പാരാ ഗ്ലൈഡ്, റിവര്‍ റാഫ്റ്റ് എന്നീ ആക്ടിവിറ്റികള്‍ക്ക് ശേഷം ഞങ്ങള്‍ പുതിയൊരു തമാശ സ്ഥലത്തേക്ക് മാറി. മനോഹരമായ ഒരു കോട്ടേജ് ആയിരുന്നു അത്. വളരെ ശാന്ത സുന്ദരമായ ഒരു സ്ഥലം. കൊട്ടേജിലെ ഞങ്ങളുടെ മുറിയുടെ ജനല്‍ തുറന്നാല്‍ കാണുന്ന കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

കുറച്ചു സമയത്തെ വിശ്രമത്തിന് ശേഷം ഞങ്ങള്‍ ഞങ്ങളുടെ കറക്കം ആരംഭിച്ചു. ഞങ്ങള്‍ ആദ്യമായി പോയത് ഗുലാബ എന്ന സ്ഥലത്തേക്ക് ആയിരുന്നു. റോത്താംഗ് പാസ്സിലെക്കുള്ള കവാടമായ ഗുലാബ എന്നയീ സ്ഥലം മണാലിയില്‍ വരുന്ന അധികം ആളുകളും കാണാറില്ല. റോത്താംഗ് പാസ്സ് അടച്ചിട്ടിരിക്കുന്ന സമയമായതിനാലാണ് ഞങ്ങള്‍ അവിടേക്ക് (റോത്താംഗ് പാസ്സ്) പോകാതിരുന്നത്.

ഗുലാബയിലേക്ക് പോകുന്ന വഴി ഞങ്ങള്‍ ഒരു ബുദ്ധ ക്ഷേത്രത്തില്‍ കയറി. കഴിഞ്ഞ ദിവസം ഞങ്ങള്‍ കയറിയ ബുദ്ധ ക്ഷേത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു ഈ ബുദ്ധ ക്ഷേത്രം. അധികം സന്ദര്‍ശകര്‍ ആരും ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. വളരെ നിഷ്ഹബ്ദമായ ഒരിടം. കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഹ്സം ഞങ്ങള്‍ ഞങ്ങളുടെ യാത്ര തുടര്‍ന്നു. പോകുന്നവഴിയില്‍ ഇരുവശങ്ങളിലും മഞ്ഞു വീണു കിടക്കുന്നത് കാണാമായിരുന്നു. വെയില്‍ വന്നതിനാല്‍ ആ മഞ്ഞൊക്കെ ഉരുകുവാനും തുടങ്ങിയിരുന്നു.

അങ്ങനെ കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ റോത്താംഗ് പാസ്സിലെക്കുള്ള ചെക്ക് പോസ്റ്റില്‍ എത്തിച്ചേര്‍ന്നു. മേയ് മാസത്തിനു ശേഷമായിരിക്കും റോത്താംഗ് പാസ്സിലേക്ക് സന്ദര്‍ശകര്‍ക്ക് പോകുവാനാകൂ. ചെക്ക് പോസ്റ്റിനു സമീപം റോത്താംഗ് പാസ്സിലേക്ക് പോകുന്നവര്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഒട്ടേറെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു റോത്താംഗ് പാസ്സിലേക്ക് പോകുവാന്‍. ഏതായാലും ഇപ്പോള്‍ മേയ് മാസം അല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് അവിടേക്ക് പോകുവാന്‍ പറ്റില്ലല്ലോ… അടുത്ത ഏതെങ്കിലും ട്രിപ്പില്‍ അവിടെക്കൂടി സന്ദര്‍ശിക്കുവാന്‍ കഴിയും എന്ന വിശ്വാസത്തോടെ ഞങ്ങള്‍ പിന്തിരിഞ്ഞു.

പോകുന്ന വഴിയില്‍ ബാറ്ററി കൊണ്ട് ഓടുന്ന ബസ്സുകള്‍ കണ്ടു. ഒട്ടും മലിനീകരണം ഉണ്ടാക്കുന്നതല്ല ഈ ബസ്സുകള്‍. അങ്ങനെ കാഴ്ചകള്‍ കണ്ടും ആസ്വദിച്ചും ഞങ്ങള്‍ പോയത് മനാലിയിലെ ഒരു ക്ലബ്ബ് ഹൌസിലേക്ക് ആയിരുന്നു. കുറേ ആക്ടിവിറ്റികളൊക്കെയുള്ള ആ ക്ലബ്ബിലേക്ക് ഒരാള്‍ക്ക്‌ പ്രവേശിക്കാന്‍ 20 രൂപ മതിയായിരുന്നു. വളരെ പരിമിതമായ സ്ഥലത്ത് നല്ല രീതിയില്‍ പലതരം ആക്ടിവിറ്റികള്‍ അവിടെ ചെയ്തിട്ടുണ്ടായിരുന്നു.

ചില എരിയയൊക്കെ കണ്ടാല്‍ ഒരു പാര്‍ക്ക് ആണെന്ന് തോന്നിപ്പിക്കുന്ന ഇവിടം കുട്ടികള്‍ക്കും വളരെ ഇഷ്ടമാകും എന്നുറപ്പ്. എല്ലായിടത്തെയും സന്ദര്‍ശനവും കറക്കവും ഒക്കെ കഴിഞ്ഞു വന്നിട്ട് സ്വസ്ഥമായി ഇരിക്കാന്‍ പറ്റിയ ഒരു സ്ഥലം കൂടിയാണ് ഈ ക്ലബ്ബ് ഹൌസ്. കുറേ സമയം അവിടെ റിലാക്സ് ചെയ്തശേഷം ഞങ്ങള്‍ അവിടുന്നു പുറപ്പെട്ടു… ബാക്കി വിശേഷങ്ങള്‍ ഇനി അടുത്ത പാര്‍ട്ടില്‍ പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.