കെഎസ്ആര്‍ടിസി പ്രേമികളുടെ കൂട്ടായ്മയായ ആനവണ്ടി മീറ്റ്‌ കഴിഞ്ഞു കുമളിയില്‍ നിന്നും ഞാന്‍ തമിഴ്നാട്ടിലെ കമ്പം റൂട്ടിലേക്ക് കാറില്‍ തിരിച്ചു. ലോവര്‍ പെരിയാര്‍ കഴിഞ്ഞുള്ള ഒരു ഫാം ഹൗസ് കാണുകയും അവിടെ ഒരു ദിവസം താമസിക്കുകയും ചെയ്യുക എന്നതായിരുന്നു എന്‍റെ ലക്‌ഷ്യം.ഒരു മലയാളിയുടെ സ്വന്തമായ ആ ഫാം ഹൗസിന്‍റെ പേര് ഹാര്‍വെസ്റ്റ് ഫ്രഷ്‌ ഫാം എന്നാണ്. ജൈവ ക്യഷിയെ സ്നേഹിക്കുന്ന കൊച്ചി സ്വദേശി കുര്യൻ ജോസഫിന്‍റെതാണ് ഈ ഫാം. മെയിന്‍ റോഡില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ ഈ ഫാമില്‍ എത്തിച്ചേരാം. ഫാമിലേക്ക് പോകുന്ന വഴിയുടെ ഇരുവശവും കാബേജ്, ഉള്ളി തുടങ്ങിയ പലതരം കൃഷികള്‍ നമുക്ക് കാണാവുന്നതാണ്. അങ്ങകലെ മലനിരകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഇതിനെല്ലാം നടുവിലായാണ് നമ്മുടെ ഹാർവെസ്റ്റ് ഫ്രഷ് ഫാം…

സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടില്‍ ആണെങ്കിലും ഫാമിനുള്ളില്‍ കയറിയാല്‍ നമ്മള്‍ കേരളത്തില്‍ എത്തിയെന്ന ഒരു പ്രതീതി ലഭിക്കും. കയറിചെല്ലുന്ന വഴിയുടെ ഇരുവശങ്ങളിലും ഗള്‍ഫ് നാടുകളില്‍ കാണുന്നതരം റോയല്‍ പാം മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. നല്ല അവിടെ ചെന്നപാടെ തണുത്ത വെള്ളം നല്‍കി എന്നെ ഫാം മാനേജര്‍ സ്വീകരിച്ചു. 2007 ല്‍ ഈ 35 ഏക്കര്‍ സ്ഥലം വാങ്ങുമ്പോള്‍ ഇവിടെയുണ്ടായിരുന്നത് ഒരു ആര്യവേപ്പ് മരം മാത്രമായിരുന്നു. പിന്നീട് വളരെ കഷ്ടപ്പെട്ടാണ്‌ ഇത് ഇന്ന് കാണുന്ന ഹരിതഭംഗി കൈവരിക്കാനായത്. ആ ആര്യവേപ്പ് മരം ഇന്നും ഒരു സ്മാരകം പോലെ അവിടെ പരിപാലിക്കുന്നുണ്ട്.

ഫാം സന്ദർശിക്കാൻ എത്തുന്നവർക്ക് ഒന്നു വിശ്രമിക്കാനായി കയറി വരുന്ന വഴിയുടെ അരികിൽ തന്നെ മരവും ഓലയും ഉപയോഗിച്ചു നിർമിച്ച ഒരു നാടൻ ഗസീബോ ഒരുക്കിയിട്ടുണ്ട്. അതിനടുത്തായി ഇവിടെ വരുന്നവര്‍ക്ക് താമസിക്കുവാന്‍ മൂന്നു കോട്ടേജുകളും ഉണ്ട്. കോട്ടേജുകള്‍ എല്ലാം വളരെ ഭംഗിയുള്ളതും വൃത്തിയേറിയതുമാണ്. കൊട്ടേജുകള്‍ക്ക് പിന്നിലായാണ് ഫാം റെസ്റ്റോറന്‍റ്. കൊട്ടെജുകളില്‍ താമസിക്കുന്നതിനു വേറെ പാക്കേജ് എടുക്കണം.

വിപുലമായി മാതള കൃഷി ചെയ്യുന്ന ഈ ഫാമിനെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ അറിയപ്പെടുന്നത് മാതളതോട്ടം എന്ന പേരിലാണ്.8000 ത്തോളം മാതള നാരകത്തിന്റെ ചെടികളാണ് ഇവിടെയുള്ളത് . ഇതുകൂടാതെ തെങ്ങുകള്‍, മാവുകള്‍, കസ്ടാര്‍ഡ് ആപ്പിളുകള്‍,പ്ലാവുകള്‍, പേര, പാഷന്‍ ഫ്രൂട്ട്, പപ്പായ തുടങ്ങിയവയും പ്രധാനമായും കൃഷി ചെയ്യുന്നുണ്ട്. ഫാമിലെത്തുന്നവര്‍ക്ക് തയ്യാറാക്കുന്ന ഭക്ഷണം ഇവിടെത്തന്നെ കൃഷി ചെയ്തെടുക്കുന്ന വിളകള്‍ കൊണ്ടാണ് പാകംചെയ്യുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒരു തരി പോലും മരുന്ന് അടിക്കാതെ പൂര്‍ണ്ണമായും ജൈവ വലം ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്.

ക്യഷിയോടൊപ്പം ഫാം ടൂറിസവും നടപ്പിലാക്കി കൂടുതൽ വരുമാനസാധ്യതകൾ കണ്ടെത്തിയിരിക്കുകയാണ് ഇവിടെ. കോഴികള്‍, താറാവ്, പശു തുടങ്ങിയവയും ഫാമില്‍ ഉണ്ട്. കാസർകോട് കുള്ളനും, തമിഴ്നാടിന്റെ കാങ്കയവും ഉൾപ്പെടുന്ന 15 ഓളം നാടൻ പശുക്കൾ ഇവിടെയുണ്ട്. പശുക്കളുടെ ചാണകം പോലും വളവും ഇന്ധനവുമാക്കി മാറ്റുകയാണ് ഇവിടെ. ശുദ്ധമായ വായു ശ്വസിക്കാനും, ശാന്തമായി പ്രകൃതിയിൽ ലയിച്ചിരിക്കാനും, മനസ്സിനും ശരീരത്തിനും നവോൻമേഷം കൈവരിക്കാനും പറ്റിയ അനുകൂല സാഹചര്യങ്ങളും ഇവിടെയുണ്ട് എന്നതിനാല്‍ സഞ്ചാരികള്‍ക്ക് വളരെ വ്യത്യസ്തമായ ഒരനുഭവം ആയിരിക്കും ഹാര്‍വെസ്റ്റ് ഫ്രഷ്‌ ഫാം നല്‍കുക.

വിദേശികളും സ്വദേശികളുമായി ധാരാളം സഞ്ചാരികള്‍ സന്ദര്‍ശിക്കുന്നുണ്ട് ഇവിടെ. വിവിധ പായ്ക്കേജുകളാണ് ടൂറിസ്റ്റുകൾക്ക് ഇവിടെ ഓഫർ ചെയ്യുന്നത്. കാളവണ്ടി, ട്രാക്ടര്‍, ജീപ്പ് മുതലായവയില്‍ ഫാം ചുറ്റിക്കാണുവാനും ഇവിടെ അവസരമൊരുക്കുന്നു. ഒപ്പം തന്നെ ഭാരതീയ രീതിയിലുള്ള സ്വീകരണവും. ഫാമിലെ മൺറോഡുകളിലൂടെ കാളവണ്ടിയിൽ കുലുങ്ങി കുലുങ്ങിയുള്ള യാത്ര ഗതകാലത്തിന്റെ ഗൃഹാതുര സ്മരണകൾ ടൂറിസ്റ്റുകൾക്ക് സമ്മാനിക്കുമെന്നുറപ്പ്. ഇത്രയും കേട്ടപ്പോള്‍ത്തന്നെ ഇവിടെ ഒന്ന് സന്ദര്‍ശിക്കാന്‍ കൊതിയായോ? എങ്കില്‍ നേരെ വിട്ടോളൂ കുമളി കഴിഞ്ഞുള്ള ലോവര്‍ പെരിയാറിന്‍റെ പരിസരത്തുള്ള ഈ ഫാമിലേക്ക്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.