ഗോവ, മൂന്നാർ എന്നിവിടങ്ങളിലെ ഹണിമൂൺ യാത്രകൾക്കു ശേഷം ഇതാ ഞങ്ങളുടെ ഇന്റർനാഷണൽ ഹണിമൂൺ ട്രിപ്പ്. എവിടേക്കാണെന്നോ? ലങ്കാവി… പേരു കേട്ടപ്പോൾ ശ്രീലങ്കയിൽ ആണെന്ന് വല്ലവരും വിചാരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റിയെന്നേ പറയാൻ പറ്റൂ. പേരിൽ ‘ലങ്ക’യുണ്ടെങ്കിലും ലങ്കാവി മലേഷ്യയിലാണ്. മലേഷ്യയിലെ പ്രധാനപ്പെട്ട ഒരു ഹണിമൂൺ സ്പോട്ടാണ് 104 ദ്വീപുകൾ ഉൾപ്പെടുന്ന ലങ്കാവി. മലേഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ തീരത്തോടടുത്തായി ആന്‍ഡമാന്‍ സമുദ്രത്തിലാണ് ഈ ദ്വീപ സമൂഹം സ്ഥിതിചെയ്യുന്നത്. മലേഷ്യയിലെ ഒരു സംസ്ഥാനമായ കേദയുടെ ഭാഗമാണ് ലങ്കാവി.

മലേഷ്യയിൽ ഞാൻ നേരത്തെ ഒരു തവണ പോയിരുന്നുവെങ്കിലും അപ്പോൾ ലങ്കാവി സന്ദർശിക്കുവാൻ സാധിച്ചിരുന്നില്ല. അങ്ങനെയാണ് ഞങ്ങളുടെ ഹണിമൂൺ ട്രിപ്പ് ലങ്കാവിയിലേക്ക് പ്ലാൻ ചെയ്യുന്നത്. ഈസി ട്രാവൽസ് ആയിരുന്നു ഞങ്ങളുടെ ട്രാവൽ ഏജൻസി. പോകുന്ന ദിവസം ഞാനും ശ്വേതയും കൂടി ഞങ്ങളുടെ കാറിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. കാർ അവിടെ പാർക്ക് ചെയ്തതിനു ശേഷം ഞങ്ങൾ ഇന്റർനാഷണൽ ടെർമിനലിലേക്ക് കയറി.

ടെർമിനലിൽ ഞങ്ങളെ കുറച്ചു ഫോളോവേഴ്സ് വന്നു പരിചയപ്പെടുകയുണ്ടായി. തിരക്ക് കുറവായിരുന്നതിനാൽ ചെക്ക് ഇൻ, ഇമിഗ്രെഷൻ പരിശോധനകൾ എല്ലാം വേഗത്തിൽ കഴിഞ്ഞു. എല്ലാം കഴിഞ്ഞു ഞങ്ങൾ ലോഞ്ചിലേക്ക് കയറി. ലോഞ്ചിലും അധികം ആളുകൾ ഉണ്ടായിരുന്നില്ല. ഞങ്ങൾ ലോഞ്ചിൽ കയറിയപ്പോൾ വൈകുന്നേരം ആറര ആയിരുന്നു. രാത്രി എട്ടര വരെ ഞങ്ങൾക്ക് സമയമുണ്ടായിരുന്നു. വീഡിയോ എഡിറ്റിങ് ഒക്കെ പൂർത്തിയാക്കാനും ഉണ്ടായിരുന്നു. ഒരു സൂപ്പൊക്കെ കുടിച്ച് ഞാൻ പതിയെ വർക്കിലേക്ക് മുഴുകി. ശ്വേത ഫോണിൽ പാട്ടു കേൾക്കുവാനും തുടങ്ങി.

അങ്ങനെ ഞങ്ങളുടെ വിമാനത്തിന്റെ സമയമായി. എയർ ഏഷ്യയായിരുന്നു ഞങ്ങൾക്കു പോകേണ്ടിയിരുന്ന വിമാനം. എയർ ഏഷ്യയിൽ ശ്വേത ഇതുവരെ കയറിയിട്ടുണ്ടായിരുന്നില്ല. മലേഷ്യയിൽ തമിഴ് വംശജർ കൂടുതലായതിനാൽ വിമാനത്തിൽ തമിഴ് അനൗൺസ്മെന്റും ഉണ്ടായിരുന്നു. ഞാൻ മുൻപ് മലേഷ്യയിൽ പോയപ്പോൾ ഇതു കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യ തവണയായിരുന്നതിനാൽ ശ്വേത ഒന്നു ഞെട്ടി. ഇതൊക്കെയെന്ത് എന്നമട്ടിൽ ഞാനും ഇരുന്നു. അങ്ങനെ വിമാനം ഞങ്ങളെയും വഹിച്ചുകൊണ്ട് പറന്നുയർന്നു. ശ്വേതയ്ക്ക് വിൻഡോ സീറ്റ് കൊടുക്കാതിരുന്നതിനാൽ പുള്ളിക്കാരി അൽപ്പം പിണങ്ങിയായിരുന്നു ഇരുന്നത്. പതിയെപ്പതിയെ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണു.

ക്വലാലംപൂരിൽ ഇറങ്ങുന്നതിനു മുൻപായുള്ള പൈലറ്റിന്റെ അറിയിപ്പ് കേട്ടാണ് പിന്നെ ഞങ്ങൾ ഉണർന്നത്. ഇന്ത്യൻ സമയം ഒരുമണിയോടെയാണ് ഞങ്ങൾ എയർപോർട്ടിൽ ഇറങ്ങിയത്. മലേഷ്യൻ സമയം രാവിലെ 7.15 നായിരുന്നു അവിടുന്ന് ലങ്കാവിയിലേക്കുള്ള ഞങ്ങളുടെ അടുത്ത ഫ്‌ളൈറ്റ്. ഇമിഗ്രെഷൻ ചെക്കിംഗുകൾ എല്ലാം കഴിഞ്ഞു ഞങ്ങൾ അവിടത്തെ ആഭ്യന്തര ടെർമിനലിലേക്ക് നീങ്ങി. ആഭ്യന്തര ടെർമിനലിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ഏകദേശം ഒന്നര മണിക്കൂർ സമയം ഞങ്ങൾ അവിടത്തെ വെയിറ്റിങ് ഏരിയയിൽ ഇരുന്നു ഉറങ്ങി. ശ്വേതയ്ക്ക് ആണെങ്കിൽ ഉറക്കം മതിയായിട്ടുണ്ടായിരുന്നില്ല താനും.

ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോൾ അവിടെയൊക്കെ കുറച്ചാളുകൾ വന്നു തുടങ്ങിയിരുന്നു. ബോർഡിംഗ് ഓപ്പൺ ആയപ്പോൾ ഞങ്ങൾ വിമാനത്തിലേക്ക് കയറി. ക്വലാലംപൂരിൽ നിന്നും ലങ്കാവിയിലേക്ക് ഒരു മണിക്കൂർ വിമാനയാത്രയുണ്ട്. ആ ഒരു മണിക്കൂർ സമയവും കൂടി ഞങ്ങൾ ഉറക്കത്തിനായി മാറ്റിവെച്ചു. അങ്ങനെ ഒരു മണിക്കൂറിനു ശേഷം ഞങ്ങൾ ലങ്കാവിയിൽ ഇറങ്ങി. ഒരു ചെറിയ മനോഹരമായ എയർപോർട്ട് – അതായിരുന്നു ലങ്കാവി. ഞങ്ങൾ വിമാനത്തിൽ നിന്നും ഇറങ്ങിയപ്പോൾ അൽപ്പം മഴ പൊടിയുന്നുണ്ടായിരുന്നു.

ടെർമിനലിലേക്ക് കയറി എല്ലാ ചെക്കിംഗിനും ശേഷം ഞങ്ങൾ ബാഗേജ് കളക്ട് ചെയ്യുവാനായി നീങ്ങി. ബാഗും എടുത്തുകൊണ്ട് ഞങ്ങൾ എയർപോർട്ടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ വലിയൊരു വാനുമായി ഞങ്ങളെയും കാത്ത് ട്രാവൽ ഏജൻസി ഏർപ്പാടു ചെയ്ത ഡ്രൈവർ നിൽക്കുന്നുണ്ടായിരുന്നു. വണ്ണമുള്ള ഞങ്ങളുടെ ഡ്രൈവർ ആളൊരു രസികനായിരുന്നു. ഞങ്ങൾ എയർപോർട്ടിൽ നിന്നും താമസിക്കുവാനുള്ള ഹോട്ടലിലേക്ക് യാത്രയായി. മലകളും പച്ചപ്പു നിറഞ പാടങ്ങളും ഒക്കെയായി കാഴ്ചകളെല്ലാം നമ്മുടെ നാട്ടിലേതു പോലെതന്നെയായിരുന്നു.

കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾക്ക് താമസിക്കുവാനായി ബുക്ക് ചെയ്തിരുന്ന ഓഷ്യൻസ് റെസിഡൻസ് എന്ന ഹോട്ടലിൽ എത്തിച്ചേർന്നു. അഞ്ച് ദിവസത്തേക്കാണ് ഇവിടെ ഞങ്ങളുടെ താമസം ബുക്ക് ചെയ്തിരുന്നത്. ബ്രേക്ക്ഫാസ്റ്റ് ഉൾപ്പെടെ അഞ്ചു ദിവസത്തേക്ക് 20,000 രൂപയായിരുന്നു ഹോട്ടൽ ചാർജ്ജ്. ഞങ്ങളുടെ റൂം റെഡിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാനായി ഞങ്ങൾ ആ സമയം വിനിയോഗിച്ചു. ഇനി അഞ്ചു ദിവസം ഞങ്ങൾ ഇവിടെ അടിച്ചുപൊളിക്കുവാൻ പോകുകയാണ്. ലങ്കാവിയിലെ കലക്കൻ കാഴ്ചകൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം.

മലേഷ്യയിലെ ഒരു കിടിലൻ ഹണിമൂൺ ഡെസ്റ്റിനേഷനാണ് ലങ്കാവി ഐലൻഡ്. 35,000 രൂപ മുതലുള്ള പാക്കേജുകൾ ലഭ്യമാണ്. ലങ്കാവി വിവരങ്ങൾക്ക് Eizy Travels നെ വിളിക്കാം: 9387676600, 8589086600.

LEAVE A REPLY

Please enter your comment!
Please enter your name here