വൈകീട്ട് 7- 7.30 ഒക്കെയായപ്പോള്‍ ഞങ്ങള്‍ ഉച്ചയുറക്കം ഒക്കെ കഴിഞ്ഞു എഴുന്നേറ്റു പുറത്തേക്ക് പോകുവാന്‍ റെഡിയായി. ഹാരിസ് ഇക്ക പുറത്തുനിന്നും മാഗിയുടെ കപ്പ്‌ ന്യൂഡില്‍സൊക്കെ വാങ്ങിക്കൊണ്ടുവന്നു. സത്യത്തില്‍ നമ്മുടെ നാട്ടില്‍ ഏഴു മണിയായാല്‍ മൊത്തം ഇരുട്ട് പരക്കും. എന്നാല്‍ മലേഷ്യയിലെ എഴുമണി നമ്മുടെ നാട്ടിലെ അഞ്ചു മണി പോലെയാണ്. ഇവിടെ രാത്രിയാകുവാന്‍ ഏകദേശം എട്ടുമണിയാകും. ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോകാനായി സഞ്ജീവ് ഭായ് കാറുമായി എത്തി.

സഞ്ജീവ് ഭായിയുടെ മഞ്ഞ നിറത്തിലുള്ള കാര്‍ ഒരു ഒന്നൊന്നര സംഭവം തന്നെയായിരുന്നു. സൈലന്‍സര്‍ ഒക്കെ മാറ്റിവെച്ചുള്ള ഒരു അഡാര്‍ ഐറ്റം… അങ്ങനെ ഞങ്ങള്‍ മലേഷ്യന്‍ രാത്രിക്കാഴ്ചകള്‍ ആസ്വദിച്ച് സഞ്ചരിക്കുവാന്‍ തുടങ്ങി. ഇന്നു ഞങ്ങള്‍ ആദ്യം പോകുന്നത് ക്വലാലംപൂരിലെ ലോകപ്രശസ്തമായ പെട്രോണാസ് ടവര്‍ അഥവാ ട്വിന്‍ ടവര്‍ കാണുവാനാണ്. ദുബായിലെ ബുർജ് ഖലീഫ ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകുന്നതിനു മുൻപ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു ഈ പെട്രോണാസ് ട്വിൻ ടവർ. പക്ഷേ ഇപ്പോഴും ഇത് തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടം.

അർജന്റീന-അമേരിക്കൻ രൂപകല്പകനായ സീസർ പെല്ലി രൂപകല്പന നിർവ്വഹിച്ച പെട്രോണാസ് ഗോപുരങ്ങളുടെ നിർമ്മാണം 1998 ലാണ്‌ പൂർത്തിയായത്. രണ്ട് കെട്ടിടങ്ങളുടെയും 41, 42 നിലകളിലുള്ള ആകാശപ്പാലം കാണേണ്ട കാഴ്ച തന്നെയാണ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ മുകൾ ഭാഗങ്ങൾ സന്ദർശിക്കാനുദ്ദേശിക്കുന്നവർക്കു
പ്രത്യേക പാസ് എടുത്തു ആകാശപ്പാലം സന്ദർശിക്കാവുന്നതാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിൽ ഒരു ദിവസം 1700 ആൾക്കാർക്ക് മാത്രം പാസ് നൽകുന്നു.

പെട്രോണാസ് ടവറിനു മുന്നില്‍ സഞ്ചാരികളുടെ തിരക്കായിരുന്നു. എല്ലാവരും ഫോട്ടോകളും സെല്‍ഫികളും എടുക്കുന്ന തിരക്കിലും. അക്കൂട്ടത്തില്‍ മലയാളികളും ഉണ്ടായിരുന്നു. പത്തനംതിട്ട സ്വദേശിയായ ഒരു ദമ്പതികളെ ഞങ്ങള്‍ അവിടെവെച്ചു പരിചയപ്പെട്ടു. ഏകദേശം ഒരു മണിക്കൂറോളം ഞങ്ങള്‍ അവിടെ ചെലവഴിക്കുകയുണ്ടായി.

തിരിച്ചുപോരുവാന്‍ നേരം അവിടെ വഴിവക്കില്‍ കണ്ട ഒരു തട്ടുകട സെറ്റപ്പില്‍ നിന്നും കരിക്ക് കൊണ്ടുള്ള ഒരു കൂള്‍ഡ്രിങ്ക് വാങ്ങി കഴിച്ചു. കൊള്ളാം.. ഒരു പ്രത്യേക രുചിയായിരുന്നു. സഞ്ജീവ് ഭായിയുടെ രീതിയില്‍ പറഞ്ഞാല്‍ “ബഹുത്ത് അച്ചാ…. “. ഇനി ഞങ്ങള്‍ പോകുന്നത് ബുക്കിത് ബിന്‍താങ്ങ് എന്ന കച്ചവട ഏരിയയിലേക്ക് ആണ്. നമ്മുടെ പട്ടായയിലെ വാക്കിംഗ് സ്ട്രീറ്റിന്‍റെ മറ്റൊരു വേര്‍ഷന്‍ എന്നു വേണമെങ്കില്‍ പറയാം. പക്ഷേ അതുപോലൊന്നും ഇല്ലാട്ടോ. 12 മലേഷ്യന്‍ റിങ്കറ്റ് നല്‍കി ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തശേഷം ബുക്കിത് ബിന്‍താങ്ങിലെ സ്ട്രീറ്റ് ഫുഡ് എക്സ്പ്ലോര്‍ ചെയ്യുവാനായി നടന്നു… (തുടരും…)

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.