ദുബായ് – മലയാളികൾക്ക് ഈ പേര് പണ്ടുമുതലേ പരിചിതമാണ്. ഒരുകാലത്ത് ഇന്ത്യയ്ക്ക് പുറത്തു പോയാൽ “എവിടെക്കാ ദുബായിലേക്കാണോ” എന്നായിരുന്നു പരിചയക്കാരുടെ ആദ്യ ചോദ്യം. ഞാനും ചെറുപ്പം മുതലേ പോകണം എന്നാഗ്രഹിച്ചിരുന്ന ഒരു രാജ്യം കൂടിയാണ് ദുബായ്. അങ്ങനെ എൻ്റെ ദുബായ് യാത്രാമോഹം പൂവണിഞ്ഞത് കഴിഞ്ഞ മാസം ആയിരുന്നു. ഞാനും സുഹൃത്ത് ഇബാദ് ഇക്കയും കൂടി ദുബായിൽ ഒരു ഡിജിറ്റൽ മാർക്കറ്റിങ് വർക്ക്‌ഷോപ്പ് നടത്തുവാൻ തീരുമാനിച്ചതോടെയായിരുന്നു ഞങ്ങളുടെ ദുബായ് യാത്രയ്ക്ക് കളമൊരുങ്ങിയത്.

അങ്ങനെ പോകേണ്ട ദിവസം വന്നെത്തി. വൈകീട്ട് 6.40 മണിയോടെയുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു ഞങ്ങളുടെ യാത്ര. പതിവുപോലെ ചെക്കിംഗ് ഒക്കെ കഴിഞ്ഞശേഷം ഞങ്ങൾ വിമാനത്തിലേക്ക് കയറി. 6.40 കഴിഞ്ഞപ്പോൾ ഞങ്ങളെയും വഹിച്ചുകൊണ്ട് ആ വിമാനം കൊച്ചി എയർപോർട്ടിലെ ടെർമിനൽ 3 യിൽ നിന്നും പറന്നുയർന്നു. അപ്പോഴേക്കും അന്തരീക്ഷമാകെ ഇരുട്ട് പരന്നിരുന്നു. മേഘങ്ങൾക്കു മുകളിലൂടെ പറക്കുന്നതിനിടയിൽ അങ്ങ് പടിഞ്ഞാറു ഭാഗത്ത് ഓറഞ്ച് നിറത്തിൽ ചക്രവാളം കാണാമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ കാഴ്ചയും കൂടി മറഞ്ഞു. പിന്നെ മൊത്തം ഇരുട്ടായി ചുറ്റിനും. പതിയെ ഞങ്ങൾ കുറച്ചു നേരത്തേക്ക് ഉറങ്ങുവാനായി മനസ്സിനെയും ശരീരത്തെയും അനുവദിച്ചു.

രാത്രിയോടെ ഞങ്ങൾ ദുബായ് എയർപോർട്ടിൽ എത്തിച്ചേർന്നു. വിമാനത്തിൽ നിന്നും ഇറങ്ങി അവിടത്തെ എയർപോർട്ട് ബേസിൽ കയറി ടെർമിനലിൽ എത്തിച്ചേർന്നു. ടെർമിനലിൽ ഞങ്ങളെ അതിശയിപ്പിച്ചത് ഒരു മെട്രോ സ്റ്റേഷൻ ആയിരുന്നു. ഇവിടന്നു മെട്രോയിൽ കയറിവേണം ബാഗേജ് എടുക്കുന്ന സ്ഥലത്തേക്ക് പോകുവാൻ. എയർപോർട്ടിൽ നിന്നും ഞങ്ങളെ പിക്ക് ചെയ്യുവാനായി കുറച്ചു സുഹൃത്തുക്കൾ എത്തിയിരുന്നു. ഞങ്ങൾ ബാഗേജുമ എടുത്തുകൊണ്ട് പുറത്ത് ഇറങ്ങിയപ്പോൾ പൂച്ചെണ്ടുകളുമായി സുഹൃത്തുക്കൾ ഞങ്ങളെ വരവേറ്റു. കണ്ടു നിന്നവരിൽ പലർക്കും ഇത് ചിരിപടർത്തി.

ടെർമിനലിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ പിന്നെ ഞങ്ങളെ വരവേറ്റത് ദുബായ് ചൂട് ആയിരുന്നു. നടക്കുന്നതിനിടെ ഞാൻ വിയർത്തു കുളിക്കുന്നുണ്ടായിരുന്നു. പാർക്കിങ്ങിൽ ചെന്ന് ബാഗുകൾ കാറിൽ വെച്ച ശേഷം ഞങ്ങൾ വണ്ടിയിൽ അവിടെ നിന്നും യാത്രയായി. ആകെ എട്ടുപേർക്ക് ഇരിക്കാവുന്ന വേണ്ടിയായിരുന്നു അത്. പോകുന്ന വഴി ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി ഒരു റെസ്റ്റോറന്റിൽ കയറി. ചിക്കനും മട്ടണും ബീഫും ഒക്കെ കൊണ്ടുള്ള വിഭവങ്ങളായിരുന്നു ഞങ്ങൾക്കായി അവർ ഓർഡർ ചെയ്തിരുന്നത്. എല്ലാവരും നല്ല അന്തസ്സായി ഫുഡ് കഴിച്ചു. അതിനിടെ ഇബാദ് ഇക്കയും വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. ഭക്ഷണമെല്ലാം കഴിച്ച ശേഷം ഞങ്ങൾക്ക് താമസിക്കുവാനുള്ള ഹോട്ടലിലേക്ക് യാത്രയായി.

പോകുന്ന വഴിയെല്ലാം നല്ല കിടിലൻ കാഴ്ചകൾ ആയിരുന്നു. രാത്രിയാണെങ്കിലും അവയെല്ലാം കണ്ടുകൊണ്ട് ഞങ്ങൾ വണ്ടിയിൽ ഇരുന്നു.ഞാനും ഇബാദ് ഇക്കയും നല്ല അങ്ങനെ ഞങ്ങൾക്ക് താമസിക്കുവാനുള്ള ഹോട്ടലിൽ എത്തിച്ചേർന്നു. റൂം മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്തിരുന്നു. ഇത്രയും യാത്രയൊക്കെ കഴിഞ്ഞതുകൊണ്ട് ഞാനും ഇബാദ് ഇക്കയും നല്ല ക്ഷീണത്തിലായിരുന്നു. ഞങ്ങളെ ഹോട്ടലിൽ ആക്കിയശേഷം സുഹൃത്തുക്കൾ നാളെ കാണാമെന്നു പറഞ്ഞുകൊണ്ട് അവരവരുടെ താമസ സ്ഥലങ്ങളിലേക്ക് യാത്രയായി.നല്ല കിടിലൻ റൂം ആയിരുന്നു ഞങ്ങളുടേത്. ബാത്ത് റൂം ഒക്കെ നല്ല അടിപൊളിയായിരുന്നു. ചെന്നപാടെ ഞങ്ങൾ ഒന്ന് ഫ്രഷ് ആയ ശേഷം പതിയെ ബെഡിലേക്ക് ചാഞ്ഞു. ബാക്കി പരിപാടികളെല്ലാം ഇനി നാളെ രാവിലെ….

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.