ടിപ്പു സുൽത്താന്റെ കഥകൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. തെക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇന്നും ടിപ്പുവിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുന്നുണ്ട് . അതിൽ ഒരിടമാണ് കേരളത്തിലെ സുൽത്താൻ ബത്തേരി. ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ‘സുൽത്താൻസ് ബാറ്ററി’ എന്ന വാക്കിൽ നിന്നും വന്ന വയനാടൻ ഗ്രാമം. കേരളവും കർണ്ണാടകയും തമിഴ്നാടും സംഗമിക്കുന്ന സുൽത്താൻ ബത്തേരി പ്രകൃതി ഭംഗി കൊണ്ടും അതിശയിപ്പിക്കുന്ന കഥകൾ കൊണ്ടും വ്യത്യസ്തമായ കാഴ്ചകൾ കൊണ്ടും ഒക്കെ എന്നും വേറിട്ടു നിൽക്കുന്ന ഇടമാണ്. ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സുൽത്താൻ ബത്തേരി വയനാട്ടിൽ എത്തുന്ന ആളുകളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്.

കേരളത്തിലെ മറ്റൊരു സ്ഥലത്തിന്റെയും പേരിനോട് യാതൊരു സാമ്യവും തോന്നാത്ത പേരാണ് സുൽത്താൻ ബത്തേരിയുടേത്. ടിപ്പു സുൽത്താൻ ഒരു കാലത്ത് തന്റെ ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരു ഇടമായി ആയിരുന്നു ഈ സ്ഥലത്തെ കണ്ടിരുന്നത്. സുൽത്താൻസ് ബാറ്ററി എന്ന വാക്കിൽ നിന്നുമാണ് പില്ക്കാലത്ത് ഇവിടം സുൽത്താൻ ബത്തേരിയായത്. പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ എന്ന വാക്കും സുൽത്താൻ ബത്തേരിയോട് ചേർത്തു വയ്ക്കാറുണ്ട് ചില ചരിത്രകാരൻമാർ. അതിനും മുൻപ് കന്നഡയിൽ ഹന്നരഡു വീധി എന്നും ഇവിടം അറിയപ്പെട്ടിരുന്നുവത്രെ!

വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ് കേരളത്തിലെ എല്ലാ സഥലങ്ങളിൽ നിന്നും ജനങ്ങൾ കുടിയേറിപ്പാർക്കുന്ന പ്രദേശം. കേരളത്തിലെ ആദിവാസികളിൽ ഭൂരിഭാഗവും താമസിക്കുന്നത് സുൽത്താൻ ബത്തേരി ഉൾപ്പെട്ട വയനാട് ജില്ലയിലാണ്. പണിയ,കാട്ടു നായ്ക്ക,കുറുമ,ഊരാളി എന്നീ വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്. ഇതിൽ കുറുമർ സ്വന്തമായി ഭൂമിയുള്ളവരും വിദ്യാഭ്യാസപരമായി ഉയർന്നവരുമാണ്.

കർണ്ണാടകയിലെ നാഗർഹോളയ്ക്കും ബന്ദിപ്പൂരിനും തമിഴ്നാട്ടിലെ മുതുമലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വയനാട് വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ കാടുകളിലേക്കും പച്ചപ്പുകളിലേക്കും ഉള്ള ഒരു കവാടം കൂടിയാണ് ഇവിടം. വന്യജീവി സങ്കേതത്തിനോട് ചേർന്നു കിടക്കുന്നതിനാൽ വയനാട്ടിലെ മറ്റൊരുടത്തും കാണാൻ സാധിക്കാത്ത ജൈവവൈവിധ്യം ഇവിടെ കാണാം.

1400 എ ഡി മുതൽ ഈ പട്ടനത്തിൽ ജനവാസം ആരംഭിച്ചതായി തെളിഞ്ഞിട്ടുണ്ട്. കർണ്ണാടകത്തിൽ നിന്നും വന്ന ജൈനരാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ എന്നു കരുതപ്പെടുന്നു. നേരത്തെ ആദിവാസികൾ മാത്രമുണ്ടായിരുന്ന സുൽത്താൻ ബത്തേരിക്ക് ഹെന്നരു ബീഡികെ എന്ന പേരു നൽകിയതു ജൈനരാണ്. ഇവർ ഗതാഗതത്തിനു ഉപയോഗിച്ചിരുന്ന കാനന പാത പിന്നീടു ടിപ്പു സുൽത്താൻ വികസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാതകളിലൊന്നായ ഈ പാത പിന്നീടു വി പി സിങിന്റെ ഭരണ കാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ പി ഉണ്ണിക്കൃഷ്ണൻ ദേശീയ പാതയാക്കി (ദേശീയപാത 212 ) ഉയർത്തി. എന്നാൽ ഇപ്പോൾ രാത്രി കാലങ്ങളിൽ ഈ പാത കർണാടക സർക്കാർ അടയ്ക്കുന്നതിനാൽ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണ്.

തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി രണ്ടു ദിവസം ശാന്തമായി ചിലവഴിക്കാൻ പറ്റിയ സ്ഥലമാണിത്. വയനാടിന്റെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി കഠിനമായ തണുപ്പോ ചൂടോ അനുഭവപ്പെടാത്ത ഇവിടം എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 574 കിലോമീറ്റർ അകലെയാണ് സുൽത്താൻ ബത്തേരി. കോഴിക്കോട് പട്ടണത്തിൽ നിന്നും 98 കിലോമീറ്ററും മൈസൂരിൽ നിന്ന് 115 കിലോമീറ്ററും ആണ് സുൽത്താൻ ബത്തേരിയിലേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ സുൽത്താൻ ബത്തേരി വഴിയാണ് കടന്നു പോകുന്നത്. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരിയിലേക്കു ബാംഗളൂർ, മൈസൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും എപ്പോഴും ബസ്സുകൾ ലഭ്യമാണ്. ബസ് സമയങ്ങൾ അറിയുവാനായി www.aanavandi.com സന്ദർശിക്കുക.

കടപ്പാട് – വിക്കിപീഡിയ , eastcoastdaily.

1 COMMENT

  1. അദ്ദേഹത്തിനോടുള്ള ആദരവ് മൂത്ത് ഞാൻ എന്റെ പട്ടിക്ക് ടിപ്പു എന്നു പേരിട്ടു🤣🤣🤣🤣🤣

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.