ലിറ്റില്‍ ഇന്ത്യയിലെ കറക്കമെല്ലാം കഴിഞ്ഞശേഷം ഞങ്ങള്‍ ഹോട്ടലില്‍ ചെന്ന് ലഗേജുകള്‍ എടുത്തു. ഞങ്ങളുടെകൂടെ രാജു ഭായ് ഉണ്ട് ഇപ്പോള്‍. ഇനി ഞങ്ങള്‍ പോകുന്നത് മലേഷ്യയുടെ ഭരണസിരാകേന്ദ്രമായ പുത്രജയയിലേക്ക് ആണ്. പുത്രജയയിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം നേരെ പോര്‍ട്ട്‌ ഡിക്സണ്‍ എന്ന ബീച്ച് ഏരിയയിലേക്ക്.

പോകുന്നവഴി പെട്രോള്‍ അടിക്കുവാന്‍ കയറിയപ്പോഴാണ് ആ കാര്യം ശ്രദ്ധിച്ചത്. ഇവിടത്തെ മിക്കവാറും പെട്രോള്‍ പമ്പുകള്‍ എല്ലാം സെല്‍ഫ് സര്‍വ്വീസ് ആണ്. ഇതിനായി ഒരു പെട്രോള്‍ കാര്‍ഡ് ഉണ്ട്. അത് സ്വൈപ്പ് ചെയ്ത് നമുക്ക് സ്വന്തമായി എത്ര രൂപയ്ക്ക് വേണമെങ്കിലും ഇന്ധനം അടിക്കാം. അവിടത്തെ പെട്രോള്‍ വില ഇന്ത്യയിലെ വിലയുടെ പകുതിയേ ഉള്ളൂ. എന്താല്ലേ? അങ്ങനെ ഞങ്ങള്‍ പുത്രജയ ലക്ഷ്യമാക്കി പാഞ്ഞു. പോകുന്നവഴി നല്ല മഴയും കിട്ടി. മലേഷ്യന്‍ മഴയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

പുത്രജയ നഗരം കൊലാലമ്പൂരിൽ നിന്നും 38 കിലോമീറ്റർ തെക്ക് മാറിയാണ് നിലകൊള്ളുന്നത്. ഫെഡരൽ NH 29ഉം ഫെഡറൽ NH 30 ഉം പുത്രജയ നഗരത്തെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. കെ എൽ ഐ എ ട്രാൻസിറ്റ് ലൈനാണ് പുത്രജയ സെൻട്രൽ സ്റ്റേഷനെ മറ്റ് നഗരങ്ങളുമായി റെയിൽ മാർഗം ബന്ധിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ആധുനിക നഗരങ്ങളുടെ പട്ടികയില്‍ പുത്രജയ സ്ഥാനം പിടിച്ചിട്ടുണ്ട്. മലേഷ്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ തുങ്കു അബ്ദുള്‍ റഹ്മാന്‍ പുത്രയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ സ്ഥലത്തിനു പുത്രജയ എന്ന പേരുവന്നത് എന്ന് ഹാരിസ് ഇക്ക പറഞ്ഞു തരികയുണ്ടായി.

പുത്രജയയിലേക്ക് കടക്കുന്ന ഒരു പാലമാണ് എടുത്തു പറയേണ്ട ഒരു പ്രധാന കാര്യം. മനുഷ്യനിര്‍മ്മിതമായ ഒരു തടാകത്തിനു കുറുകെയാണത്രേ ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 650 ഹെക്ടര്‍ വിസ്തൃതിയില്‍ ഈ തടാകം വ്യാപിച്ചു കിടക്കുന്നു. പുത്രജയയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമാണ് ഈ തടാകവും പാലവും. സഞ്ചാരികള്‍ക്കായി തടാകത്തിലൂടെ ബോട്ടിംഗും മറ്റും ഉണ്ട്. ഞങ്ങള്‍ അവിടെ കാഴ്ചകള്‍ കണ്ടുകൊണ്ടു നില്‍ക്കെ ഒരു ബോട്ട് സഞ്ചാരികളുമായി താഴെ തടാകത്തിലൂടെ പോകുന്നതു കണ്ടു. പാലത്തില്‍ നിന്നുള്ള ഫോട്ടോയെടുപ്പും മറ്റുമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ ചായ കുടിക്കുവാനായി താഴെ തടാകക്കരയിലുള്ള ഒരു റെസ്റ്റോറന്റില്‍ കയറി. അധികം തിരക്കൊന്നും കണ്ടില്ല ആ ഹോട്ടലില്‍. ഞങ്ങള്‍ ചായ ഓര്‍ഡര്‍ ചെയ്തു. ഒരു വലിയ കപ്പ്‌ നിറയെ ചായ…നല്ലൊരു വളരെ രുചികരമായ ഒരു ചായ. അപ്പോള്‍ അവിടമാകെ ഇരുട്ട് പറന്നു തുടങ്ങിയിരുന്നു. അപ്പോള്‍ കെട്ടിടങ്ങളെല്ലാം വര്‍ണ്ണശബളമായി മാറുകയായിരുന്നു.

ചായകുടിയെല്ലാം കഴിഞ്ഞു ഞങ്ങള്‍ പുത്രജയ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പോയി. കുറച്ച് ഉയരത്തിലായിരുന്നു ആ സ്ഥലം. അവിടെ നിന്നാല്‍ പുത്രജയ ഏകദേശം മുഴുവനും നന്നായി കാണാമായിരുന്നു. രാത്രിയിലെ പുത്രജയയുടെ ഭംഗി ഒരു പ്രത്യേക ഭംഗിയായിരുന്നു. ഏകദേശം 15 മിനിറ്റ് അവിടെ ചിലവഴിച്ചശേഷം ഞങ്ങള്‍ പുത്രജയയിലെ പ്രസിദ്ധമായ മോസ്ക്കിനും പ്രധാനമന്ത്രി ഓഫീസിനും അടുത്തെത്തി. ധാരാളം സഞ്ചാരികള്‍ അവിടെ സായാഹ്നം ആസ്വദിക്കുവാന്‍ വന്നിട്ടുണ്ടായിരുന്നു. ഹാരിസ് ഇക്ക മോസ്ക്കിലേക്ക് നിസ്ക്കരിക്കുവാനായി കയറി. കൂടെ മോസ്ക്കിലെ കാഴ്ചകള്‍ കാണുവാന്‍ ഞങ്ങളും.

അവിടെ ഞങ്ങള്‍ ഏകദേശം ഒരു മണിക്കൂറോളം സമയം ചെലവഴിച്ചു. കുടുംബവുമായും കുട്ടികളുമായും ഒക്കെ വന്നു ചെലവഴിക്കാന്‍ പറ്റിയ ഒരു സ്ഥമായിരുന്നു അത്. അങ്ങനെ ഞങ്ങള്‍ പുത്രജയയോട് വിടപറഞ്ഞ് മലേഷ്യയിലെ ബീച്ച് നഗരമായ പോര്‍ട്ട്‌ ഡിക്സണിലേക്ക് യാത്രയായി. നമ്മുടെ ഗോവ പോലുള്ള ഒരു സ്ഥലമാണ് പോര്‍ട്ട്‌ ഡിക്സണ്‍. കുറേ നേരത്തെ യാത്രയ്ക്കു ശേഷം ഞങ്ങള്‍ പോര്‍ട്ട്‌ ഡിക്സണില്‍ എത്തിച്ചേര്‍ന്നു. എല്ലാവര്ക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു. രാത്രി വൈകിയതിനാല്‍ ഞങ്ങള്‍ അവിടെ അടുത്തുകണ്ട KFC യില്‍ കയറി ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ക്ക് തങ്ങുവാനുള്ള ‘കോറസ് പാരഡൈസ് ബീച്ച് റിസോര്‍ട്ടി’ലേക്ക് നീങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.