കേരളത്തിലെ പേരുകേട്ട (കുപ്രസിദ്ധമായ എന്നു വേണമെങ്കിലും പറയാം) ഒരു ടോൾ പ്ലാസയാണ് തൃശ്ശൂരിലെ പാലിയേക്കരയിലേത്. തുടക്കം മുതലേയുള്ള പ്രശ്നങ്ങൾ ഇന്നും പാലിയേക്കര ടോൾ പ്ലാസയെ വിട്ടൊഴിയുന്നില്ല. യാത്രക്കാർക്കു നേരെ ജീവനക്കാരുടെ ഗുണ്ടായിസവും അതിക്രമവും നാൾക്കുനാൾ വർധിച്ചു വരികയാണ്.
ഇക്കഴിഞ്ഞ ഓണക്കാലത്ത് കുടുംബവുമായെത്തിയ രണ്ടു കാർ യാത്രക്കാരാണ് ടോൾ ബൂത്തിലെ ജീവനക്കാരുടെ ഗുണ്ടായിസത്തിനു ഇരയായത്. മുൻകൂർ പണമടച്ച് ടോൾ ബൂത്തുകളിൽ ക്യൂ നിൽക്കാതെ പോകുവാനുള്ള സംവിധാനമായ ഫാസ്റ്റാഗ് ഉപയോക്താക്കളായവരുടെ വാഹനങ്ങൾ ഫാസ്റ്റാഗ് ലൈനിൽ പ്രവേശിപ്പിക്കുവാൻ അനുവദിക്കാതെ സാധാരണ ക്യൂവിൽ കിടക്കുവാൻ പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനു തയ്യാറാകാതിരുന്നവരുടെ കാറിന്റെ മുൻവശത്തെ ചില്ല് അടിച്ചു തകർത്താണ് ടോൾബൂത്ത് ഗുണ്ടകൾ ഭീഷണി മുഴക്കിയത്.
ഇതേ പ്രശ്നത്താൽ ഫാസ്റ്റാഗ് ലൈനിൽ പ്രവേശിപ്പിക്കാത്തതിനെ ചോദ്യം ചെയ്യുന്നതിനിടെ മറ്റൊരു കാർ യാത്രികനെ ടോൾബൂത്ത് ജീവനക്കാരൻ ആക്രമിച്ചത് കമ്പിവടി കൊണ്ടായിരുന്നു. ഒപ്പം അസഭ്യവർഷവും വണ്ടി തകർക്കുമെന്ന ഭീഷണിയും വേറെ. മേൽപ്പറഞ്ഞ രണ്ടു ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയെങ്കിലും പൊലീസോ വേണ്ടപ്പെട്ട അധികാരികളോ ഇതിനെതിരെ ചെറുവിരലനക്കുവാൻ പോലും തയ്യാറായില്ല എന്നതാണ് മറ്റൊരു വിരോധാഭാസം.
എന്താണ് ഈ ഫാസ്റ്റാഗ്? പ്രത്യേക വരിയിലൂടെ ടോൾ ജങ്ഷനുകളിൽ വാഹനങ്ങൾ കടന്നുപോകാൻ അവസരമൊരുക്കുന്നതാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ. ഇവ പതിപ്പിച്ച വാഹനങ്ങൾക്ക് ടോൾ ജംങ്ഷനുകളിൽ കാത്തുകിടപ്പും സമയനഷ്ടവും ഒഴിവാക്കാം. ദേശീയപാതാ അതോറിറ്റിയും (എൻഎച്ച്എഐ) റിസർവ് ബാങ്കിന്റെ കീഴിലുള്ള നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യും ചേർന്നാണ് ഫാസ്റ്റാഗ് സ്റ്റിക്കറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഫാസ്റ്റാഗ് സംവിധാനമുള്ള വാഹനങ്ങൾക്കായി ടോൾ ബൂത്തുകളിൽ പ്രത്യേകം ലെയ്ൻ ഉണ്ടായിരിക്കും. പാലിയേക്കരയിലും ഇതിനായി പ്രത്യേകം ലെയ്ൻ ഉണ്ടെന്നിരിക്കെയാണ് അതുവഴി കടന്നുപോയ ഫാസ്റ്റാഗ് സ്റ്റിക്കർ പതിച്ച വാഹനങ്ങൾ തടഞ്ഞു നിർത്തി ജീവനക്കാർ തെമ്മാടിത്തരം കാണിക്കുന്നത്.
ഇതിനു മുൻപും പലതവണ ഇതുപോലുള്ള സംഭവങ്ങൾ വീഡിയോകൾ സഹിതം പുറത്തുവന്നിട്ടുണ്ടെങ്കിലും വേണ്ടപ്പെട്ടവരുടെ മൗനം പൊതുജനത്തെ രോഷംകൊള്ളിക്കുകയാണ്. സ്ത്രീകൾക്ക് നേരെ വരെ അതിക്രമങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ എല്ലായിടത്തും ഷെയർ ചെയ്യപ്പെട്ടെങ്കിലും അധികാരികൾ ആരും ഇതൊന്നും കണ്ട ഭാവം നടിച്ചില്ല.
ടോൾ പ്ലാസയിലെ ഗുണ്ടായിസത്തിനെതിരെ സെലിബ്രിറ്റികൾ അടക്കമുള്ളവർ പ്രതികരിച്ചുവെങ്കിലും യാതൊരുവിധ കൂസലുമില്ലാതെയാണ് ടോൾപ്ലാസ അധികൃതരുടെ മനോഭാവം. പണം കൊടുത്ത്, തെറിവിളി കേട്ട്, തല്ലുകൊണ്ട് ടോൾ പ്ലാസ കടന്നുപോകേണ്ട ഗതികേടാണ് ഇപ്പോൾ യാത്രക്കാർക്ക്. പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഒന്നോർത്തു നോക്കൂ, കയ്യിലെ കാശും കൊടുത്ത് കണ്ടവരുടെ അടികൊള്ളേണ്ട കാര്യം നമുക്കുണ്ടോ? കൂട്ടായി നിന്നു പ്രതികരിക്കണം… സിനിമകൾ കാണുമ്പോൾ അതിൽ നായകനും കൂട്ടരും പ്രതികരിക്കുന്ന സീനുകൾ കയ്യടിക്കാൻ മാത്രമല്ല, ആവശ്യമുള്ളപ്പോൾ ജീവിതത്തിലും പ്രയോഗികമാക്കുവാൻ വേണ്ടിയുള്ളതാണ്.