മൂന്നാറിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം ഞങ്ങളുടെ അടുത്ത യാത്ര നേരെ തമിഴ്‌നാട്ടിലെ മധുരയിലേക്ക് ആയിരുന്നു. മൂന്നാറിൽ നിന്നും പൂപ്പാറ, ബോഡി, തേനി വഴിയാണ് ഞങ്ങൾ യാത്ര പ്ലാൻ ചെയ്തത്. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. ലക്ഷ്മി എസ്റ്റേറ്റിൽ നിന്നും മൂന്നാറിലേക്ക് പോകുന്ന വഴി തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര അതിമനോഹരം തന്നെയായിരുന്നു. നമ്മുടെ നാട്ടിലെ വരൾച്ചയും ചൂടുമൊന്നും അവിടെ ബാധകമായിരുന്നില്ല. എല്ലായിടത്തും പച്ചപ്പ് അതേപടി നിലനിൽക്കുന്നുണ്ട്. എന്തായാലും വേനൽക്കാലത്ത് മൂന്നാറിലേക്ക് ട്രിപ്പ് വന്നത് വെറുതെയായില്ല.

രാവിലെ ആയിരുന്നതിനാൽ മൂന്നാർ ടൗണിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങൾ എളുപ്പത്തിൽ മൂന്നാർ – തേനി റോഡിലേക്ക് കയറി. റോഡുകളെല്ലാം ഇപ്പോൾ ടാർ ചെയ്തു മികച്ച രീതിയിലാക്കിയിട്ടുണ്ട്. എങ്കിലും കുറച്ചു സ്ഥലങ്ങളിലൊക്കെ ഇപ്പോഴും പണി നടക്കുന്നുണ്ട്. ഈ റൂട്ടിലൂടെ പകൽ സമയം യാത്ര ചെയ്‌താൽ നല്ല അടിപൊളി കാഴ്ചകളാണ് നമുക്ക് കാണുവാൻ സാധിക്കുക. കുറച്ചു ദൂരം ചെന്നപ്പോൾ റോഡ് വലുതാക്കുവാനായി മലയിടിക്കുന്ന കാഴ്ചയാണ് കണ്ടത്. കുറച്ചു സമയം ഞങ്ങൾ അവിടെ ബ്ലോക്കിൽപ്പെട്ടു. ഈ റോഡ് പണിയൊക്കെ പൂർത്തിയാക്കിയാൽ പിന്നെ അടിപൊളിയായിരിക്കും ഇതിലൂടെയുള്ള യാത്രകൾ.

പോകുന്ന വഴി താഴെയായി ആനയിറങ്ങൽ ഡാമിന്റെ ഭാഗങ്ങളും റിസർവോയറുമെല്ലാം ദൃശ്യമായി. വേനൽക്കാലത്തും അവിടെ അത്യാവശ്യം വെള്ളമുണ്ടായിരുന്ന കാഴ്ച ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. അങ്ങനെ പൂപ്പാറയും പിന്നിട്ട് ഞങ്ങൾ ബോഡിമെട്ടിൽ എത്തിച്ചേർന്നു. അവിടെയാണ് കേരള – തമിഴ്‌നാട് അതിർത്തി. ചെറിയൊരു അങ്ങാടി എന്നു വേണമെങ്കിൽ പറയാം. അവിടെ ഞങ്ങൾ അൽപ്പനേരം വണ്ടി നിർത്തി വിശ്രമിക്കുകയുണ്ടായി. അതിനുശേഷം ഞങ്ങൾ ബോഡിനായ്ക്കന്നൂർ ചുരം ഇറങ്ങുവാൻ തുടങ്ങി.

ചുരത്തിൽ വെച്ച് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ മൂന്നാർ- മധുര, മൂന്നാർ – തേനി ബസുകളൊക്കെ ഞങ്ങൾ കണ്ടുമുട്ടി. കെഎസ്ആർടിസിയുടെ സർവ്വീസുകൾ ഇതുവഴിയുണ്ടെങ്കിലും ഞങ്ങൾ ഒന്നും തന്നെ കണ്ടില്ല. ബോഡിനായ്ക്കന്നൂർ ചുരം ഇറങ്ങുന്നതിനിടെ നല്ല അടിപൊളി വ്യൂ പോയിന്റുകൾ ഞങ്ങൾ കണ്ടു. അവിടെയൊക്കെ വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. അവിടെ നിന്നുള്ള ചുരത്തിന്റെ ദൃശ്യം അതിമനോഹരമായിരുന്നു. ചില വിദേശ രാജ്യങ്ങളിലെ ചുരത്തിന്റെ പോലെ ‘Z’ ആകൃതിയിലാണ് ചുരത്തിൽ റോഡുകൾ കാണപ്പെടുന്നത്. അങ്ങനെ അവസാനം ചുരത്തിൽ വെച്ച് ഒരു കെഎസ്ആർടിസി ബസ് കണ്ടുമുട്ടി. ഹോ സമാധാനമായി ഒരു ആനവണ്ടിയെങ്കിലും കണ്ടല്ലോ..

ബോഡിനായ്ക്കന്നൂർ ചുരം ഇറങ്ങി നേരെ ചെല്ലുന്നത് ബോഡിനായ്ക്കന്നൂരിലേക്ക് ആണ്. തമിഴ്‌നാട്ടിലെ വഴികൾ വളരെ മനോഹരമായിരുന്നു. അതിനിടെ റോഡിലൂടെ ഒരു പ്രായമുള്ള ചേട്ടൻ കാളവണ്ടിയുമായി പോകുന്ന കാഴ്ച കണ്ടു. കാളവണ്ടികളൊക്കെ നമ്മുടെ നാട്ടിൽ കാണുവാൻ കഴിയില്ല. ബോഡിനായ്ക്കന്നൂരിൽ നിന്നും ഞങ്ങൾ തേനിയിലെത്തി. നല്ല റോഡും വഴിയിൽ തിരക്കുകൾ ഇല്ലാതിരുന്നതു കൊണ്ടും ഞങ്ങൾ എളുപ്പത്തിൽ തേനിയിൽ എത്തിച്ചേർന്നു. തേനിയിൽ ചെന്നപ്പോൾ ഇലക്ഷൻ പ്രമാണിച്ച് റോഡിന്റെ നടുക്കു തന്നെ സ്റ്റേജ് ഒക്കെ കെട്ടി ഒരുക്കി നിർത്തിയിരുന്ന കാഴ്ച ഞങ്ങളെ അമ്പരപ്പിച്ചു. തമിഴ്‌നാട്ടിൽ ഇതൊക്കെ നടക്കും.

കുറേനേരം യാത്ര ചെയ്തപ്പോൾ ഞങ്ങൾക്ക് നല്ല വിശപ്പുണ്ടായി. അങ്ങനെ ഞങ്ങൾ നല്ലൊരു ഹോട്ടൽ തപ്പി നടന്നു. അവസാനം ഒരു ഹോട്ടലിൽ രണ്ടും കൽപ്പിച്ചു അങ്ങ് കയറി. ഭാര്യ ശ്വേത വെജ് ഊണും ഞാനും അഭിയും ബിരിയാണിയും കഴിച്ചു. പോകുന്ന വഴി ഞങ്ങൾ മധുരയിൽ താമസിക്കുന്നതിനുള്ള ഹോട്ടൽ റൂം ബുക്ക് ചെയ്തു. രണ്ടു ദിവസത്തെ താമസത്തിന് ഞങ്ങൾ മൂന്നു പേർക്ക് 5000 രൂപയോളമായി ചാർജ്ജ്. അങ്ങനെ തേനിയിൽ നിന്നും കുറേനേരത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ മധുരയിൽ എത്തിച്ചേർന്നു. നേരെ ബുക്ക് ചെയ്ത ഹോട്ടലിൽ ചെന്നു ചെക്ക് ഇൻ ചെയ്തു. വലിയ കുഴപ്പമൊന്നുമില്ലാത്ത റൂം ആയിരുന്നു ഞങ്ങളുടേത്. ഇനി അടുത്ത രണ്ടു ദിവസം മധുരയിൽ തന്നെയായിരിക്കും കറക്കം. അപ്പോൾ ബാക്കി മധുര വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.