സിലിഗുരിയിൽ നിന്നും ഞങ്ങൾ അതിരാവിലെ തന്നെ ഞങ്ങൾ ഡാർജിലിംഗ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. കാറിൽ സലീഷേട്ടന് ഇരിക്കുവാനായി ഞങ്ങൾ പിന്നിലെ ലഗേജുകളൊക്കെ നന്നായി ഒതുക്കി വെച്ചു. ഇനിയങ്ങോട്ടുള്ള യാത്രകൾക്കിടയിൽ ചിലപ്പോൾ ഭക്ഷണത്തിനുള്ള വകുപ്പുകൾ കുറവായിരിക്കും എന്നതിനാൽ ഞങ്ങൾ ഒരു പോർട്ടബിൾ ഗ്യാസ് സ്റ്റവ് വാങ്ങി വണ്ടിയിൽ വെച്ചു. ഇനി ഞങ്ങൾ എവിടെ പെട്ടുകിടന്നാലും ഭക്ഷണത്തിനായി യാതൊരു പഞ്ഞവും ഉണ്ടായിരിക്കില്ല. അത്യാവശ്യ ഘട്ടങ്ങളിൽ പാകം ചെയ്തു കഴിക്കുവാനായി മാഗി ന്യൂഡിൽസ് പാക്കറ്റുകൾ യഥേഷ്ടം ഞങ്ങളുടെ കൈവശമുണ്ടായിരുന്നു.
യാത്രയ്ക്കിടയിൽ കേരളത്തിലെ നിലമ്പൂർ ഭാഗത്തുകൂടി പോകുന്ന ഒരു ഫീൽ തരുന്ന ഏരിയയിൽക്കൂടി ഞങ്ങൾ കടന്നു പോവുകയുണ്ടായി. കുറച്ചങ്ങോട്ടു കഴിഞ്ഞപ്പോഴേക്കും റോഡിനിരുവശവും തേയിലത്തോട്ടങ്ങൾ കാണുവാൻ തുടങ്ങി. നമ്മുടെ നാട്ടിൽ കുന്നിൻ പ്രദേശങ്ങളിലാണ് സാധാരണയായി തേയിലക്കൃഷി കാണപ്പെടാറുള്ളത്. എന്നാൽ അവിടെ നിരപ്പായ സ്ഥലങ്ങളിൽ തേയിലത്തോട്ടങ്ങൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. തേയിലത്തോട്ടങ്ങൾക്കു സമീപത്തായി ഞങ്ങൾ വണ്ടി നിർത്തി കാഴ്ചകൾ ആസ്വദിക്കുകയുണ്ടായി.
പിന്നെയും ഞങ്ങൾ യാത്ര തുടരുന്നതിനിടെ വഴിയരികിൽ ഒരു ഗ്രാമീണ മാർക്കറ്റ് കാണുകയുണ്ടായി. ടൂറിസ്റ്റ് സ്പോട്ടുകൾ ഒഴിവാക്കി ഗ്രാമങ്ങളിലേക്ക് കൂടുതൽ ഇറങ്ങിയുള്ള യാത്രയായതിനാൽ ഞങ്ങൾ ആ മാർക്കറ്റിൽ ഒന്നു കയറുവാൻ തീരുമാനിച്ചു. തുടക്കത്തിൽ തന്നെ വ്യത്യസ്തങ്ങളായ പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഒരു കടയാണ് കണ്ടത്. ബജ്ജിയും, വടകളും, ഐസ്ക്രീമും, മറ്റു മധുര പലഹാരങ്ങളും ഒക്കെ അവിടെയുണ്ടായിരുന്നു. അതിനടുത്തായി ഒരു കോഴിക്കടയും മീൻകടയുമൊക്കെ ഉണ്ടായിരുന്നു. ഉൾവശത്തായി പച്ചക്കറികളും മറ്റും വിൽക്കുന്ന കടകളും ഞങ്ങൾ കണ്ടു. പൊതുവെ നമ്മൾ കണ്ടിട്ടുള്ള മാർക്കറ്റുകളെ അപേക്ഷിച്ച് ഇവിടെ നല്ല വൃത്തിയുണ്ടായിരുന്നു. പച്ചക്കറികളൊക്കെ കഴുകി വൃത്തിയാക്കിയായിരുന്നു അവിടെ വിൽക്കുവാൻ വെച്ചിരുന്നത്. ഒരിടത്തും മാലിന്യങ്ങളൊന്നും കണ്ടുമില്ല. എന്തായാലും മാതൃകാ മാർക്കറ്റ് തന്നെ.
മാർക്കറ്റിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ ആ ഗ്രാമത്തിലൂടെ ഒന്നു നടക്കുവാനിറങ്ങി. നമ്മൾ ബെംഗാളികളെ പലതരത്തിൽ കളിയാക്കുമെങ്കിലും അവരുടെ ജീവിത രീതികൾ കണ്ടപ്പോൾ സത്യത്തിൽ അവരോട് ബഹുമാനം തോന്നിപ്പോയി. ഗ്രാമത്തിലൂടെയുള്ള നടത്തിനിടെ ഞങ്ങൾ ചിലരെ പരിചയപ്പെടുകയുമുണ്ടായി. കാഴ്ചകളൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഞങ്ങൾ ദുതിയ വഴി നേപ്പാൾ ബോർഡറിൽക്കൂടിയായിരുന്നു ഡാർജിലിംഗിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. ദുതിയയിലെ മാർക്കറ്റിനടുത്ത് ഞങ്ങൾ വാഹനം നിർത്തി അവിടത്തെ കാഴ്ചകളൊക്കെ കാണുവാനായി ഇറങ്ങി നടന്നു.
മുൻപ് കണ്ട മാർക്കറ്റിൽ നിന്നും വ്യത്യസ്തമായിരുന്നു ദുതിയ മാർക്കറ്റ്. ആളുകളൊക്കെ മാർക്കറ്റിൽ നിന്നും പലപല വാഹനങ്ങളിൽ സാധനങ്ങൾ കയറ്റിക്കൊണ്ടുപോകുന്ന കാഴ്ചകൾ ആയിരുന്നു ഞങ്ങളെ ആദ്യമായി അവിടെ സ്വാഗതം ചെയ്തത്. അവിടെ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അത് ഞായറാഴ്ച മാത്രം പ്രവർത്തിക്കുന്ന മാർക്കറ്റ് ആണെന്ന്. വെറുതെയല്ല ഇത്രയ്ക്ക് തിരക്ക് അനുഭവപ്പെട്ടത്. ശരിക്കും പറഞ്ഞാൽ നമ്മളെല്ലാം ഷോപ്പിം മാളിൽ പോകുന്നതു പോലെയാണ് അവിടത്തുകാർ ഈ മാർക്കറ്റിൽ വരുന്നത്. അവിടത്തെ ആളുകളാണെങ്കിൽ വളരെ സൗഹാർദ്ദപരമായിട്ടായിരുന്നു എല്ലാവരോടും പെരുമാറിയിരുന്നത്. ഒരു മലയുടെ താഴ്വാരത്തായിട്ടായിരുന്നു ആ മാർക്കറ്റ് സ്ഥിതി ചെയ്തിരുന്നത്.
സമയം ഉച്ചയ്ക്ക് ഒരുമണിയായി. ഞങ്ങൾ മാർക്കറ്റ് കാഴ്ചകളൊക്കെ അത്യാവശ്യം വേണ്ടരീതിയിൽത്തന്നെ നടന്നു കണ്ടതിനു ശേഷം വീണ്ടും യാത്ര തുടർന്നു. വ്യത്യസ്തമായ കാഴ്ചകളുടെ പൂരം ഇനി വരാനിരിക്കുന്നേയുള്ളൂ. ആ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 89739 50555. 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.