളിൽ എത്തിച്ചേർന്നു.

ഓരോ വിഭവങ്ങളും രുചിച്ചുകൊണ്ട് എബിൻ ചേട്ടൻ തൻ്റെ ചാനൽ വിശേഷങ്ങൾ പങ്കുവെക്കുവാൻ തുടങ്ങി. Jaunt Monkey എന്ന പേരിൽ ഒരു ഇംഗ്ലീഷ് ചാനൽ ആയിരുന്നു എബിൻ ചേട്ടൻ ആദ്യമായി തുടങ്ങിയത്. പിന്നീട് മലയാളത്തിൽ ഒരു ഫുഡ് ചാനൽ ചെയ്യണം എന്ന ആഗ്രഹത്തിലാണ് 2018 ൽ ‘Food N Travel by Ebbin Jose’ എന്ന പുതിയ ചാനൽ ആരംഭിക്കുന്നത്. ഇതിൽ ഇപ്പോൾ 250 ഓളം വീഡിയോകൾ അദ്ദേഹം ചെയ്തിട്ടുണ്ട്.

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ഏകദേശം 19 ഓളം രാജ്യങ്ങളിൽ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.കുറേക്കാലം ആഫ്രിക്കയിൽ ജോലി ചെയ്ത അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്. ഇന്ന് ചെറിയ മാർക്കറ്റിങ് ബിസ്സിനസ്സ് ചെയ്യുന്നതിനോടൊപ്പം സോഷ്യൽ മീഡിയയിലൂടെയും എബിൻ ചേട്ടൻ വരുമാനം കണ്ടെത്തുന്നുണ്ട്.

ഒരു വിഭവം ഉണ്ടാക്കുന്നതു മുതൽ അത് കഴിക്കുന്നതു വരെയുള്ള സൂക്ഷ്മമായ നിരീക്ഷണവും അവതരണവുമാണ് എബിൻ ചേട്ടന്റെ പ്രത്യേകത. പറഞ്ഞു പറഞ്ഞു കാഴ്ചക്കാരെ കൊതിപ്പിക്കുന്നതാണ് അദ്ദേഹത്തിൻ്റെ രീതി. കൂടുതലായും നാടൻ ഹോട്ടലുകളിലും, കള്ള് ഷാപ്പുകളിലുമൊക്കെയായി ചെയ്യുന്ന എബിൻ ചേട്ടന്റെ ഒരു വീഡിയോ കണ്ടാൽ പിന്നെ ഷാപ്പ് വിഭവങ്ങൾ കഴിക്കാൻ ആർക്കും ഒരു കൊതി തോന്നിപ്പോകും. അതാണ് എബിൻ മാജിക്…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.