മണാലിയില്‍ വന്നിട്ട് രണ്ടു ദിവസമായിട്ടും മഞ്ഞു പെയ്യുന്നത് മാത്രം ഞങ്ങള്‍ കണ്ടില്ല. ആ കാഴ്ചകള്‍ അകാനുവാനുള്ള യാത്രയാണ് നീ അടുത്തത്. ഹംതാ പാസ് എന്ന സ്ഥലത്തേക്ക് ആണ് ഞങ്ങളുടെ യാത്ര. ടൂര്‍ കോര്‍ഡിനെറ്റര്‍ പ്രവീണ്‍ ഞങ്ങളെ അവിടേക്ക് കൊണ്ടുപോകാനായി രാവിലെ ഹോട്ടലിനു മുന്നില്‍ എത്തിച്ചേര്‍ന്നു. അത്യാവശ്യം നല്ല ഓഫ് റോഡ്‌ യാത്രയായതിനാല്‍ ഇത്തവണ ജിപ്സിയായിരുന്നു ഞങ്ങള്‍ വാഹനമായി തിരഞ്ഞെടുത്തത്. മനാലി സ്വദേശിയായ വിജയ്‌ എന്ന സുന്ദരന്‍ ഡ്രൈവറായിരുന്നു ഞങ്ങളുടെത്.

കൂടുതല്‍ ചെല്ലുന്തോറും റോഡ്‌ ദുര്‍ഘടമായി വന്നു. കുറച്ചുസമയത്തെ യാത്രയ്ക്കുശേഷം ഞങ്ങള്‍ ചുരം കയറാന്‍ തുടങ്ങി. 36 ഹെയര്‍പിന്‍ വളവുകളുള്ള ച്ചുരമായിരുന്നു അത്. മുകളിലേക്ക് ചെല്ലുന്തോറും മഞ്ഞു മൂടി വന്നുകൊണ്ടിരുന്നു. മുകളിലായി ആപ്പിള്‍ മരങ്ങളൊക്കെ കാണാന്‍ സാധിക്കുമായിരുന്നു. പോകുന്ന വഴിയെല്ലാം നല്ല കിടിലന്‍ വ്യൂ ആയിരുന്നു. ചുരത്തില്‍വെച്ചു തന്നെ മഞ്ഞുപെയ്യുവാന്‍ ആരംഭിച്ചു. ഞങ്ങളുടെ വണ്ടിയുടെ ഗ്ലാസ്സില്‍ മഞ്ഞുതുള്ളികള്‍ വീഴുന്നത് വളരെ രസകരമായ ഒരു കാഴ്ചയായിരുന്നു. വീഡിയോയില്‍ ഇതെല്ലാം നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.

മുകളിലേക്ക് ചെന്നപ്പോള്‍ വഴിക്ക് ഇരുവശവും മഞ്ഞുപെയ്തതിന്‍റെ അടയാളമായി മുഴുവനും മഞ്ഞുമൂടി കിടക്കുന്നത് കാണാമായിരുന്നു. മഞ്ഞുപെയ്യുന്ന കാഴ്ചകള്‍ കണ്ട അഭി ആകെ വണ്ടറടിച്ചുപോയി. നല്ല ഒന്നാന്തരം തണുപ്പ് തന്നെയായിരുന്നു ഹംതാ പാസ്സില്‍ ഞങ്ങളെ കാത്തിരുന്നത്. പാക്കേജില്‍ ഈ സ്ഥലം ഉള്‍പ്പെട്ടില്ലെങ്കിലും എക്സ്ട്രാ പണം നല്‍കി നിങ്ങള്‍ തീര്‍ച്ചയായും ഈ സ്ഥലം സന്ദര്‍ശിക്കുക തന്നെ വേണം.

സമുദ്രനിരപ്പില്‍ നിന്നും 4268 മീറ്റര്‍ ഉയരത്തിലാണ് മനാലിയിലെ പ്രശസ്തമായ ട്രക്കിംഗ് ബേസുകളിലൊന്നായ ഹംതാ പാസ് സ്ഥിതി ചെയ്യുന്നത് എന്ന് കൂടെയുണ്ടായിരുന്ന പ്രവീണ്‍ പറഞ്ഞുതന്നു. മഞ്ഞിന് മുകളിലൂടെ ജിപ്സി ഓടിച്ചുകൊണ്ടുപോകുന്ന കാഴ്ചകള്‍ വളരെ അഡ്വഞ്ചറസ്‌ ആയിരുന്നു. ഞങ്ങളുടെ ഡ്രൈവര്‍ വളരെ കൂളായ ഒരാളായിരുന്നു. എപ്പോഴും ഞങ്ങളോടൊപ്പം ആസ്വദിക്കുവാനും സഹായിക്കുവാനും ഒക്കെ ഡ്രൈവര്‍ വിജയ്‌ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. മഞ്ഞുപെയ്യുന്നത് കാണുവാന്‍ സ്വിറ്റ്സര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളിലേക്ക് പോകേണ്ട കാര്യമില്ലെന്ന് ഇവിടെ വന്നപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. വെറുതെയല്ല ഹിമാചല്‍ പ്രദേശിനെ ‘ദേവ് ഭൂമി’ എന്നു വിളിക്കുന്നത്. ദൈവം അത്രയ്ക്ക് അനുഗ്രഹിച്ചു നല്‍കിയിരിക്കുകയല്ലേ സൌന്ദര്യം.

മഞ്ഞില്‍ നടക്കുന്നതിനായി ഞങ്ങള്‍ പ്രത്യേകം ഗ്രിപ്പ് ഉള്ള ബൂട്ടുകള്‍ വാങ്ങിയിരുന്നു. അവ ഇവിടെ വാടകയ്ക്ക് ലഭിക്കുകയും ചെയ്യും. താഴെ വണ്ടി നിര്‍ത്തി ഞങ്ങള്‍ ഇറങ്ങുകയും മഞ്ഞു മലയിലൂടെ നടന്ന് മുകളിലേക്ക് കയറുകയുമാണ് പിന്നീട് ഉണ്ടായത്. മഞ്ഞിലൂടെ നടന്ന് കയറുവാന്‍ വലിയ ബുദ്ധിമുട്ട് ഒന്നും തന്നെ അനുഭവപ്പെട്ടിരുന്നില്ല. പക്ഷേ ഇറങ്ങുവാന്‍ ഒരല്‍പം പാടുപെട്ടു. ബ്രേക്ക് പോയ വണ്ടിയെപ്പോലെ ഞങ്ങള്‍ താഴേക്ക് കുതിച്ചുകൊണ്ട് ഇറങ്ങി. മുകളില്‍ ഒരു ഡാം ഉണ്ടായിരുന്നു. ആ ഡാമില്‍ നിന്നും ഒഴുകിയ വെള്ളം ഐസായി കിടക്കുന്ന കാഴ്ച ഞങ്ങള്‍ക്ക് വളരെ അത്ഭുതകരമായി തോന്നി. ആ സ്ഥലത്തെക്കുറിച്ചുള്ള പല ഐതീഹ്യങ്ങളും ചരിത്രവും ഒക്കെ ഡ്രൈവര്‍ വിജയ്‌ ഞങ്ങള്‍ക്ക് മനസിലാക്കി തന്നു.

മഞ്ചു വാര്യരും റിമാ കല്ലിങ്കലും തകര്‍ത്തഭിനയിച്ച റാണി പദ്മിനി എന്ന സിനിമയുടെ ഷൂട്ടിംഗ് ഈ പ്രദേശങ്ങളിലായിരുന്നു നടന്നത് എന്ന് ഞങ്ങള്‍ ബൂട്ട് വാങ്ങിയ കടയിലെ ചേച്ചിയും ചേട്ടനും ഒക്കെ പറഞ്ഞു. കുറേസമയം ചിലവഴിച്ചു എങ്കിലും ഞങ്ങള്‍ക്ക് അവിടം വിട്ടു തിരികെ പോരാന്‍ മനസ്സ് അനുവദിച്ചിരുന്നില്ല. പക്ഷേ എന്തുചെയ്യാം പോയല്ലേ പറ്റൂ. അങ്ങനെ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ അവിടം വിട്ടു താഴേക്ക് തിരികെയിറങ്ങി…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.