ലഡാക്കിലെ ഹുൻഡർ എന്ന മരുഭൂമി പോലുള്ള ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ താമസം. രാത്രി ടെന്റിനുള്ളിൽ ആയിരുന്നു ഞങ്ങളുടെ ഉറക്കം. രാത്രി നല്ല തണുപ്പ് ആയിരുന്നു ഞങ്ങൾക്ക് അനുഭവപ്പെട്ടത്. രാവിലെ തന്നെ എഴുന്നേറ്റ് ഞങ്ങൾ പെട്ടെന്നു തന്നെ അടുത്ത കറക്കത്തിനു റെഡിയായി. ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ ക്ളൈമാക്സ് സീനിൽ കാണുന്ന മനോഹരമായ ആ നീലത്തടാകം കാണുവാനാണ് ഞങ്ങൾ ഇനി പോകുന്നത്. ‘പാങ്കോങ് തടാകം”, അതെ അവിടേക്കാണ് ഇനി ഞങ്ങളുടെ യാത്ര…
ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിഞ്ഞു ഞങ്ങൾ പാങ്കോങ് തടാകം ലക്ഷ്യമാക്കി നീങ്ങി. മരുഭൂമി പോലുള്ള ഏരിയയിലൂടെയായിരുന്നു ഞങ്ങളുടെ സഞ്ചാരം. വഴിയിൽ ചിലയിടങ്ങളിൽ ഒട്ടകങ്ങളെ ഞങ്ങൾ കണ്ടിരുന്നു. അവിടെ ഒട്ടക സഫാരി ചെയ്യുവാൻ അവസരമുണ്ടെന്നു ഞങ്ങൾ താമസിച്ച ടെന്റിലെ ജീവനക്കാർ പറഞ്ഞിരുന്നു. പോകുന്ന വഴി ഒരു ചെറിയ പെട്രോൾ പമ്പ് കണ്ടപ്പോൾ ഡീസൽ അടിക്കുവാനായി ഞങ്ങൾ അവിടേക്ക് വണ്ടി തിരിച്ചു. അടുത്ത നാല് – നാലര മണിക്കൂർ നേരത്തെ യാത്രയിൽ വേറെ പമ്പുകളൊന്നും ഇല്ലെന്നറിഞ്ഞതിനാൽ ഞങ്ങൾ അവിടെ നിന്നും ഡീസൽ ടാങ്ക് ഫുള്ളാക്കി. ഇന്ധനമാടിക്കുവാൻ അവിടെ കാറുകാർ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. ക്യൂവിൽ നിന്നു ഒടുവിൽ ഞങ്ങളും ഇന്ധനമടിച്ചതിനു ശേഷം ഞങ്ങൾ യാത്ര തുടർന്നു.
കഴിഞ്ഞ ദിവസം കണ്ട ഷൈലോക്ക് നദി ഇളം നീല നിറത്തിൽ ഞങ്ങൾക്ക് ദൂരെ ദൃശ്യമായി തുടങ്ങി. അങ്ങനെ പോയിപ്പോയി ഞങ്ങൾ നല്ലരീതിയിൽ ദുർഘടം പിടിച്ച പാതയിലൂടെയായി സഞ്ചാരം. മഴക്കാലത്ത് അതിലൂടെ നദി ഒഴുകും എന്ന് ഞങ്ങൾക്ക് കാഴ്ചകളിലൂടെ മനസ്സിലായി. കുറച്ചു ദൂരം നിരപ്പായ റോഡിലൂടെ സഞ്ചരിച്ചതിനു ശേഷം വീണ്ടും വീതി കുറഞ്ഞ, ഭയാനകമായ ചുരത്തിലേക്ക് കയറി. ചിലയിടങ്ങളിൽ റോഡിന് വീതിയുണ്ടായിരുന്നു. തൊട്ടു താഴെയായി മുൻപ് കണ്ട ഷൈലോക്ക് നദി ഒഴുകുന്നുണ്ടായിരുന്നു.
ഒടുവിൽ ഞങ്ങൾ ചുരമൊക്കെ ഇറങ്ങി ഒരു ജംങ്ഷനിൽ എത്തിച്ചേർന്നു. അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞു ഞങ്ങൾ പാങ്കോങ് ലക്ഷ്യമാക്കി സഞ്ചരിച്ചു. വീണ്ടും നദീതീരത്തു കൂടിയായി യാത്ര. റോഡ് വളരെ ചെറുതായിരുന്നുവെങ്കിലും വഴിയിൽ മറ്റു വാഹനങ്ങൾ ഇല്ലായിരുന്നതിനാൽ ഞങ്ങൾക്ക് എളുപ്പത്തിൽ സഞ്ചരിക്കുവാൻ സാധിച്ചു. ഒടുവിൽ ഷൈലോക്ക് നദിയ്ക്കു കുറുകെയുള്ള ഒരു പാലം കടന്നു ഞങ്ങൾ അക്കരെ പ്രവേശിച്ചു. പാലം കടന്നയുടനെ അവിടെ ഒരു റിഫ്രഷ്മെന്റ് പോയിന്റ് ഉണ്ടായിരുന്നു. ടോയ്ലറ്റിൽ പോകുന്നവർക്ക് വേണമെങ്കിൽ അവിടെ വണ്ടി നിർത്തി കുറച്ചു സമയം വിശ്രമിക്കാം. ഞങ്ങൾ അവിടെ കയറാതെ വീണ്ടും യാത്ര തുടർന്നു.
പിന്നീട് മലയിടുക്കിൽ കൂടിയുള്ള ചെറിയ റോഡിലൂടെയായി യാത്ര. ഒരു മല തുരന്നുണ്ടാക്കിയ റോഡ് ആയിരുന്നു അത്. കുറച്ചു ദൂരം ചെന്നപ്പോൾ വീതിയേറിയ ഭാഗത്ത് എത്തുകയും ഞങ്ങൾ അവിടെ കുറച്ചു സമയം വണ്ടി നിർത്തി ഒന്ന് റെസ്റ്റ് എടുക്കുകയും ചെയ്തു. അങ്ങനെ പോയിപ്പോയി ഞങ്ങൾ ഒരു ചെക്ക്പോസ്റ്റിൽ എത്തിച്ചേർന്നു. അവിടെ വേണ്ട വിവരങ്ങളെല്ലാം എഴുതിക്കൊടുത്തു ഞങ്ങൾ വീണ്ടും യാത്രയായി.
പലതരത്തിലുള്ള, പല സ്വഭാവമുള്ള വഴികളിലൂടെയായിരുന്നു ഞങ്ങളുടെ സഞ്ചാരം. ഇപ്പോൾ എല്ലാം കഴിഞ്ഞു ഒരു താഴ്വാരത്തിലൂടെയാണ് ഞങ്ങളുടെ യാത്ര. വഴിയിലാണെങ്കിൽ പൂഴിമണൽ മൂടിക്കിടക്കുന്നു. അതുകൊണ്ട് വാഹനങ്ങൾക്ക് അതുവഴി പോകുവാൻ അൽപ്പം ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഞങ്ങളെല്ലാം അതിനെയൊക്കെ തരണം ചെയ്തു മുന്നേറി. അങ്ങനെ പിന്നെയും കുറെ ദൂരം യാത്ര ചെയ്തു ഞങ്ങൾ അവസാനം പാങ്കോങ് തടാകത്തിന്റെ മനോഹര കാഴ്ച ഞങ്ങൾക്ക് ദൃശ്യമായി. ആ നീലത്തടാകം ദൂരെ നിന്നും കണ്ടപ്പോഴേ ഞങ്ങളുടെയുള്ളിൽ എന്തോ ഒന്ന് നേടിയതിന്റെ ഫീൽ…(തുടരും…).
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.